ആദായ നികുതിയില്‍ കുറവു കിട്ടുന്ന തുക ഇപ്പോൾ നിക്ഷേപിക്കണോ അതോ ചെലവഴിക്കണോ?
.jpg?w=1120&h=583)
Mail This Article
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ഒരു ലക്ഷം രൂപ മാസവരുമാനമുള്ളവര്‍ക്ക് പ്രതിമാസം ആറായിരം രൂപയ്‌ക്കടുത്താണ് ആദായ നികുതിയിനത്തില്‍ കുറവു ലഭിക്കുന്നത്. 60 വയസില്‍ താഴെയുള്ളവര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ വരുമാനത്തിന് 71,500 രൂപ പ്രതിവര്‍ഷം ആദായ നികുതി നല്‍കേണ്ടിയിരുന്നതാണ് ഇപ്പോള്‍ പൂജ്യമായി കുറയുന്നത്. അതായത് പ്രതിമാസം ആദായ നികുതിയിനത്തില്‍ ലഭിക്കുന്ന ലാഭം 5958 രൂപ. ഏകദേശം ആറായിരം രൂപയ്‌ക്കടുത്ത് തുക ഓരോ മാസവും ഇവര്‍ക്കു കൂടുതലായി ചെലവഴിക്കാന്‍ കിട്ടുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം.
ഇങ്ങനെ ഓരോ മാസവും ലഭിക്കുന്ന ആറായിരം രൂപ എന്തു ചെയ്യണം എന്നത് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍, അതായത് ഇപ്പോൾ തന്നെ കണക്കുകള്‍ കൂട്ടി തീരുമാനമെടുക്കണം. ഇതു ചെയ്‌തില്ലെങ്കില്‍ അറിയാതെ ഏതെങ്കിലും ഇനത്തില്‍ ചെലവഴിച്ചു പോകുകയും നമുക്കു ലഭിക്കുന്ന വരുമാന വര്‍ധനവിന്റെ ഫലം അറിയാനോ അനുഭവിക്കാനോ അവസരം ലഭിക്കാതെ പോകുകയും ചെയ്യും.

എമര്‍ജന്‍സി ഫണ്ടിനു തുടക്കം കുറിക്കാം
സാമ്പത്തിക ആസൂത്രണത്തിലെ സുപ്രധാന ചുവടുവെയ്‌പാണ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി പ്രത്യേകമായൊരു ഫണ്ട് സൂക്ഷിക്കുക എന്നത്. കോവിഡ് കാലത്താണ് ഇതിന്റെ പ്രധാന്യം നമ്മില്‍ പലരും കൃത്യമായി മനസിലാക്കിയത്. എങ്കിലും കോവിഡ് കാലം കഴിഞ്ഞതോടെ ഇക്കാര്യം പലരും മറക്കുകയും ചെയ്‌തു. അങ്ങനെ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാത്തവര്‍ക്ക് നല്ലൊരു തുടക്കം കുറിക്കാനുള്ള അവസരമാണ് ഇങ്ങനെ ലഭിക്കുന്ന അധിക വരുമാനം. നികുതിയിനത്തില്‍ ലാഭിക്കുന്ന തുകയില്‍ ഒരു ഭാഗം എമര്‍ജന്‍സി ഫണ്ടിനായി മാറ്റിവയ്ക്കാം.
എത്ര തുക എന്തിനെല്ലാം വകയിരുത്തണം?
ആദായ നികുതിയിനത്തില്‍ ലാഭിക്കുന്ന ആറായിരം രൂപയില്‍ എത്ര തുക ഏതെല്ലാം ഇനത്തില്‍ വകയിരുത്തണം എന്നത് തികച്ചും വ്യക്തിഗതമാണ്. ഒരേ വരുമാനമോ ഒരേ ജോലിയോ ഉള്ളവരാണെങ്കിലും അവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങള്‍ തികച്ചും വ്യത്യസ്‌തമായിരിക്കും. ഇതു കണക്കിലെടുത്താവണം എമര്‍ജന്‍സി ഫണ്ടായാലും മറ്റു നിക്ഷേപങ്ങളായാലും പരിഗണിക്കേണ്ടത്.
കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ നിശ്ചയിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. അതിന്‍ പ്രകാരമുള്ള നിക്ഷേപങ്ങളിലും വകയിരുത്തലുകളിലും അച്ചടക്കത്തോടെ ഉറച്ചു നില്‍ക്കുകയും കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പുനരവലോകനങ്ങള്‍ നടത്തുകയും ചെയ്യണം. ആദായ നികുതി ഇനത്തില്‍ ലാഭിക്കുന്ന തുക വിനിയോഗിക്കാനായി പൊതുവെ എല്ലാവര്‍ക്കും സാധിക്കുന്ന മറ്റു ചില മേഖലകള്‍ പരിശോധിക്കാം
വലിയ പലിശയുള്ള കടങ്ങള്‍ ആദ്യം തീര്‍ക്കാം
നിങ്ങളുടെ കടങ്ങള്‍ തീര്‍ക്കാനായി അധിക വരുമാനം വിനിയോഗിക്കുന്നത് മികച്ചൊരു രീതിയാണ്. അധികമായി ലഭിക്കുന്ന ആറായിരം രൂപയില്‍ ഒരു ഭാഗം നിങ്ങളുടെ വ്യക്തിഗത പശ്ചാത്തലങ്ങള്‍ പരിഗണിച്ച് വായ്‌പകള്‍ തീര്‍ക്കാനായി വകയിരുത്താം. നിലവില്‍ നടത്തുന്ന തിരിച്ചടവു തുക വര്‍ധിപ്പിക്കാനോ നേരത്തെ അടച്ചു തീര്‍ക്കാനോ എങ്ങനെ വേണമെന്ന് സാഹചര്യമനുസരിച്ച് തീരുമാനിക്കാം. കൂടുതല്‍ പലിശയുള്ള വായ്‌പകള്‍ തിരിച്ചടച്ചു തീര്‍ക്കുന്നതിനാവണം മുന്‍ഗണന. പെഴ്‌സണല്‍ ലോണുകളും ക്രെഡിറ്റ് കാര്‍ഡ് വായ്‌പകളുമെല്ലാം തിരിച്ചടക്കുന്നതിന് ഇതുപയോഗിക്കാമെങ്കിലും ഭവന വായ്‌പകള്‍ അടച്ചു തീര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുന്നതാവും പലപ്പോഴും അനുചിതം.

റിട്ടയര്‍മെന്റ് ഫണ്ടിനു തുടക്കം കുറിക്കാം
കൃത്യമായ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തിയിട്ടില്ലാത്ത വ്യക്തിയാണെങ്കില്‍ അതിനു തുടക്കം കുറിക്കാനുള്ള മികച്ചൊരു അവസരമാണ് ഇങ്ങനെ ലഭിക്കുന്ന അധിക വരുമാനം. നിങ്ങളുടെ പ്രായം, കുടുംബ സാഹചര്യങ്ങള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തി റിട്ടയര്‍മെന്റ് പ്ലാനിങ് നടത്തുകയും അതനുസരിച്ചുള്ള നിക്ഷേപം നടത്താന്‍ ഇതില്‍ നിന്നു പണം കണ്ടെത്തുകയും ചെയ്യാം. റിട്ടയര്‍മെന്റ് ആവശ്യത്തിനായി നിലവില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ആ തുക വര്‍ധിപ്പിക്കണമെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്താം.
ഡീമാറ്റ് അക്കൗണ്ടോ എസ്‌ഐപിയോ ആരംഭിക്കണോ?
ഓഹരി വിപണികള്‍ തിരുത്തലുകള്‍ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ മേഖലയിലെ നിക്ഷേപങ്ങള്‍ അഭികാമ്യമാണോ എന്ന ചോദ്യം പലരും ഉയര്‍ത്തിയേക്കാം. ഓഹരി വിപണിയുടെ ഗതി പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷേ, വിലകള്‍ ഇടിയുന്നത് പലപ്പോഴും മികച്ച നിക്ഷേപാവസരങ്ങളാണ് നല്‍കുന്നതെന്ന് ഓര്‍ക്കണം. പക്ഷേ, വിപണിയെ കുറിച്ച് ആഴത്തിലുള്ള മികച്ച അറിവില്ലാത്തവര്‍ക്ക് ഓഹരി നിക്ഷേപം അത്ര നല്ലതാകില്ല. അങ്ങനെയുള്ളവര്‍ക്ക് മ്യൂചല്‍ ഫണ്ടുകള്‍ നല്ലൊരു അവസരമാണു നല്‍കുന്നത്.
മ്യൂചല്‍ ഫണ്ടുകളിലൂടെ ഓഹരി അധിഷ്‌ഠിത നിക്ഷേപത്തിനു തുടക്കം കുറിക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ വരുമാന വര്‍ധനവു നല്‍കുന്നത്. പ്രതിമാസം ഒരു നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന എസ്‌ഐപി രീതിക്ക് ഇപ്പോള്‍ തുടക്കം കുറിക്കാവുന്നതാണ്. അതിന് ആറായിരം രൂപയില്‍ നിന്ന് എത്ര തുക നീക്കിവയ്ക്കാനാവുമെന്ന് ഇപ്പോള്‍ തീരുമാനിച്ച് അത് അച്ചടക്കത്തോടെ പി്‌ന്തുടരണം. ഈ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായുള്ള ഡീമാറ്റ് അക്കൗണ്ടിനും ഇപ്പോള്‍തുടക്കം കുറിക്കാം.
റിക്കറിങ് ഡെപ്പോസിറ്റും സ്ഥിര നിക്ഷേപവും
അധികമായി ലഭിക്കുന്ന വരുമാനത്തില്‍ ഒരു തുക റെക്കറിങ് നിക്ഷേപത്തിനായി ഉപയോഗിക്കാം. നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിങിലൂടെ തന്നെ റിക്കറിങ് നിക്ഷേപത്തിനു തുടക്കം കുറിക്കാം. ആറായിരം രൂപയില്‍ ഒരു തുക അതിനായി മാറ്റിവയ്ക്കുകയും അത് ഓട്ടോ ഡെബിറ്റ് ആകുന്ന രീതിയില്‍ സ്‌റ്റാന്‍ഡിങ് ഇന്‍സ്‌ട്രക്ഷന്‍ നല്‍കുകയും ചെയ്‌താല്‍ നാം അറിയാതെ തന്നെ റിക്കറിങ് നിക്ഷേപം തുടര്‍ന്നു പോകും. അങ്ങനെ സ്വരുക്കൂട്ടുന്ന തുക കാലാവധിക്കു ശേഷം സ്ഥിര നിക്ഷേപമാക്കുന്ന രീതിയും പലരും പിന്തുടരാറുണ്ട്. ഇവയെല്ലാം അധികമായി ലഭിക്കുന്ന തുക അച്ചടക്കത്തോടെ സമ്പാദ്യമാക്കി മാറ്റുന്ന ചില പ്രായോഗിക രീതികളാണ്.
കുട്ടികള്‍ക്കായുള്ള നിക്ഷേപം
പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജന അടക്കം നിരവധി നിക്ഷേപ പദ്ധതികളാണ് കുട്ടികള്‍ക്കായി ലഭ്യമായിട്ടുള്ളത്. അവയില്‍ നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ചൊരു അവസരം കൂടിയാണിത്. ആരോഗ്യ സംരക്ഷണ പദ്ധതികള്‍ അടക്കമുള്ളവ ആരംഭിക്കാനും ഇതിനിടെ ശ്രദ്ധിക്കണം.
ഗോള്‍ഡ് ഇടിഎഫുകള്‍ മുതല്‍ ഡെറ്റ് മ്യൂചല്‍ ഫണ്ടുകള്‍ വരെ
നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് മികച്ച സ്വീകാര്യതയുണ്ട്. നേരിട്ടു സ്വര്‍ണം വാങ്ങുന്നില്ലെങ്കിലും ഗോള്‍ഡ് ഇടിഎഫ് ഇതുമായി ബന്ധപ്പെട്ട മികച്ച അവസരമാണു നല്‍കുന്നത്. സ്വര്‍ണം നേരിട്ടു വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലിക്വിഡിറ്റിയും സുരക്ഷിതത്വവും ലാഭവുമെല്ലാം നല്‍കുന്നതാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ഒരു ഗ്രാം സ്വര്‍ണത്തിനു തൂല്യമായാണ് ഗോള്‍ഡ് ഇടിഎഫിന്റെ ഒരു യൂണിറ്റിനെ കണക്കാക്കുന്നത്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും എന്നതും സ്വര്‍ണം ആവശ്യമാണെങ്കില്‍ ഇവ വിറ്റ് അതാതു സമയത്തെ വിലയില്‍ സ്വര്‍ണം വാങ്ങാം എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
മ്യചല്‍ ഫണ്ടുകളിലെ ഡെറ്റ് വിഭാഗം പദ്ധതികളും അധിക വരുമാനം നിക്ഷേപിക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഏറെ പ്രചാരമുള്ള ഓഹരി വിഭാഗം മ്യൂചല്‍ ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് പദ്ധതികള്‍ക്കു ലാഭം കുറയുമെങ്കിലും താരതമ്യേന സുസ്ഥിരമായ നേട്ടം പ്രദാനം ചെയ്യുമെന്നതാണ് ഗുണം.
ഇക്വിറ്റി വിഭാഗം മ്യൂചല്‍ ഫണ്ടുകളിലെ ഫ്‌ളെക്‌സി കാപ് അടക്കമുള്ള വിവിധ പദ്ധതികള്‍ നിങ്ങളുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളും നിക്ഷേപ ലക്ഷ്യങ്ങളും കണക്കിലെടുത്ത് തെരഞ്ഞെടുക്കാവുന്നതാണ്. ഇവയില്‍ എസ്‌ഐപി തുടങ്ങാനായും അധികമായി ലഭിക്കുന്ന വരുമാനം പ്രയോജനപ്പെടുത്താം.
പ്രമുഖ സ്ഥാപനങ്ങളുടെ ബോണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവയും നമുക്കു മുന്നിലുണ്ടെങ്കിലും അവയെല്ലാം പ്രധാനമായും ഒറ്റത്തവണ നിക്ഷേപങ്ങള്‍ക്കായാണു പ്രയോജനപ്പെടുത്താനാവുക. വളരെ മികച്ച കമ്പനികളുടെ മികച്ച റേറ്റിങ് ഉള്ളവ മാത്രമായിരിക്കണം പരിഗണിക്കാന്‍ എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാം
അധികമായി ലഭിക്കുന്ന വരുമാനം നിക്ഷേപങ്ങള്‍ക്കായി മാത്രമല്ല ചെലവഴിക്കാനാവുക. ഓരോ വ്യക്തികളുടേയും സവിശേഷതകളും സാഹചര്യങ്ങളും കണക്കിലെടുത്തു വേണം അവ ചെലവഴിക്കാന്‍. നിങ്ങളുടെ കരിയറിലെ വളര്‍ച്ചയ്‌ക്ക് ഉതകുന്ന പുതിയ കഴിവുകള്‍ വികസിപ്പിക്കാനുള്ള കോഴ്‌സുകളില്‍ ചേരാനും ഈ അവസരം വിനിയോഗിക്കാം. അതിനായുള്ള ഫീസും മറ്റു ചെലവുകളും നേരിടാന്‍ നിങ്ങള്‍ക്ക് പണം ആവശ്യമുള്ള ഘട്ടത്തിലാവും ഒരു പക്ഷേ ഇങ്ങനെ അധിക വരുമാനം ലഭിക്കുന്നത്.
അതിനും ഈ തുക വകയിരുത്താം. ജോലിയില്‍ ഉയര്‍ച്ച ലഭിക്കുന്ന വിധത്തിലുള്ള കോഴ്‌സുകള്‍ പഠിക്കാനോ സോഫ്‌റ്റ് സ്‌കില്ലുകള്‍ വികസിപ്പിക്കാനോ ഇതു സഹായിക്കും. അതുമാത്രമല്ല, നിങ്ങള്‍ ആഗ്രഹിച്ചിരുന്ന മറ്റെന്തെങ്കിലും ആവശ്യങ്ങള്‍, ഒരു പക്ഷേ, ഒരു ക്ലബ്ബില്‍ ചേരുന്നതിനോ സംഗീതം പഠിക്കുന്നതിനോ എല്ലാം അതു പ്രയോജനപ്പെടുത്താനാവും. അത് എങ്ങനെ വേണം എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ആവശ്യങ്ങളും പശ്ചാത്തലങ്ങളും യാഥാര്‍ത്ഥ്യ ബോധത്തോടെ വിലയിരുത്തി കൃത്യമായ തീരുമാനം കൈക്കൊള്ളുക എന്നതാണ് ഇവിടെ പ്രധാനപ്പെട്ടത്.

പണം ചെലവഴിക്കാനുള്ളതാണ്
അധികം കിട്ടുന്ന പണം നിക്ഷേപിക്കാന്‍ മാത്രമുള്ളതാണെന്നു കരുതരുത്. നിങ്ങള്‍ക്കു ചെലവഴിക്കാന്‍ കൂടിയുള്ളതാണ് നിങ്ങള്‍ ജോലി ചെയ്‌തു നേടുന്ന പണം. അത് നിങ്ങളുടെ പ്രിയപ്പെട്ട യാത്രകള്‍ക്കാവാം ചെലവഴിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കാവാം. അതു തീരുമാനിക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. ഒരു സ്വപന യാത്രയാണ് ലക്ഷ്യമെങ്കില്‍ അതിനായുള്ള പണം സ്വരുക്കൂട്ടാനായി പ്രതിമാസ തവണകളായി നിക്ഷേപിക്കുന്ന പദ്ധതികളും കണ്ടെത്താം.
അവയെല്ലാം കൃത്യമായ ആസൂത്രണത്തോടെ നടത്തണം എന്നു മാത്രം. അധിക വരുമാനം ലഭിക്കുന്നത് എങ്ങനെയെല്ലാം എന്തിനെല്ലാമായി ചെലവഴിക്കണം എന്ന് തുടക്കത്തില്‍ കണക്കു കൂട്ടിയില്ലെങ്കില്‍ എത്ര വരുമാന വര്‍ധനവുണ്ടായാലും മാസാവസാനം ആകുമ്പോള്‍ നിങ്ങളുടെ പോക്കറ്റ് കാലിയാവും. അതില്ലാതെ തികഞ്ഞ ആസൂത്രണത്തോടെയുള്ള ചെലവഴിക്കലിനും നിക്ഷേപത്തിനും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭനാളുകളിൽ തന്നെ തുടക്കം കുറിക്കാം.