പോളിസികള്‍ക്കും വേണം ഇന്‍ഷുറന്‍സ്, എന്തിനെന്നോ?

Mail This Article
‘നിങ്ങളില്ലാതായാല്‍ കുടുംബം നിങ്ങളാഗ്രഹിച്ചപോലെ ജീവിക്കേണ്ടേ...’ എന്ന അതിവൈകാരികത നിറഞ്ഞ ചോദ്യം. ഒപ്പം ബിജിഎം ഒക്കെയിട്ട് കൊഴുപ്പിച്ചിരിക്കുന്നു. ഒരു ഇന്‍ഷുറന്‍സ് സമ്മിറ്റിലെ എന്റെ പ്രസംഗം ഇന്‍സ്റ്റ പേജില്‍ റീലാക്കിയിട്ടിരിക്കുന്നു. 128 ഷെയര്‍. 2.7K ലൈക്‌സ്. 300 കമന്റ്സ്. ഞാന്‍ ലിങ്ക് ഭാര്യയ്ക്കിട്ട്, തെല്ലഹങ്കാരത്തോടെ മറുപടിക്കായി കാത്തു.
വന്നത് ഭാര്യയുടെ വക ഒരു സ്‌ക്രീന്‍ഷോട്ട്. റീലിനു താഴെ ആരോ ഇട്ട കമന്റാണ്: ‘മരണഭയവും കുടുംബസ്‌നേഹവും മുതലാക്കി പോളിസി വില്‍ക്കാനുള്ള ഓരോ വേലകള്‍...’
കുറ്റം മാത്രം കാണാനാണല്ലോ എല്ലാവര്‍ക്കും ഇഷ്ടം എന്ന നെടുവീർപ്പോടെ ഞാന്‍ കമന്റ് ബോക്‌സ് തുറന്നു. പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി തടഞ്ഞുവച്ചിരി ക്കുന്നത് 3.72 ലക്ഷം പേരുടെ പോളിസികളാണ് എന്നാണ് ഒരു കമന്റ്. താഴെ മറ്റൊരാളിന്റെ അപ്ഡേറ്റ്, 3,726 കോടിയാണ് അവകാശികളില്ലെന്ന പേരിൽ കൊടുക്കാതെവച്ചിരിക്കുന്നത്. അതിൽ 3.64 കോടി രൂപയുടെ ഡെത്ത് ക്ലെയിമും ഉണ്ടത്രേ.
പൊങ്കാല ഉറപ്പാണെങ്കിലും ഈ വിവരക്കേട് കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ? ‘കാലാവധി പൂര്‍ത്തിയാക്കിയിട്ടും ആരും ക്ലെയിം ചെയ്യാതെ, അനാഥമായിക്കിടക്കുന്ന പോളിസികളാണിത്,’ ഞാന്‍ കമന്റ് ചെയ്തു.പിന്നെ മറുകമന്റുകളുടെ പ്രളയമായിരുന്നു. ‘ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങളെല്ലാം കമ്പനിയുടെ കയ്യിലുണ്ടല്ലോ, പിന്നെന്താണ് അവകാശികളെ കണ്ടെത്താത്തത്?’ എന്നായിരുന്നു ഒരു സംശയം.
‘കാലാവധി കഴിയുമ്പോൾ എസ്എംഎസ്, ഇമെയില്‍ എന്നിവവഴി കമ്പനികൾ പോളിസി ഉടമകളെ അറിയിക്കും,’ എന്ന് ഞാൻ. ഉടനെ വന്നു അടുത്ത ചോദ്യം: ‘പിന്നെ എങ്ങനെ ഇത്രയും പോളിസികള്‍ അവകാശികളില്ലാതെ കിടക്കുന്നു?’ ‘പോളിസി ഉടമ മരിച്ചിട്ടുണ്ടാകും, നോമിനിയെ പോളിസിയുടെ കാര്യം അറിയിച്ചിട്ടുണ്ടാകില്ല. മറന്നുപോകാം. നല്‍കിയിട്ടുള്ള അഡ്രസോ ഇമെയിലോ ഫോണ്‍നമ്പറോ മാറാം. ഇതെല്ലാം കാരണമാണ്. പിന്നെ ഈ പണം കമ്പനിക്ക് എടുക്കാനാകില്ല. അതു സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്കു മാറ്റണം.’

അപ്പോള്‍ അടുത്ത ചോദ്യം: ‘വെല്‍ഫയര്‍ ഫണ്ടിലേക്കു മാറ്റിയശേഷം അവകാശി വന്നാലോ?’
‘കാലാവധി കഴിഞ്ഞ് 25 വര്‍ഷത്തിനകം എപ്പോൾ
അവകാശി വന്നാലും തുക നല്‍കണം. അവകാശി ഇല്ലാത്ത പോളിസി തിരിച്ചറിയാന്‍ എല്ലാ കമ്പനികളുടെയും വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. ഉടമയുടെ പേര്, പോളിസി നമ്പര്‍, പാന്‍-ആധാര്‍ നമ്പര്‍ എന്നിവ നൽകി പരിശോധിക്കാം.’
‘നാം പോളിസിയെടുക്കുന്നതു കുടുംബത്തിനു വേണ്ടിയാണ്. പ്രത്യേകിച്ചും ടേം പോളിസികള്‍. അവ എടുക്കുമ്പോഴേ വിവരം കുടുംബത്തെ, നോമിനിയെ അറിയിക്കണം. സ്വയം കൈവശംവച്ചിരുന്നിട്ട് കാര്യമില്ല. ഡയറിയില്‍ വിവരങ്ങളെഴുതി സൂക്ഷിക്കാം. മറന്നാൽ സ്വയം ഓര്‍ത്തെടുക്കാനും സഹായിക്കും. നടപടിക്രമങ്ങള്‍ പാലിച്ചാലേ ക്ലെയിംതുക നല്‍കാന്‍ കമ്പനികള്‍ക്കു കഴിയൂ. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതു കമ്പനി അറിയണം എന്നില്ലല്ലോ.’
‘ഇത്തരം കാര്യങ്ങൾ സസ്‌പെന്‍സാക്കി വയ്ക്കുകയാണ് എന്റെ പതിവ്. പക്ഷേ, നമ്മള്‍ പടമായാല്‍ അതെല്ലാം പാഴായിപ്പോകുമെന്ന് ഇപ്പോഴാണ് അറിയുന്നത്. സാറിനു നല്ല നമസ്‌കാരം.’ ഈ കമന്റു വായിച്ചതോടെ ഞാൻ ഇൻസ്റ്റ അടച്ചു.
പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ jayakumarkk@gmail.com
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്