പ്രത്യേക നികുതി നിരക്കുള്ള വരുമാനങ്ങൾക്ക് റിബേറ്റ് ബാധകമല്ല
.jpg?w=1120&h=583)
Mail This Article
ബജറ്റ് പ്രഖ്യാപനങ്ങളോടനുബന്ധിച്ച്, 'മൂലധന നേട്ട വരുമാനം ഉണ്ടെങ്കിൽ റിബേറ്റ് ലഭിക്കില്ല' എന്ന തലക്കെട്ടോടു കൂടിയ വാർത്ത വായിച്ചു. 'മൂലധന നേട്ടം' (ക്യാപ്പിറ്റൽ ഗെയിൻസ്)ഉണ്ടെങ്കിൽ മറ്റുള്ള വരുമാനങ്ങളുടെ നികുതി ബാധ്യതയ്ക്കു ലഭ്യമാവേണ്ട റിബേറ്റും നഷ്ടപ്പെടുമോ?
-വരദരാജൻ
2025 ഫിനാൻസ് ബില്ല് പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് നികുതി ബാധ്യത ഇല്ല. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്റെ നികുതി ബാധ്യതയിൽ നിന്ന് വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് കുറവ് ചെയ്യാം എന്നുള്ളത് കൊണ്ടാണ് നികുതി ബാധ്യത ഇല്ലാത്തത്. 2025-26 സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന വരുമാനങ്ങൾക്കാണ് മേൽപറഞ്ഞവ ബാധകം. എന്നാൽ പുതിയ സ്കീമിലെ (വകുപ്പ് 115BAC) സ്ലാബ് റേറ്റ് ഉപയോഗിച്ച് നികുതി ബാധ്യത കണക്കാക്കിയാലെ മേൽപറഞ്ഞ റിബേറ്റ് ലഭ്യമാവൂ. സ്ലാബ് റേറ്റ് അല്ലാത്ത പ്രത്യേക നികുതി നിരക്കുകൾ ബാധകമാകുന്ന വരുമാനങ്ങൾക്ക് റിബേറ്റ് ബാധകമല്ല. മൂലധനനേട്ടം, ലോട്ടറി സമ്മാനത്തുക, ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനം എല്ലാം ഇതിൽ ഉൾപ്പെടും. ഈ വരുമാനങ്ങൾ മൊത്ത വരുമാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇവയുടെ നികുതി ബാധ്യതയ്ക്ക് മാത്രം റിബേറ്റ് ലഭിക്കില്ല. സ്ലാബ്റേറ്റ് ബാധകമായ മറ്റു വരുമാനങ്ങൾക്ക് ലഭിക്കും.