വില്ലനല്ല ക്രെഡിറ്റ് സ്കോർ; തകർന്ന ക്രെഡിറ്റ് സ്കോര്‍ സ്വര്‍ണവായ്പയിലൂടെ തിരിച്ചുപിടിക്കാം
.jpg?w=1120&h=583)
Mail This Article
വായ്പ എടുക്കാന്‍ ആലോചിക്കുന്നവരെയും വായ്പ എടുത്ത് എപ്പോഴെങ്കിലും വീഴ്ച വരുത്തിയവരെയും എല്ലാം സംബന്ധിച്ച് വില്ലനാണ് ക്രെഡിറ്റ് സ്കോര്‍. എന്നാല്‍ ക്രെഡിറ്റ് സ്കോറിനെ ഒരിക്കലും വില്ലനായി കരുതരുതെന്നും എങ്ങനെ സുഹൃത്താക്കി മാറ്റാമെന്നാണ് ആലോചിക്കേണ്ടതെന്നും പറയുന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ്.
ക്രെഡിറ്റ് സ്കോര്‍ ഒരിക്കലും ഒരു വില്ലന്‍ അല്ലെന്ന് തിരിച്ചറിയണം. അതിനെ എങ്ങനെ സുഹൃത്താക്കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ലോണിന് മാത്രമല്ല, കമ്പനികള്‍ ജോലിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഇന്ന് ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്ന പതിവുണ്ട്. എന്തിന് കല്യാണ ആലോചനയുടെ കാര്യത്തില്‍ പോലും ക്രെഡിറ്റ് സ്കോര്‍ ചോദിക്കുന്ന കാലമാണെന്ന തമാശകള്‍ വരുന്നു-അദ്ദേഹം പറയുന്നു.

രണ്ട് കാര്യങ്ങളാണ് ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടുള്ളത്
പല ധനകാര്യ സ്ഥാപനങ്ങളും ലോണ്‍ നല്കുമ്പോള് നിങ്ങള്‍ക്ക് ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടോയെന്ന് വിലയിരുത്തും. ഇതിനായി ക്രെഡിറ്റ് സ്കോറിനെയാണ് ആശ്രയിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കൂടി ആശ്രയിച്ചാകാം അവര്‍ വായ്പ നല്‍കുന്നത്.
നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ മോശമായ സാഹചര്യവുമുണ്ടാകാം. വായ്പ എടുത്ത് ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവ് തല്‍ക്കാലത്തേക്കെങ്കിലും മുടങ്ങിയെങ്കില്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ പലര്‍ക്കും ഇതുപോലെ ക്രെഡിറ്റ് സ്കോര്‍ മോശമായിട്ടുണ്ട്. എന്നാല്‍ ഒരു തവണ മോശമായിക്കഴിഞ്ഞാലും എങ്ങനെ ക്രെഡിറ്റ് സ്കോര്‍ ബില്‍ഡ് ചെയ്യാം എന്നതാണ് ചിന്തിക്കേണ്ടത്.
പല സ്ഥാപനങ്ങളും മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടോയെന്ന് നോക്കിയാണ് ലോണ്‍ നല്‍കുന്നത്. എന്നാല്‍ മറ്റ് നിരവധി സ്ഥാപനങ്ങള്‍ ക്രെഡിറ്റ് സ്കോറിനെ ലോണ്‍ നല്‍കാനുള്ള പല മാനദണ്ഡങ്ങളില്‍ ഒന്നായി മാത്രം കാണുന്ന സംവിധാനവുമുണ്ട്.
അത്തരം സ്ഥാപനങ്ങള്‍ ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതുകൊണ്ട് മാത്രം ഉപഭോക്താവിന് വായ്പ നല്കാതിരിക്കില്ല. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് അങ്ങനെയാണ്. ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതുകൊണ്ട് മാത്രം ഞങ്ങള്‍ ലോണ്‍ നല്കാതിരിക്കില്ല. കാരണം ഞങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് സാധാരണക്കാരാണ്.

ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ വളരെ നല്ലത്. ഇല്ലെങ്കില്‍ പകരമുള്ള മറ്റ് സംവിധാനങ്ങള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തും, ബാങ്ക് സ്റ്റേറ്റ്മെന്റ്, യുപിഐ പേമെന്റ് ഹിസ്റ്ററി ഇവയൊക്കെ കണക്കിലെടുക്കും. ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ ഇതിനൊന്നും ക്രെഡിറ്റ് സ്കോര്‍ അത്യാവശ്യ മാനദണ്ഡമായി ഞങ്ങള്‍ കാണുന്നില്ല.
∙ സ്കോര്‍ എങ്ങനെ തിരിച്ചുപിടിക്കാം
30 വര്‍ഷം നീളുന്ന കരിയറില്‍ ഒരാള്‍ക്ക് ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. ഇതിനിടയില്‍ താല്‍ക്കാലിക പ്രശ്നങ്ങള്‍ കാരണം ക്രെഡിറ്റ് സ്കോര്‍ മോശമാകുന്ന സാഹചര്യമുണ്ടാകാം. എന്നാല്‍ അത് കാരണം പല സ്ഥാപനങ്ങളും അവര്‍ക്ക് പിന്നീട് ലോണ്‍ നല്‍കാറില്ല.
താല്‍ക്കാലികമായി ക്രെഡിറ്റ് സ്കോര്‍ താഴ്ന്നവര്‍ക്ക് തിരിച്ച് നല്ല സ്കോറിലേക്കെത്താനുള്ള മികച്ചൊരു മാര്‍ഗം സ്വര്‍ണവായ്പയാണ്. സാധാരണയായി ഗോള്‍ഡ് ലോണിന് ക്രെഡിറ്റ് സ്കോര്‍ നോക്കാറില്ല. ക്രെഡിറ്റ് സ്കോര്‍ മോശമാണെങ്കില്‍ അത് റീബില്‍ഡ് ചെയ്യാനുള്ള ഏറ്റവും മികച്ച പരിഹാരം ഗോള്‍ഡ് ലോണാണ്. താല്‍ക്കാലിക ഗോള്‍ഡ് ലോണ്‍ എടുത്ത് സമയത്തിന് വായ്പ തിരിച്ചടയ്ക്കുക. അപ്പോള്‍ സ്കോര്‍ റീബില്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കും.
നിങ്ങളുടെ വായ്പാ തിരിച്ചടവ് സ്വഭാവത്തിന്റെ പ്രശ്നമല്ല ക്രെഡിറ്റ് സ്കോര്‍ മോശമായത്, മറിച്ച് താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണെന്ന് ബോധ്യപ്പെടുത്താന്‍ ഇത് സഹായിക്കും.

∙ റിപ്പോര്‍ട്ട് ചെയ്യും
കസ്റ്റമറുടെ ക്രെഡിറ്റ് സ്കോര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നത് ഇപ്പോള്‍ റെഗുലേഷനാണ്. നിയമം പാലിക്കുന്നതിന്റെ ഭാഗമായി അത് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. ക്രെഡിറ്റ് ബ്യൂറോകളിലാണ് ഇത് ശേഖരിക്കപ്പെടുക.
∙ ചെറുകിടക്കാര്‍ക്കൊപ്പം
ഏകദേശം 6 കോടിയിലധികം ചെറുകിട കച്ചവടക്കാര്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 14 ശതമാനം പേര്‍ക്ക് മാത്രമേ ഇപ്പോഴും വായ്പ എത്തിയിട്ടുള്ളൂ. ന്യൂജെന്‍ ബിസിനസ് മോഡലുകളുടെ വരവോടെ അവര്‍ക്ക് നിലനില്ക്കാന് വേണ്ട കാര്യങ്ങള്‍ ട്രേഡ് മോഡേണൈസേഷനും വികസനവുമാണ്. ഇതിന് രണ്ടിനും വായ്പ വേണം. പരമ്പരാഗത ബാങ്കുകളില്‍ നിന്ന് ഇത് ലഭിക്കുന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും ഐടിആര്‍ ഉള്‍പ്പടെ നിരവധി മാനദണ്ഡങ്ങള്‍ അവിടെ വേണ്ടി വരും. ഞങ്ങള്‍ക്ക് ഐടിആര്‍ നിര്‍ബന്ധമല്ല. ഞങ്ങള്‍ക്ക് 4000ത്തോളം ബ്രാഞ്ചുകളുണ്ട്. ബ്രാഞ്ചിനടുത്തുള്ള കച്ചവടക്കാര്‍ക്ക് അവരുടെ തിരിച്ചടവ് ശേഷി മാത്രം നോക്കി വായ്പ നല്കുന്ന സംവിധാനമാണ് ഞങ്ങളുടേത്. വ്യാപാര്‍ മിത്ര എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്-അദ്ദേഹം പറയുന്നു.