ഇപ്പോൾ എവിടെ നിക്ഷേപിക്കും? ഓഹരിയിലോ? അതോ സ്വർണത്തിലോ?

Mail This Article
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഹരി വിപണിയിലെ കുതിപ്പ് കാണുമ്പോൾ ഓഹരിയിൽ നിക്ഷേപിക്കണമെന്ന കനത്ത ആഗ്രഹത്തിലായിരുന്നു പലരും. എന്നാല്‍ നിക്ഷേപ മേഖലകളെല്ലാം കൂട്ടക്കുഴപ്പത്തിലായതോടെ നിക്ഷേപത്തിന് തയാറെടുക്കുന്നവരും ആശങ്കയിലാണ്. കുറച്ച് മാസങ്ങളായി ഓഹരി വിപണി എന്നും താഴ്ചയിലോ കനത്ത ചാഞ്ചാട്ടത്തിലോ ആണ്, അടുത്ത കാലത്തെങ്ങും കാര്യങ്ങൾ നേരാംവണ്ണമെത്തുമെന്ന് തോന്നുന്നുമില്ല. മ്യൂച്ചൽ ഫണ്ടുകളും എന്തിന് സ്ഥിര നിക്ഷേപവും താഴേയ്ക്കാണ്. സ്വർണം കുതിച്ചുയരുന്നു. സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴോട്ടു പോയാൽ സ്വർണവിലയും താഴെപ്പോരും എന്നതാണ് സ്ഥിതി. എന്നാൽ എല്ലാം കലങ്ങിത്തെളിഞ്ഞിട്ട് നിക്ഷേപിക്കാമെന്ന് വിചാരിച്ചിരിക്കാനാകില്ല. ഇനിയെങ്കിലും പത്ത് കാശുണ്ടാക്കിയില്ലെങ്കിൽ പലർക്കും ജീവിതാവശ്യങ്ങളെല്ലാം അവതാളത്തിലാകുകയേയുള്ളു.
വേണം നിക്ഷേപ മിക്സ്
സാമ്പത്തിക രംഗമാകെ കനത്ത അനിശ്ചിതാവസ്ഥയിലാകുമ്പോൾ കൈയിൽ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പത്ത് കൃത്യമായി മാനേജ് ചെയ്യുകയെന്നത് ഇവിടെ പരമപ്രധാനമാണ്. പക്കലുള്ള പണം ബുദ്ധിപൂർവം പ്ലാൻ ചെയ്ത് തെരഞ്ഞെടുത്ത മേഖലകളിൽ നിക്ഷേപിക്കുകയാണ് സ്വീകാര്യമായ നിലപാട്. ഒരിടത്ത് തന്നെ നിക്ഷേപിക്കാതെ വിവിധ മേഖലകളിലെ ഒരു നിക്ഷേപ മിക്സ് ഉണ്ടാക്കുകയാണ് വേണ്ടത്. നിക്ഷേപ മേഖലകളിൽ എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ ഉണ്ടാകാമെന്ന മുൻകരുതലോടെ വേണം ഏത് നിക്ഷേപ തീരുമാനവും കൈകൊള്ളാൻ എന്നത് പരമ പ്രധാനമാണ്.
അതിന് വേണ്ടത് കൃത്യമായ നിക്ഷേപ മിക്സാണ്. ഓഹരി പോലെ നേട്ടം നൽകില്ലെങ്കിലും റിസ്ക് കുറഞ്ഞ, സ്ഥിരതയുള്ള പ്രകടനം കാണിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ, ഗാരന്റീഡ് വരുമാന പദ്ധതികള്‍ എന്നിവ നിക്ഷേപ ശേഖരത്തിലുണ്ടാകണം. വിപണി തകർച്ചയുള്ളപ്പോഴാണ് പണത്തിന് ആവശ്യം വരുന്നതെങ്കിൽ ബുദ്ധിമുട്ടാതെ അത് സമാഹരിക്കാനാകും.
ഓരോ ഇടിവിലും നിക്ഷേപിക്കാം
ഓഹരി വിപണിയിലെ ഇടിവിനെ ദീർഘ കാലത്തേയ്ക്കുള്ള നിക്ഷേപ അവസരമായി കണക്കാക്കി അഞ്ചു വർഷത്തേക്കെങ്കിലും ആവശ്യം വരില്ല എന്നുറപ്പുള്ള വിഹിതം വിപണിയിലെ ഓരോ ഇടിവിലും നിക്ഷേപിക്കുകയാണ് വേണ്ടത്. അടിസ്ഥാനപരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യക്തമായി അറിയുന്ന മേഖലകളിലുള്ള നല്ല കമ്പനികളിൽ നിക്ഷേപിക്കുകയാണ് ഈ വേളയിൽ ഉത്തമം, ഇങ്ങനെ നിക്ഷേപിച്ചു കഴിഞ്ഞാൽ വിപണിയിലെ പിന്നീടുള്ള ഇടിവുകളിൽ വേവലാതിപ്പെടാൻ നിൽക്കരുത്. കാരണം ചരിത്രപരമായി നോക്കിയാൽ വിപണി ഓരോ ഇടിവിൽ നിന്നും ശക്തമായി തിരിച്ചു വന്നിട്ടുണ്ട്.
എല്ലാവരും വിൽക്കുമ്പോൾ വാങ്ങുന്നതിനുള്ള ധൈര്യം കാണിച്ചാൽ വിപണി തിരിച്ചു കയറുമ്പോഴുള്ള നേട്ടമുറപ്പിക്കാനാകും. ബ്ലൂചിപ് കമ്പനികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലത്തേക്ക് മികച്ച നേട്ടമുറപ്പിക്കും.
നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാനുള്ള വൈദഗ്ധ്യമില്ലാത്തവർക്ക് ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാനാകും. ഇവിടെയും ദീർഘ കാലത്തേക്കുള്ള നിക്ഷേപത്തിനാണ് ഓഹരി അധിഷ്ഠിത ഫണ്ടുകൾ അനുയോജ്യം. ഒരു വർഷത്തിനകം ആവശ്യമുള്ള പണമാണെങ്കിൽ നിക്ഷേപത്തിന് നഷ്ട സാധ്യത കുറഞ്ഞ കടപ്പത്രാധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളാണ് അനുയോജ്യം.
സ്വർണം ഇപ്പോഴത്തെ വേളയിൽ നിക്ഷേപത്തിനു തെരെഞ്ഞടുക്കാനാകാത്ത വിധത്തിൽ ഉയർന്ന നിലയിലാണ്. സ്വർണ വിലയിലെ വർധന രാജ്യാന്തര തലത്തിലെ പല ഘടകങ്ങളെ ആശ്രയിച്ചുള്ളതാണെന്നതിനാൽ അവയിലുണ്ടാകുന്ന ആഘാതങ്ങൾ ഒറ്റ ദിവസത്തിനുള്ളിൽ വില കുറയാൻ കാരണമാകും. അതു കൊണ്ട് അൽപം കാത്തിരുന്നു വിലയിൽ ഇടിവുണ്ടാകുന്ന വേളകളിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. തന്നെയുമല്ല, നിക്ഷേപത്തിനായുള്ള തുകയുടെ അഞ്ച് ശതമാനത്തോളം മാത്രം സ്വർണനിക്ഷേപത്തിനായി നീക്കി വച്ചാൽ മതിയെന്നാണ് നിക്ഷേപകർ അഭിപ്രായപ്പെടുന്നത്. കുറഞ്ഞ തുകയ്ക്ക് സ്വർണത്തിൽ നിക്ഷേപ അവസരമൊരുക്കുന്ന സ്വർണ ഇടിഎഫുകളും മ്യൂചൽ ഫണ്ടുകളുമൊക്കെ സാധാരണക്കാർക്കും പ്രയോജനപ്പെടുത്താവുന്ന മേഖലകളാണ്.