നികുതി-പലിശഭാരങ്ങൾ കുറഞ്ഞു; മിച്ച വരുമാനം കൊണ്ട് യാഥാർഥ്യമാക്കാം വീടെന്ന സ്വപ്നം

Mail This Article
ഭവനനിർമാണ മേഖലയ്ക്കും ഭവന വായ്പാ രംഗത്തും ഗുണകരമായ സാമ്പത്തിക നയങ്ങളും സംഭവ വികാസങ്ങളുമാണ് 2025ലെ കേന്ദ്ര ബജറ്റിലൂടെയും റിസർവ് ബാങ്കിന്റെ പലിശ ഇളവിലൂടെയും സംജാതമായിരിക്കുന്നത്. പ്രമുഖ ബാങ്കുകളായ എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ ഭവന വായ്പകൾക്ക് ഇതിനോടകം പലിശ നിരക്കുകൾ കുറച്ചിരിക്കുന്നു.
വീടും പാർപ്പിട സമുച്ചയങ്ങളും നിർമിക്കുന്നതിനു വേണ്ട ഭൂമിയുടെ ക്രയവിക്രയങ്ങളിൽ രാജ്യത്ത് ആശാവഹമായ പുരോഗതി കണ്ടു തുടങ്ങിയിരിക്കുന്നു. പാർപ്പിട മേഖലയുമായി ബന്ധപ്പെട്ട സിമന്റ്, സ്റ്റീൽ തുടങ്ങി ഇരുന്നൂറോളം അനുബന്ധ മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ ഭവന വായ്പ ഉള്ളവർക്കും ഭവന വായ്പയെടുത്ത് പാർപ്പിടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
മിച്ച വരുമാനം പാർപ്പിടങ്ങളിൽ മുതൽമുടക്കണം
വരുമാനം ചെലവാക്കുന്നതിലും നിക്ഷേപം നടത്തുന്നതിലും വ്യക്തികൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിച്ച പുതിയ നികുതി ക്രമത്തിൽ, നികുതി സൗജന്യം ലഭിക്കുന്ന വരുമാന പരിധി മുമ്പെങ്ങുമുണ്ടാകാത്ത രീതിയിൽ കേന്ദ്രബജറ്റിൽ ഉയർത്തി. അസ്വാഭാവിക നിക്ഷേപങ്ങളിലൂടെ നികുതി ഒഴിവാക്കാൻ പണം മാറ്റി വയ്ക്കേണ്ട ഗതികേടും കുറഞ്ഞു.

ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് എടുത്തുപയോഗിക്കാൻ പാകത്തിൽ നികുതി നിയന്ത്രണങ്ങളില്ലാതെ സാമ്പത്തിക വിഭവങ്ങൾ കയ്യിൽ വരുന്ന അവസ്ഥയാണ് കുടുംബങ്ങളിൽ. ഉയർന്ന വരുമാനക്കാർക്കും നികുതി ബാധ്യതകൾ പരിഷ്കരിച്ചതിലൂടെ കൂടുതൽ മിച്ച വരുമാനം വ്യത്യസ്ത ആസ്തികളിൽ വിന്യസിക്കാനാകും. ഇത്തരത്തിൽ മിച്ച വരുമാനം കയ്യിൽ വരുന്നതോടെ വാടക വീടുകളിലും മറ്റും താമസിക്കുന്ന കുടുംബങ്ങൾ സ്വന്തമായി പാർപ്പിടം ഉണ്ടാക്കുന്നതിന് മുന്നോട്ടു വരണം. പരിമിത സൗകര്യങ്ങളോടെ താമസിക്കുന്നവർക്ക് മെച്ചപ്പെട്ട വീടോ ഫ്ലാറ്റോ സ്വന്തമാക്കാം.
ഭവനവായ്പകളുടെ ലഭ്യത കൂടും
മിച്ച വരുമാനത്തോടൊപ്പം ബാങ്കുകളിൽ നിന്ന് താങ്ങാനാകുന്ന പലിശയ്ക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഭവനവായ്പകൾ കൂടി ഉപയോഗപ്പെടുത്തിയാൽ ഭൂമി വാങ്ങുന്നതിനും പാർപ്പിടം നിർമിക്കുന്നതിനും ഫ്ലാറ്റു വാങ്ങുന്നതിനുമൊക്കെ ഏവർക്കും സാധിക്കും. റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് വരുത്തിയ കാൽ ശതമാനം കുറവ് ഭവനവായ്പകൾക്ക് പലിശ കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ഡിസംബറിൽ കാഷ് റിസർവ് അനുപാതം റിസർവ് ബാങ്ക് കുറയ്ക്കുക വഴി വായ്പകൾ നൽകുന്നതിന് ബാങ്കുകളുടെ കൈവശം അധിക സാമ്പത്തിക വിഭവങ്ങളും ലഭ്യമായി.

അർഹത ഉയരും
ഒരു ലക്ഷം രൂപ വരെ മാസവരുമാനമുള്ള വ്യക്തികൾക്ക് നിയന്ത്രണങ്ങളില്ലാതായതോടെ വായ്പ അർഹത വർധിക്കും. പുതിയ നികുതി നിരക്കുകൾ പ്രകാരം നികുതി ലാഭിക്കുക വഴി മാസം തോറും ചുരുങ്ങിയത് 10,000 രൂപയുടെ അധിക മിച്ച വരുമാനമുണ്ടാകും. ഇത്തരം കുടുംബങ്ങൾക്ക് വായ്പയ്ക്കുള്ള അർഹത ചുരുങ്ങിയത് ഇപ്പോഴുള്ളതിനെക്കാൾ 10 ലക്ഷം രൂപ വരെ ഉയരും.
രണ്ടാം ഭവനം യാഥാർഥ്യമാക്കാം
സ്വന്തമായി വീടുള്ളവർക്കു പോലും രണ്ടാമതൊരു പാർപ്പിടത്തെക്കുറിച്ച് ആലോചിക്കാവുന്ന സമയമാണിത്. രണ്ടാമത്തെ പാർപ്പിടത്തിന് സാങ്കൽപികമായി വാടക വരുമാനം കണക്കാക്കി ആദായനികുതി നൽകേണ്ടുന്ന നിബന്ധന പുതിയ ബജറ്റിൽ ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപരി വാടകയിനത്തിൽ സ്രോതസ്സിൽ നികുതി ചുമത്തുന്ന പരിധി ഒരു വർഷം 6 ലക്ഷം രൂപയായി ഉയർത്തിയത് മാസം തോറും 50,000 രൂപ വരെ വാടക വരുമാനം ഉള്ളവർക്ക് ആദായ നികുതി ആശങ്കകളില്ലാതെ രണ്ടാമത്തെ പാർപ്പിടം നിർമിക്കാൻ പ്രേരണയാകും.

നിലവിൽ വായ്പകൾ എടുത്തിട്ടുള്ളവർ
എക്സേറ്റണൽ ബഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (ഇബിഎൽആർ), റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (ആർഎൽഎൽആർ) എന്നിവ അടിസ്ഥാനമാക്കി ഭവന വായ്പയ്ക്ക് പലിശ നിശ്ചയിക്കുന്ന ബാങ്കുകളാണ് തങ്ങളുടെ ഭവന വായ്പ നിരക്കുകൾ 25 ബേസിസ് പോയിന്റ് കണ്ട് കുറച്ചിട്ടുള്ളത്. എംസിഎൽആർ, ബിപിഎൽആർ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി നൽകിയിട്ടുള്ള ഭവന വായ്പകളിൽ കുറവുണ്ടായിട്ടില്ല.
പലിശ നിരക്കുകൾ കുറയുമ്പോൾ തുല്യ മാസത്തവണകളിൽ കുറവ് വരുത്തുകയോ തവണത്തുക അതേപോലെ നിർത്തി വായ്പാ കാലാവധി കുറയ്ക്കുകയോ ചെയ്യാം. ഇപ്പോഴത്തെ വായ്പകളുടെ കാലാവധിയിൽ മൂന്നിലൊന്നോ അതിൽ കൂടുതലോ ബാക്കി നിൽക്കുന്ന വായ്പകൾ 0.25 ശതമാനമെങ്കിലും കുറഞ്ഞ നിരക്കിലേക്ക് മാറ്റാനായാൽ ഗുണകരമാണ്.

0.25 ശതമാനം പലിശക്കുറവ് കിട്ടിയാൽ ഇഎംഐ തുക ഇപ്പോഴത്തെ നിരക്കിൽ തന്നെ നിർത്തി തിരിച്ചടവ് തവണകളുടെ എണ്ണം ചുരുങ്ങിയത് പത്ത് മാസം കുറയ്ക്കാം. എടുത്തിട്ട് അധികമാകാത്ത വായ്പകൾ, ഉയർന്ന തുകയ്ക്കുള്ള വായ്പകൾ, ദീർഘ കാലാവധിയുള്ള വായ്പകൾ എന്നിവയിലൊക്കെ പലിശ കുറവിന്റെ ആനുകൂല്യം കൂടുതൽ പ്രകടമാകും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business