ആധാറിന്റെ പേരിൽ ‘ഡിജിറ്റൽ അറസ്റ്റ്’; 86കാരിയിൽ നിന്ന് 20 കോടി തട്ടി

Mail This Article
മുംബൈ സ്വദേശിയായ 86കാരിക്ക് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. പൊലീസുകാരായി ചമഞ്ഞ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നുവെന്ന് അറിയിച്ചാണ് പണം തട്ടിയത്. വയോധികയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിയമനടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നടപടി ഒഴിവാക്കണമെങ്കിൽ ചില അക്കൗണ്ടുകളിലേക്ക് നിശ്ചിതതുക അയക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം കഴിഞ്ഞ ഡിസംബർ 26 മുതൽ ഈ മാസം 3 വരെയായി പലതവണകളായി വയോധിക പണം കൈമാറി. സംഭവം വയോധിക മറ്റാരോടും പറയാതിരിക്കാൻ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നും തട്ടിപ്പുകാർ പറഞ്ഞിരുന്നു. എന്നാൽ, പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെ വയോധികയും കുടുംബവും പൊലീസിനെ സമീപിച്ചു. തട്ടിപ്പുകാരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല; ജാഗ്രത പാലിക്കണം
രാജ്യത്ത് പൊലീസ് ഉൾപ്പെടെ ഒരു അന്വേഷണ ഏജൻസിയും ആരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്യാറില്ല. ഇക്കാര്യം റിസർവ് ബാങ്ക് ഉൾപ്പെടെ നിരന്തരം മാധ്യമങ്ങളിലൂടെയും മറ്റും ബോധവൽകരിച്ചിട്ടും തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അന്വേഷണ ഏജൻസികളോ ആധാർ നിയന്ത്രണ ഏജൻസിയായ യുഐഡിഎഐയോ വ്യക്തിഗത വിവരങ്ങൾ ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ ആവശ്യപ്പെടില്ലെന്നും ഇത്തരം സംശയാസ്പദമായ ഫോൺകോളുകളോട് ജനങ്ങൾ പ്രതികരിക്കരുതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ സമീപിക്കാനും പരാതിപ്പെടാനും മടിക്കുകയുമരുത്.

അന്വേഷണ ഉദ്യോഗസ്ഥർ, നിയമ, നികുതിവകുപ്പ് ഉദ്യോഗസ്ഥർ എന്നിങ്ങനെ ചമഞ്ഞാണ് കൂടുതൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പും നടക്കുന്നത്. നിങ്ങളുടെ പേരിൽ അറസ്റ്റ് വാറന്റുണ്ടെന്നും അറസ്റ്റുൾപ്പെടെയുള്ള നടപടികൾ എടുക്കാതിരിക്കാൻ ചില അക്കൗണ്ടുകളിലേക്ക് പണം കൈമാറണമെന്നും ആവശ്യപ്പെട്ടാകും തട്ടിപ്പുകാർ വിളിക്കുക. ചിലർ ഭയന്ന് ഇത്തരം തട്ടിപ്പുകളിൽ വീഴാറുണ്ട്. ഇങ്ങനെ ഭയവും ആശങ്കയും വരുത്തിത്തീർത്ത് സമ്മർദത്തിലാക്കി പണംതട്ടുന്നതാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.
പരിചിതമല്ലാത്ത ഫോൺകോളുകളോട് കഴിവതും പ്രതികരിക്കാതിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള പ്രധാനമാർഗമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു ഏജൻസിയും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപി തുടങ്ങിയവ ആവശ്യപ്പെടുകയോ പണം കൈമാറാൻ നിർദേശിക്കുകയോ ചെയ്യില്ല. ആരെയും ഡിജിറ്റൽ അറസ്റ്റും ചെയ്യാറില്ല. അതിനാൽ, ഇത്തരം ഫോൺകോളുകൾ വന്നാൽ തട്ടിപ്പാണെന്ന് മനസ്സിലാക്കി തീർച്ചയായും പരാതിപ്പെടണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.