ഇന്ത്യയിൽ 'മിഡിൽ ക്ലാസ്' മാത്രമാണോ ഉള്ളത്? കോരന് കുമ്പിളിൽ തന്നെ കഞ്ഞി

Mail This Article
ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി ഇളവുകൾ കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് ഇന്ത്യൻ മിഡിൽ ക്ലാസ്. മധ്യ വർഗത്തിനും ഉയർന്ന ശമ്പളക്കാർക്കും തീർച്ചയായും സന്തോഷിക്കാവുന്ന ബജറ്റ് തന്നെയാണ് ഇത്. എന്നാൽ താഴെത്തട്ടിലുള്ളവരുടെ വരുമാനം ഉയർത്തുന്നതിനുള്ള ഒരു പ്രഖ്യാപനം പോലും ബജറ്റിൽ ഉണ്ടായില്ല.
തൊഴിലാളികള്‍ക്ക് ഒന്നുമില്ല

ഇന്ത്യ വളരാൻ കൂടുതൽ മണിക്കൂർ തൊഴിലാളികൾ പണിചെയ്യണം എന്ന് മേലാളന്മാർ ആവർത്തിച്ചു പറയുമ്പോൾ, തൊഴിലാളികളുടെ കുറഞ്ഞ വേതനം അൽപമെങ്കിലും കൂട്ടുന്ന എന്തെങ്കിലും നടപടി ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതിയത്.
12 ലക്ഷം വരെ നികുതി ഇല്ല എന്ന് പ്രഖ്യാപിച്ചപ്പോൾ യാതൊരു സന്തോഷത്തിനും താഴെ തട്ടുക്കാർക്ക് വകയില്ലാതെയായി. 2 ലക്ഷം രൂപ വർഷത്തിൽ ശമ്പളമായി ലഭിക്കുന്ന ലക്ഷകണക്കിന് തൊഴിലാളികൾക്ക് നികുതിയൊന്നും മുൻപും കൊടുക്കേണ്ടിയിരുന്നില്ല. ഇനിയിപ്പോൾ അവരുടെ വരുമാനം ആറിരട്ടി കൂടിയാലും നികുതി ഇല്ല എന്നത് ശരി തന്നെ.എന്നാൽ ആറിരട്ടി വളർന്നില്ലെങ്കിലും, ഇരട്ടിയെങ്കിലും ശമ്പളം ആകാനുള്ള ഒരു നടപടി പോലും ബജറ്റിൽ പരാമർശിച്ചു കേട്ടില്ല.
ബജറ്റിലെ മാജിക്
പുതിയ നികുതി വ്യവസ്ഥയിലേക്ക് എല്ലാവരെയും ആട്ടി തെളിച്ചു കൊണ്ടുപോകാൻ ഈ ബജറ്റ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ലൈഫ് ഇൻഷുറൻസ് പോലുള്ളവ എടുക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്ന നികുതി ഇളവ് ഉണ്ടാകില്ല. സ്വയം താല്പര്യപ്പെട്ട് സമ്പാദ്യവും, നിക്ഷേപവും വളർത്തണം, അല്ലെങ്കിൽ കിട്ടുന്നതെല്ലാം പൊടിപൊടിച്ചു ചെലവ് ചെയ്യാം എന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ നയം എന്നർത്ഥം.
മുൻകാലങ്ങളിൽ നികുതി ഇളവിന്റെ പേരിൽ ചേർന്ന പല സമ്പാദ്യ പദ്ധതികളും സാധാരണക്കാർക്ക് എപ്പോഴെങ്കിലും ഉപകാരപ്പെട്ടിരുന്നു.
ഇനി താഴേക്കിടയിലുള്ളവർക്ക് സാമ്പത്തിക സാക്ഷരത ഉണ്ടെങ്കിൽ ഇൻഷുറൻസിലും നിക്ഷേപ പദ്ധതികളിലും ചേർന്ന് സമ്പാദ്യം വളർത്താമെന്ന്ചുരുക്കം. താഴേക്കിടയിലുള്ളവരുടെ വരുമാനം കൂടില്ലെന്നു മാത്രമല്ല, ഉയർന്ന ശമ്പളമുള്ളവർക്ക് നികുതി ഇളവ് നൽകി വരുമാനം കൂടാനും ഈ ബജറ്റ് ഉറപ്പു വരുത്തിയിട്ടുണ്ട്. ഉയർന്ന ബ്രാക്കറ്റിൽ ശമ്പളമുള്ളവർക്ക് ലക്ഷങ്ങളുടെ നികുതി ഇളവ് ഈ ബജറ്റിലൂടെ ഉറപ്പായിട്ടുണ്ട് എന്നാണ് ഇപ്പോഴത്തെ ഡേറ്റ വച്ചുള്ള ആദ്യ കണക്കുകൂട്ടലുകളിൽ കാണുന്നത്. പാവപ്പെട്ടവർ എന്നും പാവപെട്ടവരായും,പണക്കാർ വീണ്ടും പണക്കാരായും മാറുന്ന മാജിക് തന്നെയാണ് ഈ ബജറ്റിലും ഉള്ളത്.