ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസിനെ താരമാക്കുന്നു, ഇടത്തരക്കാര്‍ ജാഗ്രതൈ!

Mail This Article
ഇന്ത്യയില്‍ ഇപ്പോള്‍ മിഡില്‍ക്ലാസ് പ്രേമം വഴിഞ്ഞൊഴുകുകയാണ്. പ്രത്യേകിച്ചും ശമ്പളവരുമാനക്കാരായ ഇടത്തരക്കാരോടുള്ള പ്രേമം അണപൊട്ടുന്നു. അവരുടെ കൈകളിലേക്ക് എങ്ങനെ കൂടുതല്‍ പണം എത്തിക്കാമെന്നാണ് എല്ലാവരുടെയും ചിന്ത. മാധ്യമങ്ങളിലൊക്കെ അതിനുള്ള നിര്‍ദേശങ്ങളുടെ പ്രളയമാണ്. പ്രീ ബജറ്റ് ചര്‍ച്ചകളിലെല്ലാം താരം ദി ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസ് തന്നെ.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പിന്നോട്ടടിക്ക് കാരണം ഇടത്തരക്കാരന്റെ പണം ചിലവഴിക്കല്‍ കുറഞ്ഞതാണ് കാരണം എന്ന് കണ്ടെത്തലാണ് ഇപ്പോള്‍ ഈ പുതിയ പ്രേമത്തിന് കാരണം. 2024-25 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.4 ശതമാനം മാത്രമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതാകട്ടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ്.
കോവിഡിന് ശേഷം നഗരങ്ങളിലെ ഇടത്തരക്കാരന്റെ ചിലവഴിക്കലിന്റെ ബലത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പിച്ചവച്ചതും പിടിച്ചുനിന്നതും അല്‍പ്പമെങ്കിലും പച്ചപിടിച്ചതും. ഇടത്തരക്കാരന്റെ സമ്പാദ്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായിരുന്നു ഇന്‍ഫ്‌ലേഷനും(നാണ്യപ്പെരുപ്പവും) ഇന്‍കംടാക്‌സും. രണ്ടും കൂടി ഇടത്തരക്കാരന്റെ സമ്പാദ്യത്തെ മൂച്ചൂടും മുടിപ്പിച്ചതോടെ ഏറെക്കുറെ പാപ്പരായ അവസ്ഥയിലായി ഇന്ത്യന്‍ മിഡില്‍ ക്ലാസ്.

എന്തെങ്കിലും ചെയ്യുമോ?
നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. ഇനി ഇന്‍കം ടാക്‌സിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാമോ എന്നാണ് ആലോചന. എന്തൊക്കെയോ ഇക്കാര്യത്തില്‍ ഇടത്തരക്കാര്‍ക്കുവേണ്ടി ചെയ്യുമെന്ന തരത്തില്‍ ധനമന്ത്രാലയത്തില്‍ നിന്ന് സൂചന വന്നുവെന്ന അനുമാനത്തിലാണ് പ്രീ ബജറ്റ് വാഴ്ത്തുപാട്ടുകളെല്ലാം നടക്കുന്നത്.
കോവിഡിനുശേഷം ഇതാദ്യമായി പെട്ടെന്നു വിറ്റഴിക്കപ്പെടുന്ന ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവാണ്. നഗര കേന്ദ്രീകൃത ഇടത്തരക്കാര്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വാങ്ങല്‍ നിര്‍ത്തി അണ്‍ബ്രാന്‍ഡഡിലേക്ക് തിരിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 500 കമ്പനികളുടെയും ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നുപാദങ്ങളിലും വില്‍പ്പന ഇടിവാണ്.

സമ്പദ് വ്യവസ്ഥയെ തകിടം മറിയുമോ?
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ശമ്പള വര്‍ധന ഇല്ലാത്തത്, ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്നത്, കടബാധ്യത, ഉയര്‍ന്ന ഇന്‍കം ടാക്‌സും റ്റിഡിഎസും തുടങ്ങിയ കാരണങ്ങളാല്‍ ഇടത്തരക്കാരന്റെ പോക്കറ്റ് ശോഷിച്ചുവരികയാണ് അനുദിനം. എത്രയോ വര്‍ഷമായി ഇടത്തരക്കാരന്‍ ഇത്തരം വെല്ലുവിളികള്‍ നേരിട്ടുവരുന്നു. ഒരു പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് എന്ന നിലയില്‍ എത്രയോ ഫോറങ്ങളില്‍ ഈ ലേഖകന്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബജറ്റിന് മുന്നും പിന്നുമുള്ള വിശകലനങ്ങളില്‍ ഇക്കാര്യം ആവര്‍ത്തിച്ച് വിശകലനം ചെയ്തിട്ടുണ്ട്.
ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ ആദായ നികുതി ഇളവുകള്‍ പോലും ഓരോ വര്‍ഷത്തെയും ബജറ്റിലൂടെ കവര്‍ന്നെടുത്തു കൊണ്ടിരുന്നപ്പോള്‍ ഇടത്തരക്കാരന്റെ കൈകാലിട്ടടി ആരും കണ്ടില്ല. ഒടുവില്‍ അവരുടെ ചെലവഴിക്കല്‍ ചുരുങ്ങിയത് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് മിഡില്‍ ക്ലാസ് പ്രണയം വന്നത്. ഈ പ്രണയം അധികകാലം നില്‍ക്കില്ല. ബ്രേക്കപ്പ് ആസന്നമാണ്. മരവിച്ച ഇടത്തരക്കാരന്റെ പോക്കറ്റിനെ ഒന്നു ഉത്തേജിപ്പിച്ചുവിട്ടാല്‍ മതി.
പിന്നെ തനിയേ അത് ഓടിക്കൊള്ളും. സാധുക്കളാണ് ഇടത്തരക്കാര്‍ എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ട് ഇന്‍കംടാക്‌സ് ഇളവ് വന്‍തോതില്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. ന്യൂ ടാക്‌സ് റെജിമിലായിരിക്കും ഈ ഇളവുകള്‍ കൂടുതലും ഉണ്ടാകാന്‍ സാധ്യത. അതിലൂടെ അവശേഷിക്കുന്നവരെക്കൂടി ന്യൂ റെജിമിലേക്ക് ആകര്‍ഷിക്കാമെന്നു ഗവണ്‍മെന്റ് കണക്കു കൂട്ടുന്നുണ്ടാകും. ഇടത്തരക്കാര്‍ വലിയ ജാഗ്രത ഇക്കാര്യത്തില്‍ പാലിക്കണം. ആലോചിച്ചുറപ്പിച്ചേ ഇടിവു വന്ന ചെലവഴിക്കല്‍ ശീലം പുനസ്ഥാപിക്കാവൂ. സമ്പാദ്യത്തിന് തന്നെ മുന്‍തൂക്കം നല്‍കണം. ബാക്കി ബജറ്റ് വന്നതിനുശേഷം.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)