തിളങ്ങി ത്രൈമാസ ഫലം, പിന്നാലെ മുന്നേറ്റത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്

Mail This Article
ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ലാഭം കരസ്ഥമാക്കിയതിന്റെ പിന്നാലെ ഡിജിറ്റൽ– ശാഖാ ബാങ്കിങ് സൗകര്യം വിപുലീകരിച്ച് മുന്നേറ്റത്തിനൊരുങ്ങുകയാണ് തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്. കുതിപ്പിന് മുന്നോടിയായി കാക്കനാട് ഇന്‍ഫോപാർക്കിന് സമീപം ബാങ്കിന്റെ വിപുലമായ അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രവർത്തനമാരംഭിക്കും.
ടെക്നോളജിയുടെ പിന്തുണയിൽ വിവിധ ബാങ്കിങ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ബാങ്ക് തയാറെടുക്കുകയാണ്. 97ാം വയസിലേയ്ക്ക് കടക്കുന്ന ബാങ്കിന്റെ വിപുലീകരണ പദ്ധതികളെക്കുറിച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോൾഫി ജോസ് മനോരമ ഓൺലൈനുമായി പങ്ക് വച്ചു.
ഇത്തവണ ശ്രദ്ധേയമായ ത്രൈമാസ ഫലങ്ങളാണല്ലോ സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയിട്ടുള്ളത്?

ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പ്രവർത്തനഫലങ്ങളാണ് കഴിഞ്ഞ ദിവസം വന്നത്. ഇത് ഞങ്ങൾക്ക് കൂടുതൽ ശുഭാപ്തി വിശ്വാസം നൽകുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 341.8 കോടി രൂപയാണ് ലാഭം. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്. പ്രവർത്തന ലാഭം മുൻ വർഷത്തെ 483.4 കോടിയിൽ നിന്ന് 528.8 കോടി രൂപയായി. റീട്ടെയ്ൽ നിക്ഷേപങ്ങൾ 1,02,420 കോടി രൂപയിലും എൻആർഐ നിക്ഷേപം 31,132 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
വായ്പാ വിതരണം 77,686 കോടിയിൽ നിന്ന് 86,966 കോടിയിലെത്തി. കോർപറേറ്റ് വായ്പകൾ 16.9% വാർഷിക വർധനയോടെ 29,892 കോടിയിൽ നിന്നു 34,956 കോടി രൂപയിലെത്തി. വ്യക്തിഗത വായ്പ 2,186 കോടിയിൽ നിന്ന് 2,249 കോടിയായും സ്വർണ വായ്പകൾ 15,369 കോടിയിൽ നിന്ന് 16,966 കോടിയായും വർധിച്ചു. ബാങ്കിന് രാജ്യമൊട്ടാകെ 950 ശാഖകളും1154 എടിഎമ്മുകളുമുണ്ട്.
ഭവനവായ്പ 63.9% വളർച്ചയോടെ 8,195 കോടിയും വാഹന വായ്പ 24% വളർച്ചയോടെ 1,938 കോടിയും നേടി. ഡിജിറ്റൽവൽക്കരണം ഉൾപ്പെടെയുള്ള തന്ത്രങ്ങള്‍ ഫലപ്രദമാകുന്നുണ്ടെന്നാണിത് വ്യക്തമാക്കുന്നത്. ഇതിന്റെ പിൻബലത്തിൽ ബാങ്കിങ് മേഖലയിൽ കുതിപ്പിന് തയാറെടുക്കുകയാണ് ഞങ്ങൾ. കൊച്ചിയിലേയ്ക്ക് ഭരണ നിർവഹണ വിഭാഗം ചുവടുറപ്പിക്കാനൊരുങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എന്തൊക്കെയാണ് പുതിയ വർഷത്തിൽ ബാങ്കിന്റെ മുൻഗണനകൾ?
ഡിജിറ്റൽ–ശാഖ–ശാഖേതര ബാങ്കിങ്, ഒപ്പം ഫിൻടെക്കുകളുമായുള്ള സഹകരണം എന്നിങ്ങനെ വൈവിധ്യമാർന്ന തലത്തിലുള്ള പ്രവർത്തനമാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ ചാലകശക്തികളായ ചെറുകിടക്കാർക്കും, കാലങ്ങളായി ബാങ്കിന് കരുത്ത് പകരുന്ന പ്രവാസികൾക്കും, ബാങ്കിൽ വിശ്വാസമർപ്പിച്ചിട്ടുള്ള സാധാരണക്കാർക്കുമൊക്കെ മികച്ച സേവനങ്ങള്‍ ചെലവ് കുറഞ്ഞരീതിയിൽ അവതരിപ്പിക്കാനാകും.
ഞങ്ങളുടെ എസ്ഐബി മിറർ, ജിഎസ്ടി പവർ, ഇ ലോക്ക് പോലുള്ള ഉൽപ്പന്നങ്ങൾ ഇതിനുദാഹരണങ്ങളാണ്. ഇടപാടുകാർക്ക് ലോകത്തിന്റെ എവിടെയിരുന്നും ഏത് നേരത്തും തടസമില്ലാത്ത ബാങ്കിങ് സേവനം ഞൊടിയിടയിൽ ചെയ്യാനിത് അവസരമൊരുക്കുന്നു. പൂർണമായും ഡിജിറ്റലായുള്ള ശാഖകളും ബിസിനസ് കറസ്പോണ്ടന്റുമാരുടെ സേവനമുപയോഗപ്പെടുത്തിയുള്ള ബാങ്കിങുമൊക്കെ വിപുലപ്പെടുത്തും.
ഈ വർഷം തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രവർത്തനം സജീവമാക്കും. ചെറുകിട മേഖലയിലുള്ളവർക്ക് ബാങ്കിന്റെ ജിഎസ്ടി പവർ, എംഎസ്എംഇ ഒഡി പോലുള്ള സേവനങ്ങൾ ഊർജിതമായി എത്തിക്കും. ചെറുകിട യൂണിറ്റുകൾക്ക് രണ്ട് കോടി രൂപവരെയും, ഉയർന്നു വരുന്ന എമേർജിങ് കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് 25 കോടി രൂപവരെയും ഇതര ചാനലുകളിലൂടെ വായ്പ ലഭ്യമാക്കും.

പ്രവാസികൾക്ക് വേണ്ടിയുള്ള സേവനങ്ങൾ എന്തൊക്കെയാണ്?
ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. കുറഞ്ഞ നിക്ഷേപ ചെലവും കാലങ്ങളായി ഇടപാടുകാരിൽ വളർത്തിയെടുത്ത വിശ്വാസവുമാണ് ഈ ബന്ധത്തിന്റെ പിന്നിലുള്ളത്. എൻ ആർഐ കൾക്ക് വായ്പ ലഭ്യമാക്കാനും നാട്ടിലേയ്ക്ക് വേഗത്തിൽ പണമയക്കാനുമായി ഗൾഫ് രാജ്യങ്ങളിലുള്ള ചില ബാങ്കിങ്, എക്സ്ചേഞ്ച് സ്ഥാപനങ്ങളുമായി ധാരണയുള്ളത് പണമിടപാടുകൾ അനായാസമാക്കുന്നു.
അവർക്കായുള്ള സാഗാ സാലറി അക്കൗണ്ടിൽ പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ ലോഞ്ച് അക്സസ്, ഡെബിറ്റ് കാർഡ്, അധിക പിൻവലിക്കൽ സൗകര്യം എന്നിവയെല്ലാമുണ്ട്. എസ്ഐബി മിറർ ആപ്പിലെ ഇ ലോക്ക്, ഇ ലിമിറ്റ് പോലുള്ള സൗകര്യങ്ങൾ പ്രവാസികളുടെ ബാങ്കിങ് ഇടപാടുകൾ സുരക്ഷിതവും അനായാസവുമാക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business