ആ ഫോട്ടോ ഷൂട്ട് തട്ടിപ്പാകും, വീഴല്ലേ വീട്ടമ്മമാരെ!

Mail This Article
ബ്രാൻഡഡ് വസ്ത്രകമ്പനികളുടെ പരസ്യത്തിനായി വീട്ടമ്മമാരെയും കുട്ടികളെയും തിരഞ്ഞെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പിനു വലവിരിക്കുന്നത്. പോസ്റ്റിലെ ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുന്നതോടെ ഫോട്ടോ ആവശ്യപ്പെടും. അയച്ചാൽ ഫോട്ടോഷൂട്ടിനു തിരഞ്ഞെടുത്തതായി സന്ദേശം ലഭിക്കും. അതിൽ വീഴുന്നവരെ മോഹനവാഗ്ദാനം നൽകി ഷൂട്ടിനുവേണ്ട വസ്ത്രത്തിനും മേക്കപ്പിനുമുള്ള ചെലവിനായി 5,000 മുതൽ 25,000 രൂപവരെ ആവശ്യപ്പെടും. പറയുന്ന അക്കൗണ്ടിലേക്കു പണം അയയ്ക്കുന്നതോടെ അവർ മുങ്ങും. പിന്നെ ബന്ധപ്പെടാനാകില്ല. അപ്പോഴേ തട്ടിപ്പിന് ഇരയായെന്നു മനസ്സിലാകൂ.
തൊഴിലിന്റെ പേരിലും തട്ടിപ്പ്
ജോലിക്കു കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുസംഘവും സജീവമാണ്. എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥനെന്ന വ്യാജേനയുള്ള ഫോൺവിളിയാണ് തുടക്കം. സീനിയോറിറ്റി ലിസ്റ്റ് പ്രകാരം ജോലി ശരിയായിട്ടുണ്ടെന്നും സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോട്ടോയും വാട്സാപ് ചെയ്യാനും ആവശ്യപ്പെടും. ഇര ചൂണ്ടയിൽ കുടുങ്ങിയാൽ, നിശ്ചിത വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടും. അതില്ലെന്നു പറഞ്ഞാൽ സംഘടിപ്പിച്ചുതരാനായി പണം ആവശ്യപ്പെടും. പണം അയച്ചാൽ പിന്നെ പൊടിപോലുമുണ്ടാകില്ല.

തട്ടിപ്പിൽ വീഴാതിരിക്കാൻ
∙പണം അയയ്ക്കാനുള്ള അപരിചിത ലിങ്കുകളിൽ ക്ലിക് ചെയ്യരുത്.
∙വിളിക്കുന്നയാളുടെ/പണം ആവശ്യപ്പെടുന്നതിന്റെ യാഥാർഥ്യം പരിശോധിക്കുക.
∙സൈബർതട്ടിപ്പിന് ഇരയായെന്നു മനസ്സിലാക്കിയാൽ ഉടൻ 1930ലേക്കു വിളിക്കുക.
∙cybercrime.gov.inൽ റിപ്പോർട്ട് ചെയ്യാം.
∙പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്