ഇപിഎഫ് ഇൻഷുറൻസ്: പുതിയ പരിഷ്കാരം ആശ്വാസമാകും; വരുത്തിയത് 3 ഭേദഗതികൾ

Mail This Article
ന്യൂഡൽഹി∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.
മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിനു മുൻപ് അംഗം മരണപ്പെടുന്ന സാഹചര്യങ്ങളിൽ 50,000 രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യം കുടുംബത്തിനു ലഭ്യമാക്കും. ഈ കുറഞ്ഞ കാലയളവിൽ നൽകിയ തുച്ഛമായ വിഹിതത്തിന് ഏറെക്കുറെ തത്തുല്യമായ തുകയാണ് നിലവിൽ ഇത്തരം കേസുകളിൽ കിട്ടിയിരുന്നത്.

6 മാസത്തിനുള്ളിലെ മരണം: ഇഡിഎൽഐ സ്കീമിലെ അവസാന വിഹിതമടച്ച് ശേഷമുള്ള 6 മാസത്തിനുള്ളിൽ മരണം സംഭവിച്ചാലും ഇനി ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. മുൻപ് ഇത് ലഭ്യമായിരുന്നില്ല.
ഇടവേള 2 മാസം വരെ: രണ്ടു സ്ഥാപനങ്ങളിലെ തൊഴിലുകൾക്കിടയിലുള്ള ചെറുഇടവേളകൾ മൂലം ഇഡിഎൽഐയുടെ പൂർണ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ഇനി മുതൽ 2 മാസം വരെയുള്ള ഇടവേളകളും ആനുകൂല്യം ലഭിക്കാൻ തടസ്സമാകില്ല.

‘72% അപേക്ഷകൾ പ്രോസസ് ചെയ്തു’
ന്യൂഡൽഹി∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനായി ലഭിച്ച അപേക്ഷകളിൽ 72 ശതമാനവും പ്രോസസ് ചെയ്തതായി ഇപിഎഫ്ഒ അറിയിച്ചു. 31നകം ബാക്കിയുള്ളവയും പൂർത്തിയാക്കും. കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ്സ് സിസ്റ്റം വഴി 69.35 ലക്ഷം പെൻഷൻകാർക്ക് 1,710 കോടി രൂപ നൽകി.
തൊഴിൽദാതാവിന്റെ വിഹിതത്തിൽ കുടിശിക വന്നാൽ ബാധകമാകുന്ന പിഴയിൽ കൂടുതൽ ഇളവു കൊണ്ടുവന്നു. 2024 ജൂൺ മുതൽ വിഹിതം മുടങ്ങുന്ന ഓരോ മാസത്തിനും ഒരു ശതമാനം വീതം പിഴയാണ് ഈടാക്കുന്നത്. അതിനു മുൻപ് 2 മാസം വരെ കുടിശിക വരുത്തിയാൽ പ്രതിവർഷം 5%, 2 മുതൽ 4 മാസം വരെയുള്ള കുടിശികയ്ക്ക് 4%, 4 മുതൽ 6 മാസം വരെ 15%, 6 മാസത്തിനു മുകളിൽ 25% എന്നിങ്ങനെയായിരുന്നു പിഴ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business