ബിറ്റ് കോയിൻ തകരാൻ തുടങ്ങുന്നോ? സൂചനകൾ വന്നു തുടങ്ങി

Mail This Article
കനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ട്രംപ് പുതിയ ചുങ്കം പ്രഖ്യാപിച്ചതിനെത്തുടർന്ന് ബിറ്റ്കോയിൻ ഇന്നലെ 3.9% ഇടിഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് ക്രിപ്റ്റോ മാർക്കറ്റിൽ 11000 കോടി ഡോളറിലധികം മൂല്യം ഇല്ലാതാക്കി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ക്രിപ്റ്റോ വിപണിയിലേക്കുള്ള അറ്റ മൂലധന ഒഴുക്ക് 5200 കോടി ഡോളറിൽ നിന്ന് ഏകദേശം 2650കോടി ഡോളറായി കുറഞ്ഞു.
അമേരിക്കൻ സമ്പദ് വ്യവസ്ഥ അടുത്ത ഒരു വർഷത്തിനുള്ളിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന സർവേകളും ബിറ്റ് കോയിനും തിരിച്ചടിയായി.
എക്കാലത്തെയും വലിയ ക്രിപ്‌റ്റോകറൻസി മോഷണം
ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബൈബിറ്റ് അടുത്തിടെ എക്‌സിലെ ഒരു പോസ്റ്റിൽ ഹാക്ക് ചെയ്യപ്പെട്ടതായും 1500കോടി ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോകറൻസി (എതെറിയം) നഷ്ടപ്പെട്ടതായും പ്രഖ്യാപിച്ചു. എക്കാലത്തെയും വലിയ ക്രിപ്‌റ്റോകറൻസി മോഷണമാണിത്. 2021 - ൽ പോളിനെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് 61കോടി ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളാണ് ഇതിനുമുമ്പ് ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി മോഷണം നടന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ക്രിപ്‌റ്റോ ഗവേഷണ ഗ്രൂപ്പായ അർഖാം ഇന്റലിജൻസ്, ലാസറസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കിങ ഗ്രൂപ്പാണ് മോഷണത്തിന് പിന്നിലെന്ന് ആരോപിക്കുന്നു. 2009 മുതൽ സൈബർ കുറ്റകൃത്യങ്ങൾ നടത്തിവരുന്ന ഉത്തരകൊറിയൻ സർക്കാരുമായി ബന്ധമുള്ള കുപ്രസിദ്ധമായ സൈബർ കുറ്റകൃത്യ ഗ്രൂപ്പാണ് ലാസറസ് ഗ്രൂപ്പ്.
വെള്ളിയാഴ്ചത്തെ ഹാക്കിങിന് അക്രമികളെ തിരിച്ചറിയാൻ കഴിയുന്ന ആർക്കും 50,000 ARKM ടോക്കണുകൾ പാരിതോഷികം നൽകുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ നേരത്തെ അർഖാം ഒരു പോസ്റ്റിൽ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, ആക്രമണകാരികൾ ഉത്തരകൊറിയൻ ഹാക്കർ ഗ്രൂപ്പാണെന്നതിന് "നിർണ്ണായക തെളിവ്" സമർപ്പിച്ചതായി പ്ലാറ്റ്‌ഫോം പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് എന്ന് സ്വയം വിശേഷിപ്പിക്കുന്നതും 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ളതുമായ ബൈബിറ്റിലാണ് ഹാക്കർമാർ ആക്രമണം നടത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. ക്രിപ്റ്റോ കറൻസികൾ വാങ്ങിയാൽ മാത്രം സമ്പത്ത് വളരില്ല, അവയെ വേണ്ട രീതിയിൽ സൂക്ഷിക്കാനും പഠിക്കണം എന്നാണ് ഹാക്കിങ് വാർത്തകൾ നിക്ഷേപകരെ പഠിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.