പാന് 2.0 അതിവേഗം, സുരക്ഷിതം: അറിയാം നികുതി സംവിധാനത്തിലെ ഈ വിപ്ലവം

Mail This Article
നിങ്ങളുടെ പാൻ (Permanent Account Number) കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ അതിവേഗവും പേപ്പർരഹിതവും സുരക്ഷിതമായും ഉപയോഗിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെയൊരു ആഗ്രഹത്തെ യാഥാർഥ്യമാക്കുകയാണ് ആദായ നികുതിവകുപ്പിന്റെ PAN 2.0 എന്ന പുതിയ സംവിധാനം.
നികുതിദായകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം, ഓൺലൈൻ സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഈ പുതിയ പ്ലാറ്റ്ഫോം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്.
എന്താണ് PAN 2.0?
പാൻകാർഡുമായി ബന്ധപ്പെട്ട അല്ലെങ്കിൽ TAN(Tax Deduction and Collection Account Number)മായി ബന്ധപ്പെട്ട പല സേവനങ്ങൾ വിവിധ പ്ലാറ്റ്ഫോമുകളിൽ, വിവിധ സ്ഥലങ്ങളിലായാണ് ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. ഇതെല്ലാം ഒരുമിച്ചു ചേർത്തുകൊണ്ട് ഒരു സ്ഥലത്ത് ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് പാൻ 2.0 കൊണ്ടുവരുന്നത്. ഇതിലൂടെ പാൻ-ടാൻ സേവനങ്ങൾ കടലാസ് രഹിതമാകും.
അതുവഴി ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടുതൽ ഉപഭോക്തൃ സൗഹൃദവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. പാൻകാർഡ് എടുക്കൽ, ഡാറ്റ പുതുക്കൽ, ആധാർ ലിങ്കിങ്, വെരിഫിക്കേഷൻ എന്നിവയെല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ വേഗത്തിൽ പൂർത്തിയാക്കാം. പാൻ സിസ്റ്റത്തിലെ വിവിധ സേവനങ്ങളെ ആധുനിക സാങ്കേതിക വിദ്യകളുമായി ചേർത്താണ് പാൻ 2 രൂപകൽപന ചെയ്തിരിക്കുന്നത്.

പഴയ പാനിന് എന്തു സംഭവിക്കും?
പഴയ പാൻകാർഡുകൾ ഇപ്പോഴും പൂർണമായും സാധുവാണ്. പാൻ 2.0 വന്നാലും നിങ്ങളുടെ പാൻ നമ്പറുകൾ മാറില്ല. റിട്ടേൺ ഫയലിങ് ഉൾപ്പെടെ നികുതിസംബന്ധമായ എല്ലാ സേവനങ്ങളും നിങ്ങളുടെ നിലവിലെ പാൻ ഉപയോഗിച്ചു തുടരാം. PAN 2.0 വഴി പാൻ സംവിധാനത്തിൽ ചില സാങ്കേതിക പുതുമകൾ ഉൾപ്പെടുത്തുമെന്നു മാത്രം. പഴയ പാൻകാർഡുകൾ ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ല.
പാൻ 2.0 ലേക്കു മാറ്റണോ?
പാൻ 2.0ലേക്കു മാറണമെന്നത് നിർബന്ധമല്ല. PAN 2.0 ഒരു സിസ്റ്റം നവീകരണം മാത്രമാണ്. പാൻ നമ്പറിന്റെയോ കാർഡിന്റെയോ നിർബന്ധിത മാറ്റം അല്ല. പഴയ പാൻ സാധുവാണെങ്കിലും പുതിയ സാങ്കേതിക സൗകര്യങ്ങൾക്കായി ഡൈനാമിക് ക്യുആർ കോഡുള്ള പുതിയ പാൻകാർഡ് വേണമെങ്കിൽ എടുക്കാം. നിർബന്ധമല്ല.
PAN 2.0യിലെ e-PAN സൗജന്യമോ?
PAN 2.0വഴി e-PAN സൗജന്യമായി ലഭിക്കും. ഇതു നിങ്ങളുടെ റജിസ്റ്റർ ചെയ്ത ഇ–മെയിലിലേക്കു ഡിജിറ്റൽ രൂപത്തിൽ ലഭിക്കും.
പേപ്പർ പാനിന് എങ്ങനെ അപേക്ഷിക്കാം?
e-PAN, പേപ്പർ പാൻപോലെതന്നെ നിങ്ങൾക്ക് എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം. ഇനി പേപ്പർ രൂപത്തിൽ തന്നെ പാൻ വേണമെങ്കിൽ 50 രൂപ ഫീസ് അടച്ച് പോർട്ടലിൽതന്നെ അപേക്ഷിക്കാം.
രണ്ടു പാൻ പ്രശ്നമാണോ ?
ഒരു വ്യക്തി ഒന്നിലധികം പാൻ കൈവശംവയ്ക്കുന്നത് നിയമവിരുദ്ധമാണ്. PAN 2.0ലെ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് Duplicate PAN തിരിച്ചറിയുകയും ഡാറ്റ വെരിഫിക്കേഷൻവഴി അസാധുവായ പാൻ റദ്ദാക്കുകയും ചെയ്യുന്നു. ഒരു പാൻ നമ്പർ മാത്രം നിലനിർത്താൻ പുതിയ യൂണിഫൈഡ് പോർട്ടൽ പ്രക്രിയ കൂടുതൽ സഹായകമാണ്. ഇതിലൂടെ നികുതി സമർപ്പണത്തിലെ പിഴവുകൾ തടയാനും കഴിയുന്നു.
ബിസിനസുകാർക്കായി കോമൺ ബിസിനസ് ഐഡന്റിഫയർ
PAN 2.0ൽ പാൻനമ്പർ ബിസിനസുകൾക്കായുള്ള ഒരു യൂണിഫൈഡ് ഐഡന്റിറ്റിയായി ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. അതിനായി ഒരു കോമൺ ബിസിനസ് ഐഡന്റിഫയർ ഇതിലുണ്ടാകും. അതിനാൽ ബിസിനസ് ലൈസൻസുകൾ, നികുതി ഫയലിങ്, സർക്കാർ റിപ്പോർട്ടിങ് എന്നിവയ്ക്കായി പാൻ ഉപയോഗിക്കാൻ സാധിക്കും.

അതോടെ ഒട്ടനവധി ബിസിനസ് റജിസ്ട്രേഷൻ നമ്പറുകളുടെ (GSTIN, EPFO, IE Code തുടങ്ങിയ) ആവശ്യം കുറച്ച്, ഒരു ഐഡന്റിഫിക്കേഷൻ മാത്രം ഉപയോഗിച്ച് ബിസിനസ് മാനേജ്മെന്റ് എളുപ്പമാക്കാം. ഇത് പാൻനമ്പറിന്റെ പ്രാധാന്യം വർധിപ്പിക്കും. മാത്രമല്ല ഇത് ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കും.
പാൻ 2.0 – ഡൈനാമിക് ക്യുആർ കോഡ്: ഒരു പുതിയ മുന്നേറ്റം
പാൻ 2.0ൽ പുതിയ പാൻകാർഡുകൾ ഡൈനാമിക് ക്യുആർ കോഡുമായാണ് വരുന്നത്. ഈ ക്യുആർ കോഡ് നിങ്ങളുടെ പാൻ ഡാറ്റാബേസിലെ ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങിയതാണ്. പേര്, പാൻനമ്പർ, ജനനത്തീയതി അടക്കം നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ഡിജിറ്റൽ രീതിയിൽ പരിശോധിക്കാനും വെരിഫൈ ചെയ്യാനും ഈ ക്യൂ ആർ കോഡിലൂടെ സാധിക്കും.
അച്ചടിച്ച പാൻകാർഡിലെ വിവരങ്ങൾക്ക് സമാനമായ കൃത്യത ക്യുആർ കോഡിൽ ലഭ്യമാണ്. വ്യാജ കാർഡുകൾ തടയാനും വെരിഫിക്കേഷൻ എളുപ്പമാക്കാനും ഇതു സഹായിക്കും. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രായോഗിക മുന്നേറ്റം തന്നെയാണ് ഡൈനാമിക് ക്യുആർ കോഡ്.
ലേഖകൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്