സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി സര്‍ക്കാര്‍

Mail This Article
സാമ്പത്തിക സാക്ഷരത വ്യാപകമായി പ്രചരിപ്പിക്കാന്‍ വലിയ ചുവടുവയ്പ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് ഫലപ്രദമാക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തിരിക്കുന്നു.
മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങളുടെ വ്യക്തിഗത സമ്പാദ്യത്തേയും നിക്ഷേപത്തേയും പ്രോല്‍സാഹിപ്പിക്കാന്‍ ശരിയായ ദിശയിലുള്ള വലിയ ചുവടുവയ്പായാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഈ രംഗത്തുള്ളവര്‍ കാണുന്നത്. വ്യക്തിഗത സമ്പാദ്യത്തെയും നിക്ഷേപത്തേയും പ്രോല്‍സാഹിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്ര സർക്കാർ പിന്നോക്കം പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ശ്രദ്ധേയമാകുന്നത്.
ഇത്തരത്തില്‍ ചുവടുവയ്പ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കൂടിയായി കേരളം മാറിയിരിക്കുകയാണ്. മറ്റുപല മാതൃകകളും രാജ്യത്തിന് സമ്മാനിച്ച കേരളത്തിന് സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുന്ന നടപടികളിലും മുന്‍ഗാമിയാകാന്‍ കഴിയും.
നിക്ഷേപ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യവും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സാമ്പത്തിക മാനേജ്‌മെന്റിന്റെ കുഴപ്പങ്ങള്‍ മൂലം നിരവധി കുടുംബങ്ങള്‍ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കാനും നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
ജനങ്ങള്‍ക്കിടയില്‍ ശരിയായ സാമ്പത്തിക സാക്ഷരത ഉണ്ടാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഈ ചുവടുവയ്പ് നടത്തുന്നത്. വിവിധ ഏജന്‍സികളുമായും സംഘടനകളുമായും ചേര്‍ന്നുകൊണ്ട് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 200 സ്‌കൂളുകളില്‍ ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇത് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച് കുട്ടികളെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റാനുള്ള കാമ്പയിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നതും കുടുംബങ്ങളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ആവശ്യം കൂടിയാണ് ഇനി അവശേഷിക്കുന്നത്. സംസ്ഥാനം ധീരമായ ആ നടപടിയും ഉടനെ കൈക്കൊള്ളുമെന്ന് പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.
(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻ്ററമാണ് ലേഖകൻ)