സ്ത്രീകളുടെ സാമര്‍ഥ്യം, വേണം പണം നിക്ഷേപിക്കുന്നതിലും
.jpg?w=1120&h=583)
Mail This Article
കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ച സ്ത്രീകളുടെ കൈകളിലാണ് എന്നു പഴമക്കാര്‍ പറയാറുണ്ട്. അനാവശ്യ ചെലവുകളെ നിയന്ത്രിച്ച് പണം സൂക്ഷിച്ചു വച്ച് അവശ്യസമയത്ത് ഉപയോഗിക്കുന്ന സ്ത്രീകളെ കണ്ടു വളര്‍ന്ന ഒരു തലമുറ ഇവിടെ ഉണ്ട് എന്നതാണ് സത്യം. ഒരു ജോലിക്കും പോയില്ലെങ്കിലും കിട്ടുന്ന ചെറിയ തുകകള്‍ കുടുക്കകളിലും പിന്നീടു സ്വര്‍ണത്തിലും നിക്ഷേപിച്ച് മക്കളുടെ വിവാഹത്തിനും മറ്റും ഉപയോഗിക്കുന്ന അമ്മമാരായിരുന്നു ഇവര്‍.
വീട്ടിലെ ദുര്‍വ്യയത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ പലപ്പോഴും സ്ത്രീകളുടെ സാമര്‍ഥ്യം പോലെയുണ്ടാകും വീടുകളുടെ സാമ്പത്തിക സാഹചര്യം എന്നതാണ് വസ്തുത.
സാഹചര്യങ്ങള്‍ മാറി, സ്ത്രീകള്‍ സ്വന്തമായി പണം സമ്പാദിക്കുന്നവരും ചെലവഴിക്കുന്നവരുമായി മാറി. സ്വന്തം പണം എങ്ങനെ ചെലവഴിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളവരാണ് പുതിയ തലമുറ. വനിതാദിനങ്ങളും ആഘോഷങ്ങളും വരികയും പോകുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ ഭാവിക്കു വേണ്ടി കരുതൽ നിക്ഷേപങ്ങള്‍ നടത്തണം എന്നത് പ്രധാനപ്പെട്ടതാണ്.

പ്ലാനിങ് നേരത്തേ തുടങ്ങണം
സ്ത്രീകള്‍ക്കു സ്വാഭാവികമായുള്ള വിഭവ നിയന്ത്രണ മികവ് ഗുണകരമായി ഉപയോഗപ്പെടുത്താന്‍ കൃത്യമായ ഒരു മാര്‍ഗരേഖ ആവശ്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ഹ്രസ്വകാലത്തേയ്ക്ക്, ദീര്‍ഘകാലത്തേയ്ക്ക്, ഇടക്കാലത്തേയക്ക് എന്നിങ്ങനെ ആസൂത്രണം ചെയ്യണം. ഇതിനായി 50:30:20 ബജറ്റ് നിയമം പിന്തുടരുന്നതായിരിക്കും ശരിയായ രീതി. വീട്ടിലെ വരുമാനത്തിന്റെ 50 ശതമാനം അടിസ്ഥാന ആവശ്യങ്ങള്‍ക്കായി( വീട്ടു ചെലവ് , വായ്പാത്തവണ, വിദ്യാഭ്യാസം, ഇൻഷുറൻസ്) ചെലവഴിക്കുമ്പോള്‍ 30 ശതമാനം ഷോപ്പിങ് പോലുള്ള ജീവിത ശൈലീ ആവശ്യങ്ങള്‍ക്കും 20 ശതമാനം ഭാവിക്കു വേണ്ടി കരുതി വയ്ക്കുകയും വേണം.
കുറഞ്ഞത് ആറ് മുതല്‍ 12 മാസം വരെ വന്നേക്കാവുന്ന ചെലവിനുള്ള തുക ലിക്വിഡ് ഫണ്ടിലേയ്ക്കു മാറ്റി വയ്ക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന പലിശയുള്ള സേവിങ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ലിക്വിഡ് മ്യൂച്വല്‍ ഫണ്ട് ഇവയെല്ലാം പരിഗണിക്കേണ്ടതാണ്.
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നഷ്ടസാധ്യത വളരെ കുറഞ്ഞ സുരക്ഷിത നിക്ഷേപവും ഭാവിയില്‍ ഉറപ്പുള്ള വരുമാനവുമാണ്. സ്വര്‍ണത്തിനെയും ഇതേ പട്ടികയില്‍ പെടുത്താം. പ്രൊവിഡന്റ് ഫണ്ടുകള്‍ക്കും റിസ്‌ക് കുറവും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കവുന്നതും നികുതി ഇളവുള്ളതുമാണ്.

അതേ സമയം ഓഹരി– മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് സമ്പത്ത് വര്‍ധിപ്പിക്കല്‍ നടത്തുന്നത്. ഇതിനു റിസ്‌ക് ഉണ്ടെങ്കിലും സമ്പത്തു വര്‍ധിപ്പിക്കുന്നത് ഇത്തരത്തിലുള്ള നിക്ഷേപങ്ങളായിരിക്കും. ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കാവുന്നതാണ്. റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം ശരാശരി റിസ്‌കുള്ളതാണെങ്കിലും ആസ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവ കൂടിയാണ്.
ഇന്‍ഷൂറന്‍സ് പ്രധാനപ്പെട്ടതാണ്
സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്‍ഷൂറന്‍സിനുള്ള പ്രാധാന്യം മറക്കാനാവാത്തതാണ്. ഇതില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രധാനപ്പെട്ടതാണ്. കുടുംബത്തിന് പത്തു മുതല്‍ 15 ലക്ഷം രൂപ വരെ കവറേജുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ടേം ലൈഫ് ഇന്‍ഷൂറന്‍സാണ് മറ്റൊന്ന്. വാര്‍ഷിക വരുമാനത്തിന്റെ പത്തു മുതല്‍ പതിനഞ്ചു വരെ ഇരട്ടി കവര്‍ ഉള്ള ടേം ലൈഫ് ഇന്‍ഷൂറന്‍സ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. മാരക രോഗങ്ങൾക്കുള്ള ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും പ്രധാനപ്പെട്ടവ തന്നെയാണ്.
വിരമിക്കല്‍ പദ്ധതികള്‍

പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി എന്നിവയിലൂടെയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി സ്ത്രീകള്‍ മുന്നോട്ടു വരേണ്ടതാണ്. സ്വര്‍ണത്തില്‍ മാത്രം ആശ്രയിക്കാതിരിക്കുന്നതാണ് പുതിയ കാലത്തെ ബുദ്ധിപരമായ നിക്ഷേപിക്കല്‍.
പ്രായം അറിഞ്ഞു നിക്ഷേപിക്കുക
ഓരോ പ്രായത്തിലും മനുഷ്യര്‍ക്കു മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ചെറിയ പ്രായം മുതല്‍ നിക്ഷേപിക്കാന്‍ അവസരമുള്ളവര്‍ എവിടെ നിക്ഷേപിക്കണം എന്നു തിരിച്ചറിഞ്ഞു വേണം പണം സമ്പത്തു സ്വരുക്കൂട്ടേണ്ടത്. 20 വയസ് മുതല്‍ 30 വയസുവരെ ഉള്ളവര്‍ക്ക് ഒരു എസ്‌ഐപി ആരംഭിക്കുന്നതാണ് ഏറ്റവും നല്ല രീതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ള തുകയും കരുതി വയ്ക്കുക.
30 മുതല്‍ 40 വയസുവരെ ഉള്ളവരുടെ മുന്‍ഗണന കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടു വാങ്ങലിനുമെല്ലാം ആയിരിക്കും. 40 മുതല്‍ 50 വരെയുള്ള പ്രായം നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായിരിക്കണമെങ്കില്‍ 60നു മുകളിലേയ്ക്ക് എത്തുമ്പോള്‍ സുരക്ഷയും സ്ഥിരതയുമുള്ള വരുമാനങ്ങള്‍ക്കായുള്ള നിക്ഷേപമായിരിക്കും വേണ്ടത്.
സമ്പത്തിനെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്കുള്ള സ്വാഭാവിക വൈഭവം കൂടുതല്‍ ബുദ്ധിപരമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ സാമ്പത്തിക സുരക്ഷയും സ്വാതന്ത്ര്യവുമായിരിക്കും ഫലം. ഭാവിയുടെ സുരക്ഷയ്ക്കായി സമ്പത്തിനെ ബുദ്ധിപരമായി ചെലവഴിക്കാനും നിക്ഷേപിക്കാനും സാധിക്കണം എന്നതാവണം ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. ഹാപ്പി ഇൻവെസ്റ്റിങ്.
ലേഖകൻ മുംബൈയിലെ ഇംപെറ്റസ് അർഥസൂത്രയുടെ മാനേജിങ് ഡയറക്ടറാണ്