ആഭരണം വിറ്റുകിട്ടിയ തുകയ്ക്ക് നികുതി ഇളവ് കിട്ടുമോ?

Mail This Article
Q ഈയിടെ മകളുടെ വിവാഹത്തിനായി 3.5 ലക്ഷം രൂപയുടെ പഴയ ആഭരണങ്ങൾ വിറ്റു പകരം 7.34 ലക്ഷം രൂപയുടെ ആഭരണം പുതുതായി വാങ്ങി. 24 വർഷം മുൻപ് എന്റെ വിവാഹത്തിനു വാങ്ങിയ സ്വർണമായതിനാൽ ബില്ലൊന്നും ഇല്ല. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ എനിക്ക് ശമ്പളവരുമാനത്തിന് നികുതി ബാധകമല്ലെങ്കിലും (അഞ്ചു ലക്ഷത്തിനു താഴെ) കൃത്യമായി റിട്ടേൺ നൽകുന്നുണ്ട്. സ്വർണം വിറ്റ വകയിൽ മൂലധനനേട്ടത്തിനു നികുതി നൽകണോ? ആ നികുതി ബാധ്യത എങ്ങനെ കണക്കാക്കാം. ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവു ലഭ്യമാണോ?
ശ്രീദേവി പാലക്കാട്
A ജ്വല്ലറിയുടെ വിൽപനമേൽ നികുതിബാധ്യതയുണ്ട്. ‘ക്യാപിറ്റൽ ഗയിൻസ്’ എന്നതിനിടയിലാണ് വിൽപനത്തുക ഉൾപ്പെടുത്തി നികുതിവിധേയമാക്കേണ്ടത്. വിൽപനയ്ക്കു മുൻപ് 24 മാസത്തിൽ കൂടുതൽ സമയം കൈവശം വച്ചതിനുശേഷമാണ് വിൽപന എന്നതിനാൽ ദീർഘകാല മൂലധന നേട്ടമായി വേണം ഈ ലാഭത്തെ കണക്കാക്കാൻ. പഴയ ജ്വല്ലറി വിൽക്കുമ്പോൾ പകരം ലഭിക്കുന്ന പുതിയ ജ്വല്ലറിയുടെ വിൽപന നടക്കുന്ന സമയത്തെ മാർക്കറ്റ് വിലയാണ് വിൽപനത്തുകയായി കണക്കാക്കേണ്ടത്. വിൽപനത്തുകയിൽനിന്നു വാങ്ങിയ വില കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണ് ദീർഘകാല മൂലധനനേട്ടം. വിൽപനയോട് അനുബന്ധിച്ചു വരുന്ന ചെലവുകളും കുറവു ചെയ്യാം. മൂലധന നേട്ടത്തിന്റെ 12.5% ആണ് നികുതി ബാധ്യത.

1. ഏപ്രിൽ 2001നു മുൻപു വാങ്ങിയതാണെങ്കിൽ ആ തീയതിയിലെ മാർക്കറ്റ് വില താങ്കളുടെ വാങ്ങിയ വിലയായി യഥാർഥ വാങ്ങിയ വിലയ്ക്കു പകരം മൂലധന നേട്ടം കണക്കാക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഈ മാർക്കറ്റ് വിലയാണ് യഥാർഥ വാങ്ങിയ വിലയെ ക്കാൾ കൂടുതലെങ്കിൽ ഈ വില വാങ്ങിയ വിലയായി എടുക്കുന്നതാവും ലാഭകരം. ജ്വല്ലറിയുടെ വിൽപനത്തുക ഒരു വീട് നിർമിക്കാനോ വാങ്ങാനോ വിനിയോഗിച്ചാൽ വകുപ്പ് 54F പ്രകാരം മൂലധനനേട്ട നികുതിബാധ്യതയിൽനിന്ന് ഒഴിവുനേടാം. മുഴുവൻ തുകയും വിനിയോഗിച്ചാൽ പൂർണമായി ബാധ്യതയിൽനിന്ന് ഒഴിവുനേടാം. ഭാഗികമായി വിനിയോഗിക്കുന്നപക്ഷം ആനുപാതികമായ ഒഴിവു നേടാം.
ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്