വിഷുക്കൈനീട്ടം വെറുതെ ചെലവാക്കി കളയണ്ട, കുഞ്ഞുങ്ങൾക്കായി നിക്ഷേപിക്കാം

Mail This Article
ചെറുപ്പം തൊട്ടേ കുട്ടികളില്‍ സാമ്പത്തിക ശീലം വളര്‍ത്തുന്നത് നല്ലതാണ്. അവരുടെ ഭാവിയിലേക്കായി നമുക്ക് നല്‍കാന്‍ പറ്റുന്ന മികച്ച പാഠങ്ങളില്‍ ഒന്ന് കൂടിയാണിത്. ചൊട്ടയിലെ ശീലം ചുടലവരെ എന്ന് പറയും പോലെ... ഇപ്പോള്‍ തുടങ്ങുന്ന സമ്പാദ്യ ശീലങ്ങള്‍ അവരുടെ വളര്‍ച്ചയിലെ ഓരോ സന്ദര്‍ഭത്തിലും ഉപകരിക്കും. ഈ വിഷുവിന് ലഭിക്കുന്ന കൈനീട്ടങ്ങള്‍ വെറുതെ ചെലവാക്കി കളയാതെ ഇതുവഴി കുട്ടികളിൽ സാമ്പത്തിക അച്ചടക്കം വളര്‍ത്തിയെടുക്കുമെന്ന് ഇന്നു തന്നെ തീരുമാനമെടുക്കാം.
പിഗ്ഗി ബാങ്ക്
കുഞ്ഞു മക്കള്‍ക്ക് വീട്ടില്‍ തന്നെ നിക്ഷേപം നടത്താന്‍ പറ്റുന്ന ഒന്നാണ് പിഗ്ഗി ബാങ്ക്. നല്ല ഭംഗിയുള്ള പിഗ്ഗി ബാങ്കുകള്‍ക്ക് കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കാനാകും. കുട്ടികളെ പിഗ്ഗിയില്‍ നിക്ഷേപിക്കാന്‍ പ്രാപ്തരാക്കേണ്ടത് രക്ഷിതാക്കളാണ്. ഓരോ തുകയും അതില്‍ ഇട്ടു ശീലമായാല്‍ പിന്നെ അവര്‍ അത് കൃത്യമായി ചെയ്തു തുടങ്ങും. വിഷു കൈനീട്ടം മുതല്‍ തുടങ്ങാം ഈ ശീലങ്ങള്‍

സേവിങ്സ് അക്കൗണ്ട്
18 വയസ് പൂര്‍ത്തിയാവാത്തവര്‍ക്കായി സേവിങ്സ് അക്കൗണ്ട് ലഭ്യമാണ്. എല്ലാ ബാങ്കുകള്‍ക്കും ഇത്തരം മൈനര്‍ സേവിങ്സ് അക്കൗണ്ട് ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ കൂട്ടി വയ്ക്കുന്ന കുഞ്ഞു പൈസ മുതല്‍ മാതാപിതാക്കള്‍ക്ക് വരെ ഇതില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ്
നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി മികച്ച പദ്ധതിയാണ് ലൈഫ് ഇന്‍ഷുറന്‍സ്. നിക്ഷേപത്തിന് ഉറപ്പായ വരുമാനം നല്‍കുന്നതിനോടൊപ്പം സാമ്പത്തിക ഭാവി സംരക്ഷിക്കുന്നതിനായി ലൈഫ് കവറും ലഭിക്കും.
സ്വര്‍ണം
ഒരു പരമ്പരാഗത നിക്ഷേപ മാര്‍ഗമാണിത്. കുട്ടികളുടെ ഭാവിയിലേക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഏതു തരത്തില്‍ നിക്ഷേപിക്കണമെന്നത് രക്ഷിതാവിന്റെ ചോയ്‌സാണ്.
സുകന്യ സമൃദ്ധി യോജന

പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണിത്. ഉയര്‍ന്ന പലിശയാണ് വാഗ്ദാനം. ഈ നിക്ഷേപങ്ങള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങള്‍ക്കും ഉപകരിക്കും. നികുതി ഇളവുമുണ്ട്.
എസ്‌ഐപി
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്നവയാണ് മ്യൂച്ചൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. കുട്ടികള്‍ക്കായി നിക്ഷേപം നടത്താവുന്ന മികച്ച പദ്ധതികളിലൊന്നാണ്. അതിനായി നല്ല ഫണ്ട് തെരഞ്ഞെടുക്കണം. ചെറുപ്രായത്തില്‍ തന്നെ നിക്ഷേപം തുടങ്ങിയാല്‍ വലിയ തുകയാണ് തിരിച്ചു കിട്ടുക.