12 ലക്ഷം വരെ ശമ്പളം ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണോ? അത്രയും വരുമാനത്തിനും പൂർണ നികുതി ഇളവ് ഉണ്ടോ?

Mail This Article
കേന്ദ്ര ബജറ്റ് 2025-26 പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി രഹിത വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തിയതോടെ,12 ലക്ഷത്തിൽ താഴെ വരുമാനമുള്ള നിരവധി ശമ്പളക്കാര്‍ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ്.
അതുപോലെ 12 ലക്ഷം നികുതി ഇളവിനെ ചുറ്റിപറ്റി ഒട്ടേറെ സംശയങ്ങളും ആളുകൾക്ക് ഉണ്ട്. 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ നികുതി നൽകേണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി പ്രസ്താവിച്ചു. എന്നാൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂർണ നികുതി ഇളവ് ഉണ്ടെന്നത് വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കാര്യമാണ്. നിങ്ങൾ പ്രതിവർഷം 12 ലക്ഷം രൂപ സമ്പാദിക്കുന്നയാളാണെങ്കിൽ മൊത്തം വരുമാനം ഈ നികുതി സ്ലാബുകൾക്ക് കീഴിലാണ്.

4 രൂപ–8 ലക്ഷം രൂപ സ്ലാബ് (5%) = 20,000 രൂപ
8 രൂപ–12 ലക്ഷം രൂപ സ്ലാബ് (10%) = 40,000 രൂപ
മൊത്തം നികുതി ബാധ്യത = 60,000 രൂപ
ഇവിടെയാണ് റിബേറ്റിന്റെ പ്രസക്തി. സെക്ഷൻ 87 എ റിബേറ്റ് 25,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തി. ഇത് മൊത്തം നികുതി ബാധ്യതയായ 60,000 രൂപ ഇല്ലാതാക്കുകയാണ് ഫലത്തിൽ.
കൂടാതെ, 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നികുതിദായകർക്ക് കൂടുതൽ പ്രയോജനം ചെയ്യും. അതായത് 12.75 ലക്ഷം രൂപ വാർഷിക വരുമാനത്തിന് (12 ലക്ഷം + 75,000 രൂപ കിഴിവ്), നികുതി ബാധ്യത പൂജ്യമായിരിക്കും.
12 ലക്ഷം രൂപ വരെയുള്ള വരുമാനം (അല്ലെങ്കിൽ കിഴിവുകൾക്ക് ശേഷമുള്ള 12.75 ലക്ഷം രൂപ പോലും) നികുതി രഹിതമാണ്. എന്നാൽ 12 ലക്ഷത്തിന് പൂർണമായും നികുതി ഒഴിവാക്കിയിട്ടില്ല. നികുതി കണക്കാക്കും. ലഭ്യമായ റിബേറ്റ് വഴി അത് തട്ടി കിഴിഞ്ഞു പോകുന്നു എന്നതാണ് യാഥാർഥ്യം. 4 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് നികുതിയൊന്നും നൽകേണ്ടതില്ല അല്ലെങ്കിൽ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതില്ല.
4 ലക്ഷം രൂപയ്‌ക്കപ്പുറം നികുതി ബാധ്യത ഉണ്ട്. എന്നാൽ കിഴിവുകളും റിബേറ്റുകളും കാരണം 12 ലക്ഷം വരെ നികുതി കൊടുക്കേണ്ടി വരില്ല എന്ന് ചുരുക്കം.

ആദായ നികുതി ഫയൽ ചെയ്യേണ്ടതിന്റെ ആവശ്യം
യഥാർത്ഥത്തിൽ വരുമാനം അടിസ്ഥാന ഇളവ് പരിധിയായ 4 ലക്ഷം കവിയുന്നുവെങ്കിൽ അവർ ഇപ്പോഴും ഐടിആർ ഫയൽ ചെയ്യണം. റിബേറ്റിൽ ഉണ്ടായ ഇളവ് കാരണമാണ് 12 ലക്ഷം ലഭിക്കുന്നവർക്കും നികുതി അടക്കേണ്ടി വരാത്തത്. പക്ഷെ ഇവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് പല കാര്യങ്ങൾക്കും ആവശ്യമായി വരും.
∙അധിക ടിഡിഎസ് കിഴിവുകളുടെ കാര്യത്തിൽ നികുതി റീഫണ്ടുകൾ ക്ലെയിം ചെയ്യുമ്പോൾ
∙വായ്പ അപേക്ഷയ്ക്കോ വിസ പ്രോസസിങിനോ വേണ്ടി നികുതി ഫയൽ ചെയ്തത് കാണിക്കേണ്ടി വരുമ്പോൾ
∙നികുതി ആനുകൂല്യങ്ങൾക്കായി ഓഹരി വിപണിയിലെ മുൻ വർഷങ്ങളിലെ നഷ്ടം കാണിക്കേണ്ടി വരുമ്പോൾ
∙ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ ആദായ നികുതി വകുപ്പിൽ നിന്നുള്ള അറിയിപ്പുകൾ ഒഴിവാക്കാന്‍ ഒക്കെ റിട്ടേൺ ഫയൽ ചെയ്യേണ്ടത് ആവശ്യമാണ്.
∙ശമ്പളം അല്ലെങ്കിൽ പെൻഷൻ വരുമാനമുള്ള സാധാരണ വരുമാനക്കാർക്ക് മാത്രമേ പുതുക്കിയ നികുതി നിരക്ക് ബാധകമാകൂ.
∙മൂലധന നേട്ടം പോലുള്ള പ്രത്യേക പലിശ വരുമാനങ്ങൾക്ക് ഇത് ബാധകമല്ല.
∙12 ലക്ഷത്തിൽ താഴെ വരുമാനമുള്ള നികുതിദായകർക്ക് മൂലധന നേട്ടമോ വിദേശ വരുമാനമോ ബിസിനസ് വരുമാനമോ ഉണ്ടെങ്കിൽ നികുതി കൊടുക്കേണ്ടി വരും.
പുതിയ നികുതി വ്യവസ്ഥ ഇടത്തരക്കാർക്കുള്ള നികുതി ലളിതമാക്കുമ്പോൾ ശമ്പളക്കാരായ വ്യക്തികൾ നികുതി നിയമങ്ങൾ പാലിക്കുന്നതിനും സാമ്പത്തിക ആനുകൂല്യങ്ങൾ സുരക്ഷിതമാക്കുന്നതിനും ITR കൃത്യസമയത്ത് ഫയൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.