റിപ്പോ കുറഞ്ഞിട്ടും വായ്പാ തവണ കുറഞ്ഞില്ലേ, കാരണം ഇതാണ്

Mail This Article
ഫെബ്രുവരിയിലും ഏപ്രിൽ മാസത്തിലുമായി റീപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ ആണ് ആർബിഐ കുറച്ചത്. ഇന്ത്യയിൽ ബാങ്ക് വായ്പയുടെ പകുതിയോളം റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. അതിനാൽ റീപ്പോ നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഈ വായ്പകളുടെ പലിശനിരക്കുകൾ മാറും.
ഭവന വായ്പകൾ, മോർട്ടഗേജ് വായ്പകൾ, വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയെല്ലാം അധികവും റീപ്പോ നിരക്കുമായി ബന്ധപ്പെട്ടാണിരിക്കുക. കൂടാതെ ഫ്ലോട്ടിങ് റേറ്റ് ബിസിനസ് വായ്പകൾ റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കും. അതിനാൽ റീപ്പോ നിരക്കുകളിൽ വന്ന 50 ബേസിസ് പോയിന്റുകളുടെ കുറവ് ഈ വായ്പകളുടെ മാസ തവണകളിലും മാസപ്പലിശയിലും ഇടപാടുകാർക്ക് ലഭിക്കും.

പലപ്പോഴും ഇടപാടുകാർ പരാതിപ്പെടുന്നത് ഈ കുറവ് ലഭിക്കുന്നില്ല എന്നാണ്. റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിങ് നിരക്ക് വായ്പയാണെങ്കിൽ തീർച്ചയായും ഈ കുറവ് ഇടപാടുകാർക്ക് ലഭിക്കണം. ഇത് കരാർ അനുസരിച്ചുള്ള അവകാശമാണ്. ചില ഇടപാടുകാർ പറയുന്നത് നിരക്ക് കൂട്ടുമ്പോൾ ഉടനെ പലിശ നിരക്ക് കൂട്ടുന്ന ബാങ്ക്, നിരക്ക് കുറയുമ്പോൾ പലിശ നിരക്ക് കുറക്കുന്നില്ല എന്നാണ്.
ആർബിഐ പറയുന്നത്
റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുവാൻ ഉത്തരവാദിത്തപ്പെട്ട ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും (REs) നിരക്കിൽ വരുന്ന കുറവ് ഇടപാടുകാർക്ക് കൊടുക്കുവാൻ ബാധ്യസ്ഥരാണ്. എന്നാൽ റീപ്പോ നിരക്ക് കുറഞ്ഞാൽ വായ്പയുടെ പലിശ കുറയ്ക്കുന്ന പതിവ് എല്ലാ ബാങ്കുകൾക്കും ഇല്ല. വായ്പ കരാറുകളിൽ പറഞ്ഞിരിക്കുന്ന മറ്റു നിബന്ധനകളും അനുസരിച്ചാവും കുറവ് വരുത്തുക.
ചില കരാറുകളിൽ പലിശ നിരക്കുകൾ മാറ്റുന്നത് മുൻ നിശ്ചയിച്ച കാലാവധികളിൽ ആയിരിക്കും. അവ ആ കാലാവധിക്കനുസരിച്ചാവും പലിശ നിരക്കുകൾ പുതുക്കുക. എന്നാൽ ഇത് എല്ലാ വായ്പകളുടെ കാര്യത്തിലും ഒരുപോലല്ല.

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വായ്പകളുടെ കാര്യത്തിൽ, റീപ്പോ നിരക്കിൽ വരുന്ന കുറവ് ഇടപാടുകാർക്ക് നൽകുവാൻ ബാങ്കുകൾക്കുള്ള പരമാവധി സാവകാശം മൂന്ന് മാസമാണ്. ഇതിനുള്ളിൽ നിരക്കിൽ വന്നിരിക്കുന്ന കുറവ് വായ്പകൾക്ക് നൽകണം.
ഈ മൂന്ന് മാസത്തെ സാവകാശം ബാങ്കുകൾ അവരുടെ പ്രോസസിങ് സമയവും മറ്റും അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാലാണ് റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വായ്പയാണെങ്കിലും നിരക്ക് കുറച്ചാൽ ഉടനെ തന്നെ വായ്പയുടെ നിരക്ക് കുറയ്ക്കാത്തത്. 50 ബേസിസ് പോയിന്റുകളുടെ കുറവ് ഭവന വായ്പയുടെ തവണയിൽ (EMI) എത്ര മാത്രം കുറവ് വരുത്തും എന്ന് താഴെ കാണിക്കുന്നു.

10 ലക്ഷം രൂപയുടെ വായ്പ 10 വർഷത്തെ കാലാവധിക്ക് എടുത്തതാണെങ്കിൽ EMI തുകയിൽ 260 രൂപയുടെ കുറവ് ലഭിക്കും. ഇത് 25 ലക്ഷം ആണെങ്കിൽ 650 രൂപയുടെ കുറവ് ഉണ്ടാകും. 25 ലക്ഷം രൂപയുടെ വായ്പ 25 വർഷത്തേക്ക് എടുത്തതാണെങ്കിൽ EMI യിൽ 825 രൂപയുടെ കുറവുണ്ടാകും
ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്