സിഐഐക്ക് പുതിയ സാരഥികൾ: ശാലിനി വാരിയര്‍ ചെയർപേഴ്സണ്‍, വി.കെ.സി റസാഖ് വൈസ് ചെയർമാന്

Mail This Article
2025-26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്‌ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.
സിഐഐ ഇന്ത്യൻ വിമൺ നെറ്റ്‌വർക്കിന്റെ (ഐഡബ്ല്യുഎൻ) സംസ്ഥാന, ദക്ഷിണേന്ത്യൻ പ്രാദേശിക തലങ്ങളിൽ വിവിധ ചുമതലകൾ ശാലിനി വാരിയർ വഹിച്ചിട്ടുണ്ട്. 2015ൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ബാങ്കിൽ ചേർന്ന ശാലിനി പ്രവർത്തന മികവിനും ഡിജിറ്റൽ ഇന്നൊവേഷനുമാണ് ശ്രദ്ധ നൽകിയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗമായ അവർ 1989-ൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റും കൂടിയാണ്. നിലവില്‍ റീട്ടെയിൽ ബാങ്കിങിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ബാങ്കിന്റെ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു.ബാങ്കിന്റെ അസോസിയേറ്റായ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ബോർഡിൽ നോമിനി ഡയറക്ടറുമാണ്.
വി.കെ.സി റസാഖ് ഇന്ത്യൻ പാദരക്ഷാ വ്യവസായത്തിലെ മുൻനിരക്കാരായ വി.കെ.സി കോർപ്പറേറ്റ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. പാദരക്ഷാ ഉൽപ്പാദനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കിയ മൈക്രോസെല്ലുലാർ പി.വി.സി, എയർ-ഇൻജെക്റ്റഡ് പി.വി.സി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു,
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, വി.കെ.സി, ആറ് ബ്രാൻഡുകളുമായി (വി.കെ.സി. പ്രൈഡ്, വി.കെ.സി. ഡിബോൺ, ഡിബോംഗോ, ഈസി, ജാ.മേയ്.കാ, ഗുഡ്‌സ്പോട്ട്) വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന ആഗോള സംരംഭമായി വളർന്നിട്ടുണ്ട്. ബിസിനസിനപ്പുറം റസാഖ് ഒരു ചിന്തകനും വ്യവസായ ഫോറങ്ങളിലും നയപരമായ സംവാദങ്ങളിലും, പ്രത്യേകിച്ച് ചെറുകിടസംരംഭകർക്കായി സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്.