ദിവസം ഒന്നര രൂപ മതി! ഏത് അപകടത്തിനും ചികിത്സാപരിരക്ഷ; മരിച്ചാൽ 10 ലക്ഷം

Mail This Article
റോഡപകടങ്ങൾക്കു മാത്രമല്ല, കാലുതെന്നി വീണാലും പൊള്ളലേറ്റാലും പാമ്പുകടിച്ചാലുമെല്ലാം ചികിത്സയ്ക്കു വലിയ ചെലവുവരും. വിഷമിക്കേണ്ട, ഇത്തരം അപകടങ്ങൾക്കെല്ലാം ചികിത്സാ കവറേജ് ഉറപ്പാക്കാം. പ്രതിദിനം ഒന്നര രൂപ മുടക്കാമെങ്കിൽ തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കാണ് (IPPB) കുറഞ്ഞ പ്രീമിയത്തിൽ എല്ലാത്തരം അപകടങ്ങൾക്കും സുരക്ഷ വാഗ്ദാനം ചെയ്യുന്നത്.
എന്താണു പദ്ധതി?
നിത്യജീവിതത്തിൽ സംഭവിക്കുന്ന അപകടങ്ങൾ ഏതായാലും 550 രൂപ വാർഷിക പ്രീമിയത്തിൽ 10 ലക്ഷം രൂപയുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഉപയോക്താക്കൾക്കാണ് പദ്ധതിയിൽ അംഗത്വം ലഭിക്കുക. നിലവിൽ അക്കൗണ്ട് ഇല്ലെങ്കിൽ 200 രൂപയ്ക്ക് അക്കൗണ്ടു തുടങ്ങിയാൽ 18മുതൽ 65 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. 65 വയസ്സിനുശേഷം അംഗത്വം പുതുക്കാനുള്ള സൗകര്യവും ഭാവിയിലുണ്ടായേക്കും.

ആനുകൂല്യങ്ങൾ എന്തെല്ലാം?
റോഡപകടങ്ങൾ തുടങ്ങി കാൽവഴുതിവീഴുന്നതും പൊള്ളലേൽക്കുന്നതും ജന്തുക്കളുടെ ആക്രമണവുമെല്ലാം ഇൻഷുറൻസിൽ ഉൾപ്പെടും. ഉപയോക്താവ് മരിച്ചാലോ പൂർണവൈകല്യം സംഭവിച്ചാലോ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഭാഗികമായ സ്ഥിര വൈകല്യങ്ങൾക്കും കവറേജുണ്ട്. പരുക്കുപറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നാൽ ചികിത്സാച്ചെലവും ലഭിക്കും.
∙ അഡ്മിറ്റ് ചെയ്തിട്ടുള്ള ചികിത്സയ്ക്ക് ഡോക്ടറുടെ നിർദേശമനുസരിച്ച് 1 ലക്ഷം രൂപവരെ അനുവദിക്കും. പുറമേ 30 ദിവസംവരെ പ്രതിദിനം 500 രൂപ (daily cash amount) ലഭിക്കും.
∙ ഒപി ചികിത്സയ്ക്ക് 30,000 രൂപവരെ ലഭിക്കും.
∙ ആയുർവേദ ചികിത്സയ്ക്ക് പരമാവധി 15 ദിവസത്തെ പ്രതിദിന അലവൻസ് മാത്രം.
∙ പ്രസവത്തിന് 25,000 രൂപ. ഇതിന് 9 മാസത്തെ കാത്തിരിപ്പു കാലാവധിയുണ്ട്.
∙ 10 ലക്ഷം രൂപവരെ ക്ലെയിം വരുന്ന സാഹചര്യത്തിൽ 21 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിനു പരമാവധി 1 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും.
5 ലക്ഷം രൂപയുടെ കവറേജും
5 ലക്ഷം രൂപയുടെ കവറേജ് മതിയെങ്കിൽ 350 രൂപ പ്രീമിയം നൽകിയാൽ മതി. എന്നാൽ ചില ആനുകൂല്യങ്ങൾ ലഭിക്കില്ല. ലഹരിവസ്തുക്കൾ ഉപയോഗിച്ചോ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചോ ഉണ്ടാകുന്ന അപകടങ്ങൾക്കും ആത്മഹത്യയ്ക്കും കവറേജ് ലഭിക്കില്ല. മനപ്പൂർവമുണ്ടാക്കുന്ന അടിപിടി, കത്തിക്കുത്ത് തുടങ്ങിയവയ്ക്കും കവറേജ് ലഭിക്കില്ല.
കാഷ്‌ലെസ് ചികിത്സ കിട്ടുമോ?
റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്കിൽപ്പെട്ട ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭിക്കും. മറ്റ് ആശുപത്രികളിലെ ചികിത്സാച്ചെലവ് റീ ഇംബേഴ്സ് ചെയ്തുകിട്ടും. പദ്ധതിയിൽ അംഗമാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും തൊട്ടടുത്ത തപാൽ ഓഫിസുമായി ബന്ധപ്പെടുക.
ഏപ്രിൽ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്