പ്രവാസിയായ ഞാൻ എങ്ങനെ ലക്ഷ്യങ്ങൾ നേടും?

Mail This Article
Q കുടുംബവുമൊത്തു റൊമാനിയയിൽ താമസിക്കുന്ന എനിക്ക് 1.8 ലക്ഷം രൂപയാണ് വരുമാനം. അതിൽ ഒരു ലക്ഷം രൂപയും നീക്കിവയ്ക്കാനാവും. മുപ്പത്തഞ്ചു വയസ്സുള്ള എനിക്ക് ഇതുവരെ കാര്യമായ നിക്ഷേപമൊന്നും ഇല്ല. മകന്റെ ഭാവിക്കും റിട്ടയർമെന്റിനുമായി ഒരു ഫിനാൻഷ്യൽ പ്ലാൻ വേണം. സ്വന്തമായി വീടില്ല, അതിനും പണം കണ്ടെത്തണം. അടുത്തിടെ ആക്സിസ് ബാങ്കുവഴി മ്യൂച്വൽഫണ്ട് തുടങ്ങിയെങ്കിലും വലിയ വളർച്ച കാണിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്?
ഷിബു പി, തിരുവല്ല
A ഇവിടെ താങ്കൾ മൂന്നു സാമ്പത്തികലക്ഷ്യങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. മകന്‍റെ ഭാവി, വീട്, റിട്ടയർമെന്‍റ്. മാസം ഒരു ലക്ഷം രൂപ നിക്ഷേപിക്കാനും സാധിക്കും. ആദ്യം ലക്ഷ്യങ്ങളെ അവ പൂർത്തീകരിക്കേണ്ട കാലയളവുകള്‍ അനുസരിച്ചു തിരിക്കണം. 60 വയസ്സിലാണ് റിട്ടയർമെന്‍റ് എങ്കിൽ, അതിനായി ഒരു തുക സമാഹരിക്കാൻ 25 വര്‍ഷം ലഭിക്കും. ഇതുപോലെ മറ്റു രണ്ടു ലക്ഷ്യങ്ങളും വിലയിരുത്തുക. ശേഷം ഈ ലക്ഷ്യങ്ങൾ നേടേണ്ട സമയത്ത് എത്ര രൂപ ആവശ്യമായി വരും എന്നു പരിശോധിക്കണം. ഓൺലൈൻ വെബ്സൈറ്റുകളില്‍ ലഭിക്കുന്ന ഇൻഫ്ലേഷൻ കാൽക്കുലേറ്റർ അതിനായി ഉപയോഗപ്പെടുത്താം.
അടുത്തത്, ഈ ലക്ഷ്യങ്ങളിലേക്ക് എത്ര തുക വീതം നീക്കിവയ്ക്കണമെന്നു തീരുമാനിക്കലാണ്. നിക്ഷേപത്തിന്റെ 50% റിട്ടയർമെന്റിനായി നീക്കിവച്ചാൽ 25% വീതം മറ്റു രണ്ടു ലക്ഷ്യങ്ങൾക്കായും നിക്ഷേപിക്കാം. ഇവിടെ ആവശ്യമെങ്കിൽ ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സേവനം തേടാവുന്നതാണ്. നിക്ഷേപത്തിനൊപ്പം ആവശ്യമായ ഇൻഷുറൻസുകളും എമർജൻസി ഫണ്ടും വകയിരുത്തണം. ഫ്ലക്സിക്യാപ്, മൾട്ടിക്യാപ് ഫണ്ടുകൾ ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപത്തിനായി പരിഗണിക്കാം.
ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അസോഷ്യേറ്റ് ഡയറക്ടറാണ്
ഫെബ്രുവരി ലക്കം സമ്പാദ്യത്തില്‍ പ്രസിദ്ധീകരിച്ചത്