ഒടിപികള്‍ക്ക് ഗുഡ്ബൈ! സുരക്ഷ കടുക്കും, ഇനി പാസ്‌വേഡ് വേണ്ടാത്ത പേമെന്റുകളുടെ കാലം

Mail This Article
പാസ്‌വേഡ് ഇല്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനുള്ള സൗകര്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ പണമിടപാട് രീതിയെന്ന നിലയിലാണ് പാസ് വേര്‍ഡ് രഹിത രീതിയോട് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടാന്‍ കാരണം.
പലപ്പോഴും ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ കല്ലുകടിയായി മാറുന്നത് പാസ്‌വേഡുകള്‍ ഓര്‍ത്തിരിക്കാനുള്ള ബുദ്ധിമുട്ടും ഒടിപികളുടെ ബഹളവുമെല്ലാമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കായാണ് ഇവ എല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും പലര്‍ക്കും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്‌വേഡ് ഇല്ലാതെ തന്നെ ഓതന്റിക്കേഷന്‍ നടത്തി പേമെന്റ് നല്‍കാനുള്ള ഓപ്ഷന്‍ പലരും പ്രയോജനപ്പെടുത്തുന്നത്.
എങ്ങനെ?
ഒടിപികളും പാസ്‌വേഡും വേണ്ട..അതിന് പകരം ബയോമെട്രിക് രീതികളിലൂടെ ഓതന്റിക്കേഷന്‍ നല്‍കുന്ന രീതിയാണ് ജനകീയമാകുന്നത്. കൈവിരൽ, അല്ലെങ്കിൽ മുഖം കാണിച്ച് നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാവുന്ന രീതിയാണിത്.
ഈ രീതി ജനകീയമായാല്‍പാസ്‌വേഡുകള്‍ ഓര്‍ത്ത് വയ്ക്കുകയോ ആവര്‍ത്തിച്ച് ഒടിപി നല്‍കുകയോ വേണ്ട. ഓര്‍ഡര്‍ ഫൈനലൈസ് ചെയ്ത് കഴിഞ്ഞാല്‍ ഫിംഗര്‍പ്രിന്റ് സ്‌കാന്‍ ചെയ്‌തോ ഫേഷ്യല്‍ റെക്കഗ്നിഷനിലൂടെയോ പേമെന്റ് ഓതന്റിക്കേറ്റ് ചെയ്യാം.