സ്വർണ നാണയം ഏതായാലും ഇനി പണയം വയ്ക്കാം, ആഭരണത്തിന് ബില്ലും വേണ്ട

Mail This Article
അങ്ങനെ സ്വർണ നാണയം പണയം വയ്ക്കുന്ന കാര്യത്തിലെ ആശങ്കയും ഒഴിഞ്ഞു. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശം വച്ചിരുന്നവർക്ക് അത് പണയം വയ്ക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്തമാണ്.കഴിഞ്ഞ ദിവസം ആർബിഐ ഇറക്കിയ അന്തിമ വിഞ്ജാപനം അനുസരിച്ച് ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ നിന്ന് വാങ്ങുന്ന സ്വർണനാണയവും ഇനി പണയം വയ്ക്കാം. പരമാവധി 50 ഗ്രാം വരെയേ നാണയം പണയം വയ്ക്കാവു എന്ന വ്യവസ്ഥ തുടരും.
സ്വർണപ്പണയ വായ്‌പയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഇറക്കിയിരുന്ന കരട് വിഞ്ജാപനത്തിലെ പ്രധാന ആശങ്കകൾ ആണ് ഇതോടെ ഒഴിഞ്ഞത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്ക് ഇടപാടുകാരും പൊതുജനങ്ങളും ഉയർത്തി കാണിച്ച ബുദ്ധിമുട്ടുകൾ ഏറെയും പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്തു എന്നതാണ് ആശ്വാസം.

സ്വർണ വിലയുടെ 85 ശതമാനം വരെ വായ്പ
പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്വർണത്തിന്റെ വിലയുടെ 85ശതമാനം വരെ (LTV) വായ്പ ലഭിക്കും. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന 2.5 ലക്ഷം വരെയുള്ള വായ്പകൾക്കാണ് ഈ ഉയർന്ന പരിധി. 2.5 മുതൽ 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 80ശതമാനം വരെയും 5 ലക്ഷത്തിനുമുകളിൽ ഉള്ള വായ്പകൾക്ക് 75ശതമാനം വരെയും LTV ആവാം. വായ്പ കാലാവധിയിൽ മേല്പറഞ്ഞ LTV നിലനിർത്തണം. അതിനർത്ഥം തുടക്കത്തിൽ 85 ശതമാനം തുക വായ്പ എടുത്താൽ മാസം തോറും പലിശ അടക്കേണ്ടിവരും. അങ്ങനെ പലിശ അടക്കാൻ കഴിയില്ലെങ്കിൽ തുടക്കത്തിൽ എടുക്കുന്ന വായ്പ തുക അതനുസരിച്ച് കുറയും. പലിശയും മുതലും ഒരുമിച്ച് അടക്കുന്ന രീതിയിലുള്ള വായ്പകൾ (Bullet repayment) ഒരു വർഷത്തേക്ക് ലഭിക്കും. ഇത്തരം വായ്പകൾ കാലാവധിയാവുമ്പോൾ പലിശ മാത്രം അടച്ച് പുതുക്കാവുന്നതാണ്.
വായ്പ തുക ക്യാഷ് ആയും നൽകാം

20,000രൂപയ്ക്കു മുകളിലുള്ള വായ്പകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ നൽകാവൂ എന്ന നിബന്ധനയും മാറ്റി. കഴിവതും അങ്ങനെ ചെയ്യണമെന്ന നിർദേശമാണിപ്പോഴുള്ളത്. ക്യാഷ് ഇടപാടുകൾ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടത്തണം. ഇത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഗുണകരമാകും. വായ്പ തുക ഏത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണമെന്ന കർശന നിർദേശം ഒഴിവാക്കിയിട്ടുണ്ട്.
സ്വർണത്തിന്റെ ഉടമസ്ഥാവകാശം
സ്വർണാഭരണത്തിന്റെ ഉടമസ്ഥാവകാശം കാണിക്കുവാൻ സ്വർണം വാങ്ങിയ ബില്ല് കൊണ്ടുവരണമെന്ന നിബന്ധന ഒഴിവാക്കി. പണയ സ്വർണം സ്വന്തമാണ് എന്ന പതിവ് ഡിക്ലറേഷൻ മതി. ഇത് സ്വര്‍ണപ്പണയത്തിന്റെ അപേക്ഷയിൽ ചേർക്കാവുന്നതേയുള്ളൂ.

പണയം വയ്ക്കുമ്പോൾ പണയാഭരണത്തിന്റെ മുഴുവൻ വിവരങ്ങളും അടങ്ങിയ സർട്ടിഫിക്കറ്റ് സ്ഥാപനം ഇടപാടുകാരന് നൽകണം. ആഭരണത്തിന്റെ ഫോട്ടോയും വേണം.
പണയം തിരിച്ചുനൽകാൻ വൈകിയാൽ നഷ്ടപരിഹാരം
വായ്പ തിരിച്ചടച്ചാൽ അന്ന് തന്നെ പണയ സ്വർണം തിരിച്ചു നൽകണം. എന്തെങ്കിലും കാരണത്താൽ അന്ന് തിരിച്ചു നൽകാൻ കഴിയുന്നില്ലെങ്കിൽ, പരമാവധി ഏഴു ദിവസത്തിനുള്ളിൽ സ്വർണം തിരിച്ചു നൽകണം. തക്കതായ കാരണങ്ങൾ ഇല്ലാതെ ഇക്കാര്യത്തിൽ താമസം വരുത്തിയാൽ, ഓരോ ദിവസത്തെ താമസത്തിനും ഇടപാടുകാരന് 5000 രൂപ വീതം നഷ്ടപരിഹാരം നൽകണം.

ലേലത്തുക സ്വർണവിലയുടെ 90ശതമാനം വേണം
സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ 90 ശതമാനത്തിൽ കുറഞ്ഞ് സ്വർണാഭരണം ലേലത്തിൽ വിൽക്കാൻ പാടില്ല. ഈ നിബന്ധന സ്വർണലേലത്തിന്റെ കാര്യത്തിൽ കൂടുതൽ അച്ചടക്കവും സുതാര്യതയും കൊണ്ടുവരും. ഇടപാടുകാരുടെ താല്പര്യം കൂടുതലായി സംരക്ഷിക്കപ്പെടും. രണ്ടു തവണ ലേലത്തിൽ വച്ചിട്ടും 90 ശതമാനം തുക കിട്ടുന്നില്ലെങ്കിൽ മാത്രം അടുത്ത തവണ ലേലത്തുക സ്വർണത്തിന്റെ 85 ശതമാനം വരെ കുറക്കാം.
അന്തിമ വിഞ്ജാപനം ആശ്വാസകരം
വായ്പയുടെ കരാറിലും (agreement) പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്ന രേഖയിലും (key factor statement) വായ്പയുടെ എല്ലാ വിവരങ്ങളും വ്യക്തമായി നൽകണമെന്നും LTV, പലിശ, മറ്റു ചാർജുകൾ, വായ്പ തിരിച്ചടച്ചില്ലെങ്കിൽ എടുക്കുന്ന നടപടികൾ എന്നിങ്ങനെ വായ്പയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ ഇടപാടുകാർക്കും സ്വർണപ്പണയ വായ്പ നൽകുന്ന ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും ഒരു പോലെ ആശ്വാസകരമാണ്.