ആദായനികുതി ഇനിമുതല്‍ ആഹ്ലാദ നികുതിയോ ആഘാത നികുതിയോ

Mail This Article
ഇടത്തരക്കാരന്‍ ഒരു പൂവു ചോദിച്ചപ്പോള്‍ ഒരു വസന്തം തന്ന ധനമന്ത്രി നിർമ സീതാരാമൻ നല്‍കിയെന്നാണ് ആദായ നികുതി ഇളവിനെക്കുറിച്ച് പെതുവേ വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ പൂവ് പ്രതീക്ഷിച്ചവര്‍ക്ക് ലഭിച്ചത് ഒരു ഗ്രോബാഗ് മാത്രമാണ് എന്ന് വിശ്വസിക്കുന്നവരും ഇടത്തരക്കാരുടെ ഇടയിലുണ്ട്.
12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി ഒഴിവാക്കിയത് ജീവിതത്തില്‍ പ്രകാശം പരത്തണമെങ്കില്‍ ഇടത്തരക്കാരന്‍ തന്നെ സ്വയം വിത്തും വളവുമിട്ട് നട്ടുനനച്ചുവളര്‍ത്തേണ്ടിവരും. ആദായ നികുതിയെ ആഘാത നികുതിയായി മാറ്റുന്ന എല്ലാ ഘടകങ്ങളെയും അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ് ഇത്തവണെയും.
റഡാർ നിരീക്ഷണം തീവ്രമാക്കാൻ എഐ
12 ലക്ഷം വരെയുള്ള വരുമാനത്തിന് പൂര്‍ണമായും നികുതി ഇളവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ 12 ലക്ഷത്തേക്കാള്‍ വരുമാനം ഒരു രൂപ കൂടിയാല്‍ പോലും ഇളവുകളെല്ലാം നിഷേധിക്കപ്പെടും എന്ന വ്യവസ്ഥ കൊണ്ടുവന്നു. അങ്ങനെ സംഭവിച്ചാല്‍ നാലു ലക്ഷം രൂപയ്ക്ക്‌മേലുള്ള തുകയക്ക് മുതല്‍ നികുതി ഈടാക്കും. വരുമാനം കൂടിപ്പോകുന്നത് ഒരു ശിക്ഷയായി മാറുന്ന വ്യവസ്ഥ. ഇടത്തരക്കാരന്റ എല്ലാ സാമ്പത്തിക ഇടപാടുകളും ധനകാര്യ ജീവിതവും ആദായ നികുതി വകുപ്പിന്റെ റഡാറിലാണ്.
ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ റഡാര്‍ നീരീക്ഷണം കൂടുതല്‍ തീവ്രമാക്കിയേക്കും. അധികമായി പിടിച്ച ടിഡിഎസ് തുക റീഫണ്ട് ചെയ്യുമ്പോള്‍ ആദായ നികുതി വകുപ്പ് നല്‍കുന്ന പലിശപോലും നികുതിദായകന്റെ വരുമാനമായി കണക്കാക്കുന്ന സാഹചര്യവും അതുപോലെ നിലനിര്‍ത്തിയിരിക്കുന്നു.
ശ്രദ്ധിച്ചോ ഇക്കാര്യം?
12 ലക്ഷത്തിന്റെ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ ആ ഇളവില്‍ നിന്ന് സ്‌പെഷ്യല്‍ ടാക്‌സ് റേറ്റ് ഉള്ള ഇന്‍കം എല്ലാം ഒഴിവാക്കിക്കൊണ്ട് മറ്റെരു പ്രഹരം കൂടി ഇടത്തരക്കാരില്‍ ഏല്‍പ്പിച്ചിരിക്കുന്നതും അധികമാരും ശ്രദ്ധിച്ചില്ല. ബാങ്ക് പലിശ ഒഴികെ നാം ആശ്രയിക്കുന്ന ഏറെക്കുറെ മറ്റെല്ലാ നിക്ഷേപ മാര്‍ഗങ്ങളിലും നിന്നുള്ള ലാഭത്തിന് നികുതി കൊടുക്കണം.
ഇത്തരം ലാഭത്തിലൂടെയുള്ള വരുമാനം 12 ലക്ഷത്തിന്റെ കൂടെ കൂട്ടി ഇളവ് നല്‍കില്ല. ഇടത്തരക്കാരന്‍ എല്ലാവരും കൊടുക്കുന്ന എല്ലാത്തരം ടാക്‌സും കൊടുത്തശേഷം മുണ്ടുമുറുക്കിയുടുത്ത് മിച്ചം പിടിക്കുന്ന തുക എവിടെയെങ്കിലുമൊക്കെ നിക്ഷേപിച്ച് 10 ചക്രം ഉണ്ടാക്കിയാല്‍ അതിന്മേലും ആദായ നികുതി ഈടാക്കി വരുന്ന ആചാരത്തിന് ഇക്കുറിയും മാറ്റമില്ല.
ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള ലാഭം, ഡിവിഡന്റ് തുടങ്ങിയ മൂലധന നേട്ടങ്ങളെ പ്രത്യേക വരുമാനമാക്കി കണക്കാക്കി പ്രത്യേകം നികുതി ഈടാക്കും. കടവും കടത്തിന്മേല്‍ കടവുമായി നട്ടംതിരിയുന്ന ഇടത്തരം ശമ്പള വരുമാനക്കാര്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പണം സ്വരുക്കൂട്ടാന്‍ കണ്ടിരിക്കുന്നത് ഇത്തരം നിക്ഷേപ മാര്‍ഗങ്ങളെയാണ്.
അതിന്മേല്‍ സഹാനുഭൂതിയോടെയുള്ള ഒരു സമീപനം പുലര്‍ത്തി ആദായ നികുതിയെ ആഹ്ലാദ നികുതിയാക്കി മാറ്റാനുള്ള സമീപനം ഇക്കുറിയും കണ്ടില്ല.
ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നികുതി ഇളവിന്റെ ഒരു ചരിത്രം വിവരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. 2014ല്‍ ആണ് 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദ്യമായി നികുതി ഇളവ് കൊണ്ടുവന്നതെന്ന് മന്ത്രി പറയുന്നുണ്ട്. 2019ല്‍ അത് അഞ്ചുലക്ഷമാക്കി. 2023ല്‍ അത് 7 ലക്ഷമാക്കി. 2025ല്‍ ഇപ്പോഴിതാ അത് 12 ലക്ഷമാക്കിയിരിക്കുന്നു.
2.5 ലക്ഷത്തില്‍ നിന്ന് 12 ലക്ഷമാക്കാന്‍ 10 വര്‍ഷമെടുത്തു. 12 ലക്ഷമാക്കിയപ്പോള്‍ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായത് എന്നാണ് ധനമന്ത്രി പറഞ്ഞത്. അതായത് ഈ വര്‍ഷം മാത്രം ഇടത്തരക്കാരന്റെ പോക്കറ്റില്‍ നിന്ന് ചോരുമായിരുന്നത് ഒരു ലക്ഷം കോടി രൂപയായിരുന്നു.
പുതിയ ഇളവ് പോക്കറ്റില്‍ എത്ര പണം കൂട്ടും
ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് പ്രതിമാസം ഒരു ലക്ഷംരൂപ മാസവരുമാനമുള്ള ഒരാള്‍ക്ക് ഒരു വര്‍ഷം 80,000 രൂപയുടെ ആദായനികുതി ലാഭമുണ്ടാകും. അതായത് മാസശമ്പളത്തില്‍ നിന്ന് ടിഡിഎസായി പിടിക്കുമായിരുന്ന ഏകദേശം 6,667 രൂപ പിടിക്കില്ല. നിങ്ങള്‍ ജോലി ചെയ്ത കൂലിയില്‍ നിന്ന് അത്രയും പൈസ സര്‍ക്കാര്‍ എടുക്കില്ല. പകരം നിങ്ങള്‍ ചെയ്ത ജോലിക്കുള്ള കൂലിയില്‍ നിന്ന് സര്‍ക്കാര്‍ മുന്‍കൂറായി എടുത്തിരുന്ന നിങ്ങളുടെ ആ പണം നിങ്ങള്‍ക്ക് തന്നെ തരും. ഇതാണ് ഇത്തവണ ഇടത്തരക്കാര്‍ക്കായി കേട്ട വസന്തത്തിന്റെ ഇടിമുഴക്കം.

അത് ആഹ്ലാദത്തിന്റേതാണോ ആഘാതത്തിന്റേതാണോ എന്നു വരുംദിനങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. കാരണം ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ നിന്നുള്ള മൂലധന നേട്ടത്തിനുള്ള നികുതി ഘടന ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞ ഇന്‍കംടാക്‌സ് ബില്ലില്‍ അതുണ്ടായേക്കും. അതായത് ധനമന്ത്രി വടി വെട്ടാന്‍ പോയിട്ടേയുള്ളൂ എന്ന്. ഡൽഹി ഇലക്ഷൻ കഴിഞ്ഞേ ഇൻകം ടാക്സ് ബില്ല് വരാൻ സാധ്യതയുള്ളൂ. ഉള്ളിലിരിപ്പ് അപ്പോൾ അറിയാം.
ചത്തോന്നറിയാന്‍ വന്നതാണോ!
ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോള്‍ ഇറങ്ങിയ ഒരു ട്രോള്‍ പെട്ടെന്നാണ് ശ്രദ്ധനേടിയത്. കിലുക്കത്തില്‍ അടികൊണ്ട് പഞ്ചറായി ആശുപത്രിയില്‍ കിടക്കുന്ന ജഗതിയെ കാണാന്‍ മോഹന്‍ലാല്‍ വരുമ്പോള്‍ ദേഷ്യവും സങ്കടവും നൈരാശ്യവുമൊക്കെ ചേര്‍ന്ന് ജഗതിയില്‍ നിന്ന് വരുന്ന ഒരു ഡയലോഗുണ്ട്- ചത്തോന്നറിയാന്‍ വന്നതാണോടാ. ജഗതിയെ ഓള്‍ഡ് ടാക്‌സ് റെജിമിനോടും മോഹന്‍ലാലിനെ ന്യൂ ടാക്‌സ് റെജിമിനോടും ഉപമിച്ചായിരന്നു ട്രോള്‍.
ഒരു മണിക്കൂറോളം നീണ്ട ധനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരിടത്തുപോലും ഓള്‍ഡ് ടാക്‌സ് റെജിം എന്ന ഒരു പരാമര്‍ശമില്ല. ആകെ ഒരിടത്തുമാത്രമാണ് ന്യൂ ടാക്‌സ് റെജിം എന്ന് പറയുന്നത്. ബാക്കിയെല്ലായിടത്തും ടാക്‌സ് സ്ലാബിനെക്കുറിച്ച് പറയുന്നതെല്ലാം ന്യൂ ടാക്‌സ് റെജിമിനെ ഉദ്ദേശിച്ചാണ്. ഓള്‍ഡ് ടാക്‌സ് റെജിമിനെ മരിക്കാതെ തന്നെ കുഴിച്ചിട്ടു. അതോടെ വ്യക്തിഗത സമ്പാദ്യത്തിന്റെ കൂടി ചരമഗീതം എഴുതപ്പെട്ടുകഴിഞ്ഞു.
സമ്പാദ്യം ഓരോ പൗരന്റെയും വ്യക്തിഗത ഉത്തരവാദിത്തമാണ് എന്നും അതില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നും ഓള്‍ഡ് ടാക്‌സ് റെജിമിനെ തീര്‍ത്തും അവഗണിച്ചതോടെ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ബാങ്ക് നിക്ഷേപത്തിന് മാത്രമാണ് ഇനി കൂടുതല്‍ പ്രോല്‍സാഹനം കിട്ടുക. ഓഹരി, മ്യൂച്വല്‍ഫണ്ട് നിക്ഷേപം വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പര്യത്തില്‍ നടത്തുക.
നികുതി ഇളവുകളിലൂടെ സര്‍ക്കാര്‍ പിന്തുണ കിട്ടുമെന്ന് കരുതേണ്ട. ഇടത്തരം ശമ്പള വരുമാനക്കാരുടെ ജീവിതത്തില്‍ ഇത് ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. പ്രത്യേകിച്ചും യുവാക്കളുടെ. സമ്പാദ്യമില്ലാത്ത ഒരു തലമുറ വളര്‍ന്നുവരാനാകും ഇത് ഇടയാക്കുക. നികുതി ഇളവ് ഉള്ളതുകൊണ്ട് മാത്രമാണ് മിക്ക യുവാക്കളും എന്തെങ്കിലുമൊക്കെ മിച്ചം പിടിച്ച് നിക്ഷേപിച്ചിരുന്നത്. ആ താല്‍പര്യമാണ് ഓള്‍ഡ് റെജിം ഇല്ലാതാകുന്നതോടെ അവസാനിക്കുന്നത്.
നോ സേവിംഗ്‌സ്, ഒണ്‍ലി സ്‌പെന്‍ഡിംഗ് എന്ന് സര്‍ക്കാര്‍ തന്നെ പറയാതെ പറയുന്നതാണ് ആദായ നികുതി പരിഷ്‌കാരത്തിലൂടെ കേള്‍ക്കുന്നത്. അതായത് ആദായ നികുതി പരിഷ്‌കാരം ആഹ്ലാദമല്ല, ആഘാതമാണ് നല്‍കുന്നത് എന്ന് ചുരുക്കം.
(പഴ്സനൽ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com, ഫോൺ - 9447667716)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business