സംസ്ഥാനത്തിന് പുതിയ മുഖം നല്‍കാന്‍ ഇന്‍വെസ്റ്റ് കേരളയ്ക്കായെന്ന് മുഖ്യമന്ത്രി
.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം: വ്യവസായ മേഖലയില്‍ സംസ്ഥാനത്തിന് പുതിയ മുഖം നല്‍കാന്‍ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇത് നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്‍ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്‍റെ നിക്ഷേപ സാധ്യതാ മേഖലകള്‍ വ്യവസായ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനും ആത്മവിശ്വാസം നല്‍കാനും ഉച്ചകോടി അവസരമൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിക്ഷേപം കൊണ്ടുവരുന്നതിലും സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും വ്യവസായ വാണിജ്യ സംഘടനകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സഹകരണം ഭാവിയിലും തുടര്‍ന്നു കൊണ്ടുപോകണം. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും വ്യവസായ സംഘടനകള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ആശയവിനിയമയം നടത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്‍വെസ്റ്റ് കേരളയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ഈ മാസം 14 ന് മുഖ്യമന്ത്രി വിളിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയനുകളുടെ യോഗവും ചേരും.

ഇന്‍വെസ്റ്റ് കേരളയിലും തുടര്‍ന്നുമായി കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദ്ദേശങ്ങളെ ഏഴ് മേഖലകളായി നിശ്ചയിക്കുകയും ചുമതലകള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാസം തോറും വ്യവസായമന്ത്രിയും പദ്ധതികള്‍ വിലയിരുത്തും.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കെഎസ്ഐഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് സിഐഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ ജിജിമോന്‍ ചന്ദ്രന്‍, ഫിക്കി കോ-ചെയര്‍മാന്‍ ഐ ദിപക് അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ നിസാറുദ്ദീന്‍, ടിസിസിഐ പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, ഐബിഎം ഓപ്പറേഷന്‍സ് ലീഡര്‍ ചാര്‍ലി കുര്യന്‍, ക്രെഡായി സെക്രട്ടറി ചെറിയാന്‍ ജോണ്‍, വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.