ഇവികൾ, എഐ ക്ലെയിം തീര്‍പ്പാക്കല്‍: വരുന്നു വാഹന ഇന്‍ഷുറന്‍സ് മേഖലയിലും വമ്പൻ മാറ്റങ്ങൾ!

Mail This Article
വൈദ്യുത വാഹനങ്ങളുടെ വരവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയിലും വന്‍ മാറ്റങ്ങള്‍ക്കാണു വഴി തുറക്കുന്നത്. നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തിലുള്ള ക്ലെയിം പ്രക്രിയകള്‍, കൂടുതല്‍ വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഈ രംഗത്തെ ഭാവി പ്രവണതകള്‍ക്ക് അടിസ്ഥാനമാകുകയാണ്.
കണക്ടഡ് വാഹനങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിങ്സും (ഐഒടി)
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) സെന്‍സറുകളുമായി കണക്ടഡായുള്ള വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റിസ്ക് വിലയിരുത്താനും ക്ലെയിമുകള്‍ കൈകാര്യം ചെയ്യാനും പുതിയ സൗകര്യങ്ങളാണു ലഭ്യമാക്കുന്നത്. വാഹനങ്ങളുടെ സ്ഥിതി സംബന്ധിച്ച തല്‍സമയ ഡാറ്റയാണ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകുക. ഡ്രൈവിങ് സ്വഭാവങ്ങള്‍, അപകടങ്ങളുടെ രീതികള്‍ തുടങ്ങി വിവിധ വിവരങ്ങള്‍ ഇങ്ങനെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു ലഭ്യമാകും.

സുരക്ഷിത ഡ്രൈവിങ്
ഡാറ്റയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും കൂടുതല്‍ വ്യക്തിഗത പോളിസികള്‍ നല്‍കാനും ഇതു സഹായിക്കും. വ്യക്തികള്‍ക്കായാലും ബിസിനസുകള്ക്കായാലും ഇതു ബാധകമായിരിക്കും. ഉദാഹരണത്തിന് സുരക്ഷിത പാറ്റേണില്‍ വാഹനമോടിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രീമിയം ലഭ്യമാക്കുകയും ഉയര്‍ന്ന അപകട സാധ്യതകളുള്ളവര്‍ക്ക് അവരുടെ സ്വഭാവം ക്രമീകരിക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യാനാവും.
ഐഒടി അധിഷ്ടിത തല്‍സമയ നിരീക്ഷണം വഴി വാഹനങ്ങളുടെ കാലാകാലങ്ങളിലുള്ള മെയിന്റനന്‍സ് ശരിയായ രീതിയിലാക്കാനും മെക്കാനിക്കല്‍ പ്രശ്നങ്ങള്‍ അപകടങ്ങള്‍ക്കു വഴി വയ്ക്കും മുന്‍പേ കണ്ടെത്തി വാഹനത്തിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനും സാധിക്കും. ഇവയെല്ലാം സംയോജിപ്പിക്കുമ്പോള്‍ ക്ലെയിമുകളുടെ കാര്യത്തില്‍ കുറവ് വരുത്താനും ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കാനും സാധിക്കും.
എഐ അടിസ്ഥാനത്തിലുള്ള ക്ലെയിം പ്രക്രിയകള്‍

ക്ലെയിം പ്രക്രിയകളുടെ കാര്യത്തിലും വന്‍ മാറ്റങ്ങള്‍ക്കാവും നിര്‍മിത ബുദ്ധി വഴി തുറക്കുക. വേഗത്തിലും കൂടുതല്‍ കാര്യക്ഷമമായും തെറ്റുകള്‍ക്കു സാധ്യത കുറച്ചും ക്ലെയിം പ്രക്രിയ നടത്താനാവും. ഗണ്യമായ രീതിയിലെ കടലാസു ജോലികളും ദീര്‍ഘമായ സമയവും എടുക്കുന്നതാണ് പരമ്പരാഗത ക്ലെയിം പ്രക്രിയ. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവും ഇതിലുടെ വര്‍ധിക്കും.
നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെയുള്ള ക്ലെയിം പ്രക്രിയകള്‍ വേഗത്തിലുള്ള നടപടികള്‍ക്കു സഹായകമാകും. നിര്‍മിത ബുദ്ധി അധിഷ്ഠിത ഇമേജ് തിരിച്ചറിയല്‍ തല്‍സമയ വിലയിരുത്തലിനും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവു കണക്കാക്കലിനും സഹായകമാകും. ഇതിനു പുറമെ എഐ അല്‍ഗോരിതം വഴി ക്ലെയിം ഡാറ്റ വിലയിരുത്താനും തട്ടിപ്പുകള്‍ക്കുള്ള സാധ്യത കണ്ടെത്താനും സാധിക്കും. കൂടുതല്‍ കൃത്യതയോടെയുള്ള തീര്‍പ്പാക്കലുകള്‍ക്കും തട്ടിപ്പുകള്‍ കുറയ്ക്കാനും ഇതു സഹായകമാകും. ഉപഭോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും ഇത് ഒരുപോലെ ഗുണകരമാകും.
വൈദ്യുത വാഹനങ്ങളും സുസ്ഥിരതയും
വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതോടെ പുതിയ റിസ്ക്കുകളും പുതിയ അവസരങ്ങളും ഒരുമിച്ചാണ് ഉയര്‍ന്നു വരുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ട റിസ്ക്കുകള്‍, വൈദ്യുത വാഹനങ്ങളുടെ പ്രത്യേകമായ റിപ്പയര്‍ ജോലികള്‍, ചാര്‍ജിങ് സംവിധാനങ്ങള്‍ എന്നിവയാണ് പുതുതായി ഉയര്‍ന്നു വരുന്ന മേഖലകളില്‍ പ്രധാനം. ഇതോടൊപ്പം തന്നെ ഹരിത വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ ഇന്‍ഷുറന്‍സില്‍ ലഭിക്കുകയും ചെയ്യും.
വാഹനങ്ങള്‍ പങ്കു വയ്ക്കലും മൈക്രോ ഇന്‍ഷുറന്‍സും
വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വരുന്നുണ്ട്. റൈഡ്-ഷെയറിങ് താല്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കാര്‍ റെന്റല്‍ അടക്കമുള്ള വാഹന പങ്കുവയ്ക്കല്‍ രീതികളും കൂടുതല്‍ പ്രചാരം നേടുന്നുണ്ട്. ഈ പ്രവണതകളെല്ലാം പുതിയ വെല്ലുവിളികളും പുതിയ അവസരങ്ങളും ഒരു പോലെ ഉയര്‍ത്തുന്നു. ദീര്‍ഘകാലത്തേക്ക് ഒരൊറ്റ ഉടമസ്ഥനെ മുന്നില്‍ കണ്ടുള്ളതാണല്ലോ പരമ്പരാഗത മോട്ടോര്‍ ഇന്‍ഷുറന്‍സ്. പുതിയ രീതികള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനാവുന്നതും ചുരുങ്ങിയ കാലത്തേക്കുള്ളതും ഒരു വാഹനം വിവിധ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നതിന് അനുസൃതമായുള്ളതും ആയ പോളിസികള്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തയ്യാറാക്കണം.
കുറഞ്ഞ കാലത്തേക്ക് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമായ മൈക്രോ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവിടെ സഹായകമാകും. താല്‍ക്കാലിക ഉപയോഗത്തിനു പരിരക്ഷ നല്കുന്ന ഇത്തരം പോളിസികള്‍ ഇപ്പോള്‍ തന്നെ സാധ്യതകള്‍ ഉള്ളതാണ്. ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന വേളയിലേക്കു മാത്രം പരിരക്ഷ നല്കുന്നതാണിവ. റൈഡ്-ഷെയറിങ് കമ്പനികള്‍, റെന്റല്‍ ഏജന്‍സികള്‍, ഫ്ളീറ്റ് ഓപറേറ്റര്‍മാര്‍, വ്യക്തികള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഇത്തരം പോളിസികള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനാവും.
പരമ്പരാഗത മോട്ടോര്‍ ഇന്‍ഷുറന്‍സിലെ രീതികളില്‍ നിന്നു മാറി പുതിയ കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള പോളിസികള്‍ അവതരിപ്പിച്ച് മുന്നേറാനുള്ള അവസരം കൂടിയാണിത്.
ലേഖകൻ എസ് ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ചീഫ് ബിസിനസ് ഓഫീസറാണ്