വാട്സാപ്പിലൂടെയും മ്യൂച്വൽ ഫണ്ട്! നിക്ഷേപത്തിൽ എച്ച് ഡി എഫ് സി എം എഫിന്റെ വിപ്ലവം

Mail This Article
ഓൺലൈൻ നിക്ഷേപങ്ങൾ വർധിപ്പിക്കാനും എളുപ്പത്തിൽ ആർക്കും, എവിടെ നിന്നും നിക്ഷേപങ്ങൾ നടത്താനും ലക്ഷ്യമിട്ട് എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് വാട്സാപ്പിലൂടെ മ്യൂച്വൽ ഫണ്ട് പണമടക്കൽ സൗകര്യം തുടങ്ങുന്നു.
എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപകർക്ക് ഒറ്റത്തവണ തുക നിക്ഷേപിക്കാനോ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ (എസ്‌ഐപി) ആരംഭിക്കാനോ അനുവദിക്കുന്ന നിക്ഷേപ ആപ്പ് ആയ 'ടാപ്പ് 2 ഇൻവെസ്റ്റ്' എന്ന സംരംഭത്തിനാണ് തുടക്കം കുറിച്ചത്. നിലവിൽ ഈ സൗകര്യം HDFC MF-ന്റെ നിലവിലുള്ള KYC പരിശോധിച്ചുറപ്പിച്ച നിക്ഷേപകർക്ക് മാത്രമേ ലഭ്യമാകൂ.

അടുത്ത ഘട്ടത്തിൽ പുതിയ നിക്ഷേപകർക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. നിക്ഷേപ ആപ്പുകളിൽ ലഭ്യമായ മറ്റ് സൗകര്യങ്ങളായ നിക്ഷേപ 'ഡാഷ്‌ബോർഡുകൾ', 'റിഡംപ്ഷൻ ഓപ്ഷനുകൾ' എന്നിവയും വാട്സാപ്പ് ഇന്റർഫേസിൽ ചേർക്കും.
"ഈ പുതിയ വാട്സാപ്പ് അധിഷ്ഠിത ടാപ്പ്2ഇൻവെസ്റ്റ് സേവനം തടസമില്ലാത്ത നൊടിയിടയിൽ ചെയ്യാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് നിക്ഷേപകർക്ക് അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കുന്നതും കൈകാര്യം ചെയ്യുന്നതും എളുപ്പമാക്കുന്നു. വാട്സാപ്പ് പോലുള്ള പരിചിതമായ പ്ലാറ്റ്‌ഫോമിനെ ഉപയോക്തൃ-സൗഹൃദ ഇന്റർഫേസുമായി കൂട്ടിയോജിപ്പിച്ച് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അനായാസമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് ," എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നവനീത് മുനോട്ട് പറഞ്ഞു.
എങ്ങനെ നിക്ഷേപിക്കാം?
ഈ സൗകര്യം ലഭിക്കാൻ ഉപഭോക്താവ് +91-82706 82706 എന്ന നമ്പറിൽ സന്ദേശം അയയ്ക്കണം. UPI ഓട്ടോപേ, നെറ്റ് ബാങ്കിങ്, മറ്റ് ഡിജിറ്റൽ മോഡുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകൾ Tap2Invest ൽ ഉണ്ട്. ഇതിലൂടെ എളുപ്പം നിക്ഷേപം നടത്താൻ സാധിക്കും. നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ ഇനി പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല.