ADVERTISEMENT

വർഷങ്ങളോളം മുടങ്ങാതെ ആരോഗ്യ ഇൻഷുറൻസ്  അടച്ചവർ പെട്ടെന്ന് ഇപ്പോൾ ഇൻഷുറൻസ് അടക്കേണ്ട എന്ന് തീരുമാനിക്കുകയാണ്. പുതിയതായി ആരോഗ്യ ഇൻഷുറൻസ് എടുക്കാനും പലരും താല്പര്യം കാണിക്കുന്നില്ല. എന്തുകൊണ്ടാണ് അടിസ്ഥാന കാര്യമായ ആരോഗ്യ ഇൻഷുറൻസിൽ നിന്നും ആളുകൾ പിൻവലിയുന്നത്? അടച്ച പണം തിരികെ കിട്ടില്ല എന്ന് വിചാരിച്ചും ഇൻഷുറൻസ് കമ്പനികളെ വിശ്വാസമില്ലാത്തതും  തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾകൊണ്ടാണ് സാധാരണക്കാർ ഇപ്പോൾ ആരോഗ്യ ഇൻഷുറൻസുകളോട് മുഖം തിരിക്കുന്നത്.

2021-ൽ ഇന്ത്യയിൽ  ഏകദേശം 514 ദശലക്ഷം ആളുകൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് കീഴിൽ ഉണ്ടായിരുന്നു. 

health-insurance

ഉയരുന്ന പ്രീമിയം

പല ഇന്ത്യക്കാർക്കും പ്രീമിയം ഉയരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓരോ വർഷം  ചെല്ലുംതോറും ഉയർന്നതും താങ്ങാനാവാത്തതുമായ പ്രീമിയം കാരണം പലരും ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം വേണ്ടെന്ന് വയ്ക്കുന്നുണ്ട്. ലഭ്യമായ വിവിധ പദ്ധതികളെക്കുറിച്ച് അറിവില്ലാത്തതിനാലും  പ്രീമിയം അടച്ചാൽ പോലും ആരോഗ്യ ഇൻഷുറൻസ് കവറേജ് ലഭിക്കുമോ എന്ന പേടിയും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളിൽപ്പെട്ടവർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളെ ഒരു അധിക ചെലവായി കണക്കാക്കുന്നതും ആരോഗ്യ ഇൻഷുറൻസ് പകുതി വഴിക്ക് നിർത്താൻ കാരണമാകുന്നു.

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിനെ ആശ്രയിക്കൽ

ജീവനക്കാരും അവരുടെ കുടുംബങ്ങളും ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ വരുമ്പോൾ  വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസും ഫാമിലി ഫ്ലോട്ടറും വേണ്ടെന്ന് വയ്ക്കാറുണ്ട്. എന്നാൽ കമ്പനി മാറുമ്പോഴോ, ജോലി നഷ്ടപ്പെട്ടാലോ ആരോഗ്യ ഇൻഷുറൻസ് കവറേജ് ലഭിക്കില്ല എന്ന കാര്യം ഇവർ മറക്കുകയാണ്. അടച്ച പ്രീമിയത്തിന് ആവശ്യമുള്ള മൂല്യം നൽകുന്നില്ല എന്ന തോന്നൽ  ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസ് വ്യാപനം കുറയാനുള്ള മറ്റൊരു കാരണമാണ്. ആരോഗ്യ പദ്ധതികളുടെ വിലയുമായി ആനുകൂല്യങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് പലരും പരാതി പറയുന്നത് അതുകൊണ്ടാണ്.

അവബോധമില്ലായ്മ

മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി,  അസുഖം വന്നില്ലെങ്കിൽ, ഉടനടി വരുമാനമോ ആനുകൂല്യങ്ങളോ നൽകാത്തതിനാൽ പലരും ആരോഗ്യ ഇൻഷുറൻസ് ഒഴിവാക്കുന്നു.

ഇന്ത്യയിൽ ആരോഗ്യ ഇൻഷുറൻസ് വ്യാപനം കുറയാനുള്ള ഒരു പ്രധാന കാരണം ആരോഗ്യ ഇൻഷുറൻസിനെയും അതിന്റെ ഗുണങ്ങളെയും കുറിച്ചുള്ള അവബോധമില്ലായ്മയാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെയും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിലെയും ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചികിത്സാ ചെലവുകളിൽ നിന്ന് അത് അവരെ എങ്ങനെ സംരക്ഷിക്കുമെന്നും പരിമിതമായ അറിവേ ഉള്ളൂ.

കമ്പനികളിൽ വിശ്വാസമില്ലാത്തത് 

ഇൻഷുറൻസ് കമ്പനികളിൽ വിശ്വാസമില്ലാത്തതിനാൽ പലരും ആരോഗ്യ ഇൻഷുറൻസ് വാങ്ങാൻ മടിക്കുന്നു. തങ്ങളുടെ ക്ലെയിമുകൾ നിഷേധിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തേക്കാം, അല്ലെങ്കിൽ അത്യാവശ്യമായി പരിരക്ഷ ആവശ്യമുള്ളപ്പോൾ ഇൻഷുറർ സഹായത്തിനെത്തിയേക്കില്ല എന്ന് പലരും  പരാതിപ്പെടാറുണ്ട്. മറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ചില ആളുകൾ ആരോഗ്യ ഇൻഷുറൻസിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ മറ്റൊരു കാരണമാണ്. അതുപോലെ ചില പോളിസികൾ എല്ലാ അസുഖങ്ങളും കവർ ചെയ്യാത്തതും, നിലവിലുള്ള അവസ്ഥകൾക്കും പ്രത്യേക രോഗങ്ങൾക്കും കവറേജ് നിഷേധിക്കപ്പെടുമോ എന്ന ഭയവും  ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്ന് വയ്ക്കാൻ കാരണമാകുന്നു. 

രാജ്യത്ത് 60 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. Image Credits: ipopba/Istockphoto.com
Image Credits: ipopba/Istockphoto.com

അതുപോലെ ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ പ്രക്രിയകളും  ആളുകളെ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുണ്ട്.

താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളിൽപ്പെട്ടവർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളെ ഒരു അധിക ചെലവായി കണക്കാക്കുന്നു.ഇടത്തരക്കാർക്ക് ഇൻഷുറൻസ് പ്രീമിയം വർധിക്കുന്നത് പറ്റില്ല. ഇൻഷുറൻസിന് മുടക്കുന്ന തുകക്ക് മറ്റു നിക്ഷേപങ്ങൾ പോലെ നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാകില്ല, എന്നാൽ പരോക്ഷമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും എന്ന് മനസിലായാൽ പ്രീമിയം അടയ്ക്കുന്നതിൽ  ആരും മുടക്കം വരുത്തില്ല.

English Summary:

Rising health insurance costs and lack of trust are pushing Indians away from health coverage. Learn why premiums are increasing and how awareness campaigns can improve health insurance penetration in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com