മ്യൂച്ചൽ ഫണ്ടുകൾ ഇനി 'സാഷെ പാക്കറ്റിൽ' ? തീരെ കുറഞ്ഞ തുകയ്ക്കും എസ് ഐപി എത്തുമോ?

Mail This Article
താഴ്ന്ന വരുമാനക്കാർക്കും താങ്ങാവുന്ന വിലയിൽ മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുന്നത് എളുപ്പമാക്കാൻ സെബി മ്യൂച്വൽ ഫണ്ടുകളുടെ 'സാഷറ്റൈസേഷൻ' എന്നതിനെക്കുറിച്ച് പൊതുഅഭിപ്രായം അറിയുന്നതിനായി കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി.
ഇതിൽ, SEBI 250 രൂപയുടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ (SIP) നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഡെറ്റ് സ്കീമുകൾ, സെക്ടറൽ, തീമാറ്റിക് സ്കീമുകൾ, ഇക്വിറ്റി സ്കീമുകളുടെ വിഭാഗത്തിന് കീഴിലുള്ള സ്മോൾ ക്യാപ്, മിഡ് ക്യാപ് സ്കീമുകൾ എന്നിവ ഒഴികെയുള്ള ഏത് സ്കീമിലും ചെറിയ ടിക്കറ്റ് എസ്ഐപികൾ തുടങ്ങാവുന്നതാണെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ചില അസറ്റ് മാനേജ്‌മെൻ്റ് കമ്പനികൾ ചില സ്കീമുകൾക്ക് കീഴിൽ കുറഞ്ഞ തുകയ്ക്ക് SIPകൾ അടക്കാനുള്ള സൗകര്യം നൽകുന്നുണ്ട്.

"മ്യൂച്വൽ ഫണ്ടുകളുടെ സാഷറ്റൈസേഷൻ ചെറിയ തുകയുടെ നിക്ഷേപം പതുക്കെ നടപ്പിലാക്കും. ഇത് സമ്പദ്‌വ്യവസ്ഥയിലെ താഴ്ന്ന വിഭാഗത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിക്കുകയും ഫണ്ട് ഹൗസുകളുടെ ബിസിനസ് ഇതുവരെ എത്താതിരുന്ന താഴ്ന്ന വരുമാനക്കാർക്കും പ്രാപ്തമാക്കുമെന്നും "സെബി വാർത്താകുറിപ്പിൽ പറഞ്ഞു. ഒരു നിക്ഷേപകന് ആരംഭിക്കാൻ കഴിയുന്ന ചെറിയ തുകക്കുള്ള എസ്ഐപി മൂന്നായി പരിമിതപ്പെടുത്തിയേക്കാം എന്നും സൂചനയുണ്ട്.
ചെറു എസ്ഐപിയുടെ നിക്ഷേപം നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിലും (NACH), യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഓട്ടോപേ മോഡിലും മാത്രമായി പരിമിതപ്പെടുത്തണമെന്ന് SEBI നിർദ്ദേശിച്ചു. ഈ നിർദ്ദേശങ്ങളിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 6 വരെ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള നീക്കം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വളരുകയാണ്. ഈ വളർച്ച കൂട്ടാൻ ജനകീയമായ പദ്ധതികൾ കൊണ്ടുവരാൻ മ്യൂച്ചൽ ഫണ്ട് കമ്പനികൾ ശ്രമിക്കാറുണ്ട്. ഇതിനായി 100 രൂപയ്ക്ക് പോലും തുടങ്ങാവുന്ന മ്യൂച്ചൽ ഫണ്ടുകൾ ചില ഫണ്ട് ഹൗസുകൾ തുടങ്ങിയിട്ടുണ്ട്.
മിനിമം എസ്ഐപി തുക കുറയ്ക്കുന്നത് നിക്ഷേപ രംഗത്തേക്ക് ആദ്യമായി വരുന്നവർക്ക് ഗുണമാകും എന്നാണ് കണക്കു കൂട്ടൽ. കുറഞ്ഞ തുകക്ക് പോലും മ്യൂച്ചൽ ഫണ്ട് നിക്ഷേപം തുടങ്ങാമെന്നത് സിപ് നിക്ഷേപത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കും. ഈ സമീപനം പതിവായി നിക്ഷേപിക്കുന്ന ശീലം വളർത്തിയെടുക്കാൻ ഒരു പരിധി വരെ സഹായിക്കും. പരിമിതമായ ഫണ്ടുകൾ ഉപയോഗിച്ച് കൂടുതൽ ആളുകളെ ഓഹരി വിപണിയിൽ പങ്കെടുക്കാൻ ഇത് സഹായിക്കും.
മിനിമം എസ്ഐപി 100 രൂപയായി കുറയ്ക്കുന്നതിലൂടെ, ചെറുകിട നിക്ഷേപകർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്കും മറ്റും ചെറു പ്രായത്തിൽ തന്നെ അവരുടെ പോക്കറ്റ് മണിയിൽ നിന്ന് 100 രൂപയ്ക്ക് നിക്ഷേപം തുടങ്ങാൻ സാധിക്കും. അതായത് സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ നിക്ഷേപകർക്കും100 രൂപ എസ്ഐപികൾ തുടങ്ങാം.