ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank), വായ്പകളുടെ പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർ‌ജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റിങ്ങിൽ (MCLR) നേരിയ കുറവു വരുത്തി. പുതുക്കിയ നിരക്ക് നാളെ (മേയ് 20) പ്രാബല്യത്തിൽ വരും. വായ്പകളുടെ തിരിച്ചടവ് കാലാവധിക്ക് അനുസരിച്ച് 0.05% ഇളവാണ് വരുത്തിയത്.

ഇതുപ്രകാരം ഒറ്റനാൾ (Overnight) കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8 ശതമാനത്തിൽ നിന്ന് 7.95 ശതമാനമാകും. ഒരുമാസ കാലാവധിയുള്ളവയുടേത് 8.65ൽ നിന്ന് 8.60 ശതമാനത്തിലേക്കും 3 മാസം കാലാവധിയുള്ളവയുടേത് 9.95ൽ നിന്ന് 9.90 ശതമാനത്തിലേക്കും കുറച്ചു. 6 മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ കുറഞ്ഞത് 10 ശതമാനത്തിൽ നിന്ന് 9.95 ശതമാനത്തിലേക്ക്. ഒരുവർഷം കാലാവധിയുള്ളവയുടെ പുതിയനിരക്ക് 10.05 ശതമാനം. നിലവിൽ‌ ഇതു 10.10 ശതമാനമാണെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

വായ്പാ ഇടപാടുകാർക്ക് ആശ്വാസം

എംസിഎൽആർ ബാധകമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ/EMI) കുറയുമെന്നതാണ് ഇടപാടുകാർക്കുള്ള നേട്ടം. അതായത് സ്വർണപ്പണയം (Gold loan), ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിലെ എംസിഎൽആർ ബാധകമായ വായ്പകളുടെ തിരിച്ചടവ് തുകയിൽ‌ (ഇഎംഐ) മാറ്റം വരും.

എന്താണ് എംസിഎൽആർ?

ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്. ഇതിലും കുറഞ്ഞനിരക്കോടെ വായ്പ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.

Image : iStock/stockforliving and South Indian Bank
Image : iStock/stockforliving and South Indian Bank

റീപ്പോ മാറുന്നതിന് ആനുപാതികമായി എംസിഎൽആർ മാറും. പുറമേ ബാങ്കിന്റെ പ്രവർത്തനച്ചെലവ്, കരുതൽ ധന അനുപാതം (സിആർആർ/CRR), വായ്പയുടെ കാലാവധി തുടങ്ങിയവയും വിലയിരുത്തിയാണ് എംസിഎൽആർ നിർണയം. ഓരോ ബാങ്കിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.

ഓഹരികളിൽ മുന്നേറ്റം

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ഇന്ന് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 6.21% കുതിച്ച് 29.26 രൂപയിൽ. ഒരുവേള ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 29.35 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ നവംബർ 18ന് കുറിച്ച 22.27 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ താഴ്ച. ഇന്നത്തെ മുന്നേറ്റത്തോടെ ബാങ്കിന്റെ വിപണിമൂല്യം 7,650 കോടി രൂപയും കടന്നു.

കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ശതമാനത്തോളം മുന്നേറ്റം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ നടത്തിയിട്ടുണ്ട്. മികച്ച നാലാംപാദ പ്രവർത്തന ഫലത്തിന്റെ കരുത്തിലാണ് പ്രധാനമായും ഓഹരികളുടെ മുന്നേറ്റം. നാലാംപാദ പ്രവർത്തനഫലം സംബന്ധിച്ച വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

South Indian Bank Cuts MCLR, Bank's Share Price Surges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com