കേന്ദ്ര ബജറ്റ് 'മധ്യ വർഗ - വരുമാന കെണി' ആണോ?

Mail This Article
കഴിഞ്ഞയിടെ കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അവതരിപ്പിച്ച വേളയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു ' ഇടത്തര വരുമാന കെണിയിൽ '( Middle income trap) ആയിരുന്നു. ഒപ്പം തന്നെ ഒരു ' മധ്യവർഗ കെണിയും' ( Middle class trap) ഉണ്ടായിരുന്നു.
എന്താണ് മധ്യവർഗ കെണി?
വിലക്കയറ്റം കാരണം മധ്യവർഗത്തിന്റെ ഉപഭോഗശേഷി കുറഞ്ഞതാണ് അവർ നേരിടുന്ന പ്രതിസന്ധി. കൂടാതെ ഉയർന്ന നികുതിയും നൽകേണ്ടി വരുന്നു. പരോക്ഷ നികുതി ഭാരവും വലുതാണ്. അവർ അകപ്പെട്ടിരിക്കുന്ന ഈ കെണിയിൽനിന്ന് രക്ഷപ്പെടുത്താൻ ഒരു ശ്രമം ഈ ബജറ്റ് നടത്തിയിട്ടുണ്ടോ? അതായത്, ആദായ നികുതിയിലുള്ള മാറ്റമാണ് എടുത്തു പറയേണ്ടത്.

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി കൊടുക്കേണ്ടി വരില്ല, പുതിയ സ്കീം പ്രകാരം. 75,000 സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ കൂടെ ചേർത്താൽ 12.75 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. നേരത്തെ 7 ലക്ഷം എന്നായിരുന്നതാണ് 12 ലക്ഷം ആക്കിയത്. ഈ പരിധിക്ക് പുറത്തായാൽ നികുതി നൽകണം. പുതുക്കിയ നിരക്ക് ഇങ്ങനെയാണ്.
4 ലക്ഷം വരെ - നികുതി ഇല്ല
4-8 ലക്ഷം വരെ 5%
8-12ലക്ഷം വരെ 10%
12-16ലക്ഷം വരെ 15%
16 -20 ലക്ഷം വരെ 20%
20-24ലക്ഷം വരെ 25%
24ലക്ഷത്തിന് മുകളിൽ 30%
ഇങ്ങനെയാണ് പുതിയ നികുതി. ഇത് തീർച്ചയായിട്ടും മധ്യവർഗത്തിന് ആശ്വാസം തന്നെയാണ്. എന്നാലും നമ്മൾ നേരിടേണ്ടി വരുന്ന വിലക്കയറ്റത്തിനെ പൂർണമായും ഉൾകൊണ്ടുകൊണ്ടുള്ള നികുതി ബ്രാക്കറ്റുകൾ അല്ല ഇത്. മധ്യ വർഗത്തിൽപ്പെട്ട ശമ്പളക്കാരുടെയും പെൻഷൻകാരുടെയും നികുതിഭാരം കുറയുമെന്നതിൽ സംശയമില്ല. സർക്കാർ അവകാശപ്പെടുന്നത് ഇത് മൂലം ഒരു ലക്ഷം കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്നാണ്.
കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയതും 36 ജീവൻരക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും ആശ്വാസകരമാണ്. പക്ഷേ, ജിഎസ്ടിയിൽ ഇനിയും മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. അതിന് ജിഎസ്ടി കൗൺസിലിലൂടെ സർക്കാര്‍ എന്തു ചെയ്യുമെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു.
ഫലത്തിൽ മധ്യവർഗത്തിനെ കുറഞ്ഞ ഉപഭോഗ കെണിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഒരു പരിധി വരെയുണ്ടെങ്കിലും ഇവരുടെ ഉപഭോഗം വർധിപ്പിക്കുന്നത് മുഖേന വളർച്ച ത്വരിതപ്പെടുത്താനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടണം.

എന്താണ് ഇടത്തര വരുമാന കെണി?
ഇതു നമ്മുടെ വളർച്ചാതോതുമായി ബന്ധപ്പെട്ടിരിക്കുന്നു. അവസാനത്തെ 40 പാദവർഷത്തെ വളർച്ച ശരാശരി 6.1% ആകുന്നു. എന്നാൽ അതിന് മുമ്പുള്ള 10 വർഷത്തെ ശരാശരി വളർച്ച തോത് 7.6% ആയിരുന്നു. അതിനർത്ഥം നാം ഇപ്പോൾ കൈവരിക്കുന്ന വളർച്ച നൽകുന്നത് ഇടത്തരം വരുമാനം മാത്രമാണ്. പലപ്പോഴും അത് 6 ന്റെ പരിസരത്തുതന്നെയാണ്. അതുകൊണ്ടാണ് ഇതിനെ മിഡിൽ ഇൻകം ട്രാപ് എന്നു പറയുന്നത്.
അത് പരിഹരിക്കാനുള്ള ഒരു ശ്രമം ഇതിൽ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉപഭോഗം മെച്ചപ്പെടുത്തുന്നതിന് നികുതി നിരക്കിൽ മാറ്റം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിക്ഷേപത്തിന്റെ കാര്യത്തിൽ അത് വന്നിട്ടില്ലായെന്നു തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ഇരട്ട മാന്ദ്യമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക്. 1.സ്വകാര്യനിക്ഷേപത്തിലെ കുറവ്.
2. കുറഞ്ഞുകൊണ്ടിരിക്കുന്ന പൊതുനിക്ഷേപം.
കോവിഡ് കാലത്ത് സർക്കാരിന്റെ നിക്ഷേപം മെച്ചപ്പെട്ടിരുന്നെങ്കിലും അതിപ്പോൾ കുറഞ്ഞു. മൂലധനച്ചെലവ് പരിശോധിച്ചാലും നമുക്കത് കാണാൻ കഴിയും സ്വകാര്യനിക്ഷേപമാണെങ്കിൽ, കോർപറേറ്റ് മേഖല ഉൾപ്പെടെയുള്ളവരുടെ നിക്ഷേപം കൂടുന്നില്ല. അത് വർധിപ്പിക്കുന്നതിനുള്ള ശ്രമം ബജറ്റിൽ ഉണ്ടായിട്ടില്ല.
ചുരുക്കത്തിൽ മിഡിൽ ഇൻകം ട്രാപ്പിൽ നിന്നു കരകയറാനുള്ള ശ്രമം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഉൽപാദന മേഖലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തതുമില്ല. കാർഷിക മേഖലയ്ക്ക് കൊടുത്ത പ്രാധാന്യവും എംഎസ്എംഇ ക്ക് കൊടുത്ത പ്രാധാന്യവും തനിയാവർത്തനമാണ്. പ്രൊഡക്‌ഷൻ ലിങ്ക് സ്കീമുകൾ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ച് നിക്ഷേപം ത്വരിതപ്പെടുത്താനുള്ള നിർദേശങ്ങൾ വരേണ്ടിയിരിക്കുന്നു.
ഏതായലും സ്വകാര്യനിക്ഷേപത്തിലും, പൊതു നിക്ഷേപത്തിലും മാറ്റം വരുത്താനുള്ള ശ്രമം ബജറ്റിൽ ഇല്ല. മൂലധനച്ചെലവിനകത്തും വിപ്ലവകരമായ മാറ്റം നമുക്ക് കാണാൻ കഴിയുന്നില്ല. 11.1 ലക്ഷം കോടി രൂപയാണ് നമ്മൾ കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്നത്. അത് ജിഡിപിയുടെ 3.4 ശതമാനമാണ്. അതിപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ കണക്ക് പ്രകാരം 10ലക്ഷം കോടിക്ക് പുറത്താണ് എന്നു പറയുമ്പോൾ 3.2 നും 3.3 ശതമാനത്തിനും ഇടയിൽ വരാനാണ് സാധ്യത. ഇത് കുറഞ്ഞത് 3.5 % എങ്കിലും ആക്കിയിരുന്നെങ്കിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കുറച്ച് കരുത്താകുമായിരുന്നു. മാനുഫാക്ചറിങ് സെക്ടറിൽ ലെതർ, ടെക്സ്റ്റൈൽസ് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തത് ഈ സാഹചര്യത്തിൽ ശരിയായ സമീപനമാണ്.
സാമൂഹിക സുരക്ഷിത മേഖലകൾ
ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾക്ക് കുറച്ച് നിർദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും മൊത്ത ചെലവ്, നിഷ്‌കർഷിത പരിധിക്കും വളരെ താഴെയാണ്. പുതിയ വിദ്യാഭ്യാനയം നിഷ്കർഷിക്കുന്ന ജിഡിപിയുടെ 6 ശതമാനത്തിൽ വിദ്യാഭ്യാസത്തിനായി നീക്കി വച്ച തുക എത്തില്ല എന്നു കാണാൻ കഴിയും. ഇപ്പോഴുള്ള 3 ശതമാനത്തിന് അകത്തുതന്നെ നിൽക്കാനാണ് സാധ്യത.ആരോഗ്യ മേഖലയിൽ ജിഡിപിയുടെ 5 ശതമാനം എത്തണമെന്നു പറയുന്നിടത്ത് ഇപ്പോൾ 2.5 ശതമാനത്തിനു താഴെയാണ്.
ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.