ADVERTISEMENT

സാലറി അക്കൗണ്ട് അടിസ്ഥാനപരമായി ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ്. ജോലിക്കാരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെയാണ് സാലറി അക്കൗണ്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സാലറി അക്കൗണ്ടിനുള്ള പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് നൽകുന്ന പലിശ ആയിരിക്കും.  റിസർവ് ബാങ്കിന്റെ നിബന്ധനയനുസരിച്ച്, ഇപ്പോൾ ഒരു ലക്ഷം വരെ ബാലൻസ് വയ്ക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഒരേ നിരക്കിലാണ് പലിശ.

ഒരു ലക്ഷം രൂപയ്ക്കു മേലെ ബാലൻസ് വയ്ക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശ നൽകാൻ കഴിയും. ഇത് ഓരോ ബാങ്കിന്റെയും തീരുമാനമാണ്. എന്നാൽ സാലറി അക്കൗണ്ടുകൾ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളായാണ് പൊതുവെ കണക്കാക്കുന്നത്. അതിനാൽ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിനുള്ള പലിശ നിരക്കാണ് (രണ്ടര - മൂന്നര ശതമാനം) ലഭിക്കുക.  ചില ബാങ്കുകൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് കൂടിയ പലിശ നൽകുന്നുണ്ട്. അങ്ങനെയുള്ള ബാങ്കിൽ തുടങ്ങുന്ന സാലറി അക്കൗണ്ടിന് ആ പലിശ ലഭിക്കും.പലിശയല്ല സാലറി അക്കൗണ്ട് തുടങ്ങുന്നത് കൊണ്ടുള്ള ഗുണം.

interest-4-

ഇളവുകളും ആനുകൂല്യങ്ങളും

സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുക ഇടപാടുകാരുടെ തീരുമാനമനുസരിച്ച് ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റിയിടാനും  പണം ആവശ്യമെങ്കിൽ അത് വീണ്ടും സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി ഇടാനും സൗകര്യമുള്ള പദ്ധതികൾ (സ്വീപ്പ് ഇൻ - സ്വീപ്പ് ഔട്ട്) ഇപ്പോൾ ബാങ്കുകൾ നൽകുന്നുണ്ട്. ശമ്പളക്കാർക്കും ഇത് ലഭിക്കും. അങ്ങനെയെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറ്റിയിടുന്ന തുകക്ക് കൂടിയ പലിശ ലഭിക്കുമെന്ന മെച്ചമുണ്ട്. 

ബാങ്കും ജോലി സ്ഥാപനവുമായി ഒപ്പിടുന്ന കരാർ അനുസരിച്ചാണ് സ്ഥാപനത്തിലെ ജീവനക്കാർക്കു വേണ്ടി ആ ബാങ്കിൽ സാലറി അക്കൗണ്ട് തുടങ്ങുന്നത്.  ഇതനുസരിച്ച് ആ സ്ഥാപനത്തിലെ ജോലിക്കാരെല്ലാം ഈ ബാങ്കിൽ ആയിരിക്കും സാലറി അക്കൗണ്ടുകൾ തുടങ്ങുക. ആ സ്ഥാപനത്തിലെ മുഴുവൻ ജോലിക്കാരും ഒരു ബാങ്കിൽ തന്നെ അവരുടെ സാലറി അക്കൗണ്ടുകൾ തുടങ്ങാനാകും. അല്ലെങ്കിൽ ഓരോ വിഭാഗങ്ങളിലായി വിവിധ ബാങ്കുകളിൽ സാലറി അക്കൗണ്ടുകൾ തുടങ്ങാനുമാകും. ഇത് ബാങ്കും സ്ഥാപനവും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാകും തീരുമാനിക്കുന്നത്.

സാലറി അക്കൗണ്ട് ഏതു ബാങ്കിൽ തുടങ്ങണം എന്നത് ഓരോ സ്ഥാപനവുമാണ് തീരുമാനിക്കുന്നതെന്ന് ബാങ്കിങ് വിദഗ്ധനായ ബാബു കെ എ പറഞ്ഞു.  എന്നാൽ ചില സാഹചര്യങ്ങളിൽ സാലറി അക്കൗണ്ട് തങ്ങളുടെ ബാങ്കിൽ വേണമെന്ന് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ച്, സ്ഥാപനം ആ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നുണ്ടെങ്കിൽ, അദ്ദേഹം വ്യക്തമാക്കി. വായ്പ പാസാക്കുമ്പോൾ ചില ബാങ്കുകൾ ജോലിക്കാരുടെ സാലറി അക്കൗണ്ടുകൾ തങ്ങളുടെ ബാങ്കിൽ വേണം എന്ന് നിബന്ധന വച്ചേക്കാം. ഇതിലൂടെ ബാങ്കിനു പുതിയ ഇടപാടുകാരെയും അവരുടെ ബിസിനസും ലഭിക്കും.

സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ ബാങ്കുകൾ മിനിമം ബാലൻസ് നിബന്ധന വയ്ക്കാറുണ്ട്.  എന്നാൽ

interest-5-

∙സാലറി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്നില്ല.

∙ഡെബിറ്റ് കാർഡ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും.

∙ചില ബാങ്കുകൾ ഡെബിറ്റ് കാർഡിന് ഇഷ്യൂ ചാർജ് ഈടാക്കില്ല.

∙ഡെബിറ്റ് കാർഡിനുള്ള വാർഷിക ചാർജ് (AMC) ഒഴിവാക്കിയേക്കാം.

∙ചില ബാങ്കുകൾ സാലറി അക്കൗണ്ട് തുടങ്ങുന്ന എല്ലാ ജോലിക്കാർക്കും ക്രെഡിറ്റ് കാർഡുകൾ നൽകും. 

∙ക്രെഡിറ്റ് കാർഡിന് ചാർജ് ഒഴിവാക്കും. 

∙ഭവന,വാഹന, വ്യക്തിഗത വായ്പകൾ പ്രോസസിങ് ഫീ ഒഴിവാക്കിയോ, കുറഞ്ഞ  ഫീയിലോ നൽകും. 

∙പലിശ നിരക്കിൽ കുറവ് നൽകും. 

∙ലോക്കർ വാടക  ഒഴിവാക്കിയോ, കുറഞ്ഞ വാടകയിലോ നൽകും. 

∙ചില ബാങ്കുകൾ ഒരു മാസത്തെയോ രണ്ടുമാസത്തെയോ സാലറി ഓവർഡ്രാഫ്റ് ആയി നൽകും.

 ഇങ്ങനെ ധാരാളം ആനുകൂല്യങ്ങൾ സാലറി അക്കൗണ്ടുകൾക്കുണ്ടാകും.

English Summary:

Learn about salary account interest rates in India. Salary accounts offer similar interest to savings accounts, plus numerous additional benefits like waived fees, loan concessions, and more.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com