ഐടിആർ 2 റിട്ടേൺ എങ്ങനെ സ്വയം ഫയൽ ചെയ്യും?

Mail This Article
Q മൂലധനനേട്ടം ഉള്ളതിനാൽ ഇത്തവണ ഐടിആർ 2 ൽ വേണം റിട്ടേൺ ഫയൽചെയ്യാൻ. സീനിയർ സിറ്റിസൺ ആയ എനിക്ക് സ്വന്തമായി അതെങ്ങനെ ചെയ്യാം എന്നു പറഞ്ഞു തരാമോ?
ജോസഫ് മാത്യു, ഇടുക്കി
A ആദായ നികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിനുശേഷം മെനുവിൽനിന്ന് ‘efile’ എന്നു കാണുന്ന ഐറ്റം ക്ലിക്ക് ചെയ്യുക. തുടർന്നു മെനുവിൽ ‘ഇൻകം ടാക്സ് റിട്ടേൺസും’, അതിനടിയിൽ ‘ഫയൽ ഇൻകം ടാക്സ് റിട്ടേണും’ ക്ലിക്ക് ചെയ്യുക.

അടുത്ത സ്‌ക്രീനിൽ അസെസ്മെന്റ് ഇയർ ഏതാണെന്നും ‘ഓൺലൈൻ’ എന്ന മോഡും തിരഞ്ഞെടുക്കുക. വരുന്ന സ്‌ക്രീനിൽ താങ്കൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഫയൽചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും അതിനടുത്ത സ്‌ക്രീനിൽ ‘ITR-2’ ആണ് ഫയൽചെയ്യുന്നത് എന്നതും തിരഞ്ഞെടുത്തു മുന്നോട്ടു പോകുക. താങ്കൾ എന്തുകൊണ്ടാണ് റിട്ടേൺ ഫയൽചെയ്യുവാൻ തല്‍പരനാവുന്നത് എന്ന ചോദ്യത്തിന് ഉത്തരം തിരഞ്ഞെടുത്തശേഷം മുന്നോട്ടുപോകുക. അടുത്തതായി ‘ജനറൽ’, ’ഇൻകം’, ‘ഡിഡക്‌ഷൻ’, ‘ടാക്സ്’, ‘അദേഴ്സ്’ എന്നീ വിഭാഗങ്ങൾ കാണാം. ഓരോന്നിലും ക്ലിക്ക് ചെയ്യുമ്പോൾ ഓരോ വിഭാഗത്തിനടിയിലുമുള്ള ഷെഡ്യൂളുകൾ കാണാം.
ഏതൊക്കെ ഷെഡ്യൂളുകളിലാണ് താങ്കൾ വിവരങ്ങൾ നൽകേണ്ടത് എന്നതിന്റെ അടിസ്‌ഥാനത്തിൽ വിവിധ ഷെഡ്യൂളുകൾ തിരഞ്ഞെടുക്കാം. അടുത്ത സ്‌ക്രീനിൽ തിരഞ്ഞെടുത്ത ഷെഡ്യൂളുകൾ ഒന്നിനടിയിൽ ഒന്നായി കാണാം. ഓരോന്നിലും ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ചു പുറത്തു വരാം. പല വിവരങ്ങളും തനിയെ അപ്ഡേറ്റ് ആകും. അവയിൽ വ്യത്യാസങ്ങൾ വരുത്തണമെങ്കിൽ അവിടെത്തന്നെ ക്ലിക്ക് ചെയ്തു ശരിയായ വിവരങ്ങൾ പൂരിപ്പിക്കാം.
ഓരോന്നും പൂർണമായി പൂരിപ്പിച്ചു കഴിയുമ്പോൾ പച്ചനിറത്തിൽ ‘കൺഫേംഡ്’ എന്ന വാക്ക് ഓരോ ഷെഡ്യൂളിനെതിരെയും പ്രത്യക്ഷപ്പെടും. പുറകിലേക്കു പോയി കൂടുതൽ ഷെഡ്യൂളുകൾ തിരഞ്ഞെടുക്കാനും വേണ്ട എന്നു തോന്നുന്നവ മാറ്റുവാനുമുള്ള ബട്ടണുകൾ ഷെഡ്യൂളുകളുടെ ഈ സ്‌ക്രീനിനടിയിലായി കാണാം. വിവരങ്ങളെല്ലാം പൂരിപ്പിച്ച് എല്ലാ ഷെഡ്യൂളുകൾക്കെതിരെയും പച്ച നിറത്തിൽ ‘കൺഫേംഡ്’ എന്ന വാക്കു കണ്ടശേഷം താഴെ കാണുന്ന ‘പ്രിവ്യു റിട്ടേൺ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
താങ്കൾ പൂരിപ്പിച്ച ഷെഡ്യൂളുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ തയാറാക്കിയിരിക്കുന്ന ‘ITR-2’ റിട്ടേൺ പ്രത്യക്ഷപ്പെടും. അതിൽ മാറ്റങ്ങൾ വരുത്തണം എങ്കിൽ പുറകിലേക്കു പോയി മാറ്റാം. ITR-2ലെ വിവരങ്ങൾ തൃപ്തികരം എങ്കിൽ ‘പ്രൊസീഡ് ഫോർ വാലിഡേഷൻ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം. അടുത്ത സ്‌ക്രീനിൽ റിട്ടേണിൽ പിഴവുകളുണ്ടങ്കിൽ അവ ഓരോന്നായി കാണാം. പുറകിലേക്കു പോയി തിരുത്തിയ ശേഷം തിരിച്ചുവരുമ്പോൾ ആ പിഴവുകൾ അപ്രത്യക്ഷമാകും. അവയ്ക്കു പകരം ‘വാലിഡേഷൻ സക്സസ്ഫുൾ’ എന്ന് പച്ചനിറത്തിൽ കാണാം. സ്ക്രീനിനു താഴെയായി ‘പ്രൊസീഡ് ഫോർ വെരിഫിക്കേഷൻ’ എന്നിടത്ത് ക്ലിക്ക് ചെയ്താൽ റിട്ടേണിൽ താങ്കൾ ഒപ്പുവച്ച് അതിലെ വിവരങ്ങൾ ശരിയാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സ്ക്രീനിലേക്ക് എത്തും. ഡിജിറ്റൽ സിഗ്നേച്ചർ വഴിയോ, ആധാർ ഒടിപി വഴിയോ റിട്ടേണിൽ ഡിജിറ്റലായി ഒപ്പിടാം. ഇപ്പോഴല്ലാതെ പിന്നീട് സൈൻ ചെയ്യുവാനുള്ള ഓപ്‌ഷനും ഉണ്ട്.
അനുയോജ്യമായതു തിരഞ്ഞെടുത്തു മുൻപോട്ടു പോകുന്നതോടെ റിട്ടേൺ ഫയലിങ് അവസാനിച്ചു. തിരിച്ചു ഹോംപേജിൽ വന്ന് ഏറ്റവും ആദ്യം ചെയ്തതുപോലെ മെനുവിൽനിന്ന് ‘efile’ എന്നു കാണുന്ന ഐറ്റം ക്ലിക്ക് ചെയ്യുക. തുടർന്നു കാണപ്പെടുന്ന മെനുവിൽ ‘ഇൻകം ടാക്സ് റിട്ടേൺസും’ അതിനടിയിൽ ‘വ്യൂ ഫയൽഡ് റിട്ടേൺസും’ ക്ലിക്ക് ചെയ്താൽ താങ്കൾ സമർപ്പിച്ച റിട്ടേൺ ഫയൽ ചെയ്തതായി കാണാം.

ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ
ജനുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്