പിടി മുറുകുന്നു! വരുമാനം വെളിപ്പെടുത്തുമ്പോൾ കർശനമായും ക്രിപ്റ്റോ കറൻസിയും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി

Mail This Article
വെളിപ്പെടുത്താത്ത വരുമാനം വെളിപ്പെടുത്തുമ്പോൾ ക്രിപ്റ്റോ കറൻസി പോലുള്ള“വെർച്വൽ ഡിജിറ്റൽ അസറ്റ്” ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ ഇടപാടുകൾ മറയ്ക്കാൻ അനിയന്ത്രിതമായ രീതിയിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ വന്നതിനാലാണീ പ്രഖ്യാപനം നടത്തിയത്. ക്രിപ്‌റ്റോ-അസറ്റുകളിൽ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകളും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഇടപാടിന്റെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. അവ ശരിയാക്കാൻ സ്ഥാപനത്തിന് 30 ദിവസത്തെ സമയം നൽകും.
അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആദായനികുതി നിയമപ്രകാരം കൃത്യമല്ലാത്ത റിപ്പോർട്ടിങായി കണക്കാക്കും. വ്യക്തികൾ മാത്രമല്ല, സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി കണക്കുകൾ വിട്ടുവീഴ്ചയില്ലാതെ നൽകണം എന്ന സന്ദേശം ഇന്ന് ബജറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസികളുടെ മേൽനോട്ടം കർശനമാക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നടപടിയാണ് ഇത്.

ക്രിപ്‌റ്റോകറൻസി മേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യവസ്ഥകൾ ഏർപ്പെടുത്തി 2 വർഷത്തിന് ശേഷമാണ് ഈ നീക്കം. ക്രിപ്‌റ്റോ ട്രേഡിങ്, സേഫ് കീപ്പിങ്, അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ബാധകമാക്കിയതായി ധനമന്ത്രാലയം നോട്ടീസിൽ അറിയിച്ചു. ട്രേഡിങിന് ലെവി ബാധകമാക്കുന്നതുൾപ്പെടെ ക്രിപ്‌റ്റോ മേഖലയിൽ കർശനമായ നികുതി നിയമങ്ങളും ഇന്ത്യയിലുണ്ട്