ADVERTISEMENT

ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ ശക്തിയും കാര്യക്ഷമതയും രാജ്യം ലക്ഷ്യമിടുന്ന വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. കേന്ദ്ര ബജറ്റ് ഇക്കാര്യത്തിൽ കൂടുതലായി കരുതൽ കാണിക്കേണ്ടതുണ്ട്. 

നിക്ഷേപസമാഹരണം വെല്ലുവിളി

നിക്ഷേപ സമാഹരണത്തിൽ, വിശേഷിച്ച് സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ കാര്യത്തിൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി തുടരുകയാണ്.  കഴിഞ്ഞ ബജറ്റിൽ ഈ കാര്യത്തിൽ സഹായകരമായ നയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൂടുതൽ ആകർഷകമായ കാലോചിതമായ നിക്ഷേപ പദ്ധതികൾ കൊണ്ടുവന്ന് ബാങ്കുകൾ കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കട്ടെ എന്നാണ് അന്ന് ധനമന്ത്രി പറഞ്ഞത്. നൂതനമായ ചില നിക്ഷേപ പദ്ധതികൾ ബാങ്കുകൾ കൊണ്ടുവരികയും ചെയ്തു. 

investment - 1

എന്നാൽ ഇത് കൊണ്ടുമാത്രം ഈ വെല്ലുവിളിക്ക് ഉത്തരമായിട്ടില്ല. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ബാങ്ക് നിക്ഷേപങ്ങൾക്കും ലഭിച്ചാൽ മാത്രമേ, ഈ രംഗത്ത് ഒരു സന്തുലനം സാധ്യമാകൂ. ബാങ്കിലെ കാലാവധി നിക്ഷേപങ്ങൾക്ക് ഇപ്പോൾ സെക്ഷൻ 80TTDഅനുസരിച്ച് 60 വയസു വരെയുള്ളവരുടെ നിക്ഷേപത്തിൻമേൽ ലഭിക്കുന്ന പലിശയ്ക്ക് വർഷത്തിൽ 40,000 രൂപയും അറുപത് വയസിനുമേൽ 50,000 രൂപയുമാണ് ഉറവിടത്തിൽ നികുതി പിടിക്കുന്നതിൽ (TDS) നിന്നും ഒഴിവാക്കിയിരിക്കുന്നത്.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പലിശക്ക് 10,000 രൂപ വരെ സെക്ഷൻ 80TTA അനുസരിച്ചും വരുമാനത്തിൽ കുറവ് കാണിക്കാം.  ഓഹരിയിലുള്ള നിക്ഷേപത്തിന്മേൽ ലഭിക്കുന്ന ലാഭത്തിന് (LTCG) 1.25 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഇളവും അതിന് മുകളിൽ ലഭിക്കുന്ന ലാഭത്തിനു 12.5ശതമാനവുമാണ് നികുതി.  ഒരു വർഷത്തിനുള്ളിൽ ആണ് ഓഹരി വില്കുന്നതെങ്കിൽ ലാഭത്തിന്മേൽ (STCG) 15 ശതമാനമാണ് നികുതി. ബാങ്ക് നിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശക്കും നികുതി  നിരക്കുകൾ ഈ രീതിയിൽ സമീകരിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. 

ഈ ആവശ്യം ന്യായീകരിക്കുന്ന മറ്റൊരു കാര്യവും കണക്കുകൾ മുന്നോട്ടുവയ്ക്കുന്നു. 30 ദിവസം വരെയുള്ള നിക്ഷേപം തിരിച്ചു നൽകാനുള്ള ബാധ്യതകൾക്ക് (cash outflows over 30 days period) ബാങ്കുകൾ നീക്കിവയ്ക്കുന്ന റിസർവ് തുകയിൽ (Liquidity Coverage Ratio - LCR) അഞ്ചു ശതമാനം വർദ്ധനവ് വേണമെന്ന് റിസർവ് ബാങ്ക് നിഷ്കർച്ചിട്ടുണ്ട്.  ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നീ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഇടപാടുകാരുടെ നിക്ഷേപങ്ങൾക്കാണ് ഈ പുതിയ തീരുമാനം. 

online-banking

ഓൺലൈൻ ബാങ്കിങ്ങിൽ വർധിച്ചു വരുന്ന റിസ്കുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ മുൻകരുതൽ. ഓൺലൈൻ സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഇടപാടുകാരുള്ള സ്വകാര്യ ബാങ്കുകളെയാണ് ഈ തീരുമാനം അധികം ബാധിക്കുക. LCR ഇപ്പോൾ ഏകദേശം 130 ശതമാനമാണെങ്കിൽ, പുതിയ തീരുമാനം അസുസരിച്ച് ഇത് 113 മുതൽ 116 ശതമാനം വരെ താഴുമെന്ന് കണക്കാക്കുന്നു.  ബാങ്കുകളുടെ വായ്പ നൽകാനുള്ള ശേഷിയേയും വായ്പയിൻ മേലുള്ള പലിശ മാർജിനെയും (Net Interest Margin) ഇത് ബാധിക്കും. 

2025 ഏപ്രിൽ ഒന്നാം തീയതി മുതൽ പുതുക്കിയ നിരക്കിലുള്ള LCRപ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതിനാൽ കുറഞ്ഞ പലിശ നിരക്കിലുള്ള കൂടുതൽ നിക്ഷേപം സമാഹരിക്കേണ്ടത് അത്യാവശ്യമാണ്.  അതിന് സഹായിക്കുന്ന തീരുമാനം ബജറ്റിൽ ബാങ്കുകൾ പ്രതീക്ഷിക്കുന്നു.

ഡിജിറ്റൽ, ഓൺലൈൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ

ഡിജിറ്റൽ, ഓൺലൈൻ സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കുവാൻ ഈ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമുണ്ട്. ബാങ്കിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതോടൊപ്പം സുരക്ഷിതവുമാക്കുവാൻ ഇത് ആവശ്യമാണ്. ഓൺലൈൻ ബാങ്കിടപാടുകളിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾ വലിയ ആശങ്കയായിട്ടുണ്ട്.  അതിനാൽ തട്ടിപ്പുകൾ മുൻകൂട്ടി കണ്ടെത്താനും തടയാനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കണം.

അവ കാര്യക്ഷമമായി പ്രവർത്തിക്കണം. തട്ടിപ്പുകൾ നടന്നാൽ, ഉടനെ അത് കണ്ടുപിടിക്കാനും ഇടപാടുകാരുടെ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാനുമുള്ള ആധുനികവും കാലോചിതവുമായ സംവിധാനങ്ങൾ നിരന്തരമായി ശക്തിപ്പെടുത്തണം.  ഈ ഉത്തരവാദിത്തം പ്രാഥമികമായി ബാങ്കുകളുടെ ആണെങ്കിലും തട്ടിപ്പിന്റെ മാനങ്ങൾ സങ്കീർണമായിരിക്കുന്ന കാലത്ത് ഈ ഉത്തരവാദിത്തം ബാങ്കുകളുടെ മാത്രമായി നിജപ്പെടുത്തുന്നത് ഉചിതമല്ല. അതിനാൽ ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങളും, നിക്ഷേപങ്ങളും പ്രോത്സാഹിക്കുവാൻ ഉതകുന്ന വിധത്തിലുള്ള നികുതി ഇളവുകൾ അടക്കമുള്ള നയങ്ങൾ ബജറ്റിൽ വേണം.

കൃഷി, റീറ്റെയ്ൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വായ്പകൾ

ആഭ്യന്തര മൊത്ത വരുമാനം (GDP) കണക്കുകൾ അനുസരിച്ച് മുൻ എസ്റ്റിമേറ്റുകൾക്കെല്ലാം താഴെയാണ്. GDP ഉയർത്തണം എന്നത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്, ലക്ഷ്യമാണ്. ഇതിന് ആളുകളുടെ ഉപഭോഗം (private consumption) വർദ്ധിക്കണം. അതിന് ആളുകളുടെ കൈയ്യിൽ പണം വേണം.  അതിന് കൂടുതൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) വ്യവസായങ്ങൾ പുഷ്ടിപ്പെടണം. തൊഴിലവസരങ്ങൾ കൂടണം.

ഈ രംഗത്തിന്റെ വേഗത്തിലുള്ള വളർച്ചക്ക് ഉതകുന്ന നയങ്ങളും സഹായങ്ങളും ബജറ്റിൽ ഉണ്ടാകണം.  ബാങ്കുകളിലെ വായ്പ നിരക്ക് വർദ്ധനവ്  ഇപ്പോഴും രണ്ടക്കത്തിൽ എത്തിയിട്ടില്ല.  അത് എട്ടു ശതമാനത്തിനടുത്തു നില്കുന്നു.  ഈ വളർച്ച തന്നെ വൻകിട വായ്പകളുടെ പിൻബലത്തിലാണ്.  കൃഷി, റീറ്റെയ്ൽ, MSME  വായ്പകളിൽ വർദ്ധനവ് താരതമേന്യ കുറഞ്ഞിരിക്കുന്നു.  ഈ രംഗങ്ങളിലേക്കുള്ള വായ്പകൾ കൂടിയാൽ മാത്രമേ ലക്ഷ്യമിടുന്ന വളർച്ചയിലേക്ക് എത്തുവാൻ കഴിയൂ.  അതിനാൽ കൃഷിക്കും ഭവന വായ്പ മുതലായ വ്യക്തിഗത വായ്പകൾക്കും MSMEകൾക്കും ഊന്നൽ നൽകുന്ന നയങ്ങളും നീക്കിയിരുപ്പുകളും നികുതി ഇളവുകളും ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. 

online-3-

വായ്പകളുടെ ആരോഗ്യം (Asset Quality)

വായ്പ നിരക്കിൽ വർദ്ധനവ് വേണം എന്നത് പോലെ തന്നെ പ്രധാനമാണ് വായ്പകളുടെ ക്വാളിറ്റിയും  (Asset quality). ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ (NPA) 2023 മാർച്ചിൽ 3.9 ശതമാനമായിരുന്നത് ഇപ്പോൾ 2.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.60  ശതമാനമാണ്. ഇത് 2023 നെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയാണ്. എന്നാൽ ഈ നില തുടരുവാനോ മെച്ചപ്പെടുവാനോ സാധ്യതയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.  

2026 മാർച്ചാകുമ്പോൾ NPAമൂന്നു ശതമാനമായി വർദ്ധിക്കും.  ഇത് ബാങ്കുകളുടെ കാര്യക്ഷമതയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് ഘടനയേയും പ്രതികൂലമായി ബാധിക്കും. അതിനാൽ വായ്പകൾ സമയാസമയം തിരിച്ചു പിടിക്കുവാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇത്തരം സംവിധാനങ്ങൾ വ്യവസ്ഥാപിതമായും ക്രമാനുഗതമായും ചിട്ടപ്പെടുത്തുവാൻ വേണ്ട തീരുമാനങ്ങൾ ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നു. നിയമ സംവിധാനങ്ങളുടെ കാര്യക്ഷമത, അസറ്റ് റിക്കവറി കമ്പനികളുടെ (ARC)പ്രവർത്തനങ്ങളും ഇടപാടുകളും പരിപോഷിക്കുവാൻ ഉതകുന്ന പിന്തുണകൾ, അവയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി നയങ്ങളിൽ ആവശ്യമായ ഇളവുകൾ, ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റസി  കോഡിന്റെ (IBC) ശാക്തീകരണം, അവ സമയബന്ധിതമായും കാര്യക്ഷമമായും പ്രവർത്തിക്കുവാൻ ഉതകുന്ന സപ്പോർട്ടുകൾ, നാഷണൽ കമ്പനി ലോ ട്രിബൂണലുകൾക്ക്  (NCLT)  കൂടുതൽ ഓഫീസുകൾ തുറക്കുക, അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ക്രെഡിറ്റ് റിസ്ക് വിലയിരുത്തുവാനും നിരീക്ഷിക്കുവാനും കുറച്ചുകൊണ്ടുവരാനും വേണ്ടി ഡാറ്റ അനലിറ്റിക്സ്,നിർമിതി ബുദ്ധി (AI)എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള നൂതന സാങ്കേതിക വിദ്യകളുടെ വികസനം എന്നീ രംഗങ്ങളിൽ ഊന്നലും വേണം. 

പൊതുമേഖല ബാങ്കുകളിൽ കൂടുതൽ വിദേശ നിക്ഷേപം (FDI) കൊണ്ടുവരാനും അവയുടെ കോർപ്പറേറ്റ് ഗവേർണൻസ് മെച്ചപ്പെടുത്തുവാനുമുള്ള തീരുമാനങ്ങളും ബജറ്റിൽ ഉണ്ടാവുമെന്ന് കരുതുന്നുണ്ട്.

English Summary:

Will the upcoming Union Budget offer tax benefits for bank deposits and interest? K. Babu analyzes the challenges facing banks and the need for supportive policies to boost deposit mobilization and improve the financial health of the nation.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com