പലിശ വെട്ടിക്കുറച്ച റിസർവ് ബാങ്ക് നടപടി: പ്രയോജനം ഉടനെ എല്ലാവർക്കുമില്ല; 60% വായ്പകൾക്കു മാത്രം

Mail This Article
കൊച്ചി ∙ വായ്പ നിരക്ക് 0.5% വെട്ടിക്കുറച്ച ആർബിഐ നടപടിയുടെ തുടർച്ചയായി പല ബാങ്കുകളും പലിശയിളവു പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ ബാങ്കിങ് മേഖലയിലെ മൊത്തം വായ്പകളിൽ 60.2 ശതമാനത്തിനു മാത്രമേ നിരക്കിളവിന്റെ പ്രയോജനം ഉടൻ ലഭ്യമാകുകയുള്ളൂ.
വായ്പകൾക്കു പലിശ നിരക്കു നിശ്ചയിക്കാൻ ബാങ്കുകൾ ആശ്രയിക്കുന്നതു രണ്ടു തരം മാനദണ്ഡങ്ങളെയാണ്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ (റിപ്പോ) യുമായും മറ്റും ബന്ധപ്പെടുത്തിയുള്ള നിരക്കാണ് ഒന്ന്. ഇതിനെ ഇബിഎൽആർ, അതായത് എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് എന്നു വിളിക്കുന്നു. മറ്റൊന്ന് നിക്ഷേപങ്ങൾക്കായുള്ള ചെലവുമായി (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ്) ബന്ധപ്പെടുത്തിയുള്ള എംസിഎൽആർ എന്ന നിരക്ക്.
ആർബിഐ നിരക്കിളവു പ്രഖ്യാപിക്കുമ്പോൾ ഒട്ടും വൈകാതെ അതിന്റെ ആനുകൂല്യം ഇടപാടുകാർക്കു ലഭിക്കണമെങ്കിൽ അവരുടെ വായ്പ ഇബിഎൽആർ അധിഷ്ഠിതമായിരിക്കണം. എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ നിരക്കിൽ ഇളവു ലഭിക്കാനുള്ള കാലതാമസം ആറു മാസം വരെ നീളാം.
ബാങ്കുകൾ അനുവദിച്ചിട്ടുള്ള ആകെ വായ്പകളിൽ 60.2% മാത്രമേ ഇബിഎൽആർ വിഭാഗത്തിൽ പെടുന്നുള്ളൂ എന്നാണ് ഏറ്റവും ഒടുവിലെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. ഇവയിൽ ഏറെയും ഭവന വായ്പകളാണ്.
നിരക്കിളവിന്റെ ഫലമായി തിരിച്ചടവു തവണകളുടെ എണ്ണം കുറച്ചുകിട്ടാനോ കാലാവധി കുറച്ചുകിട്ടാനോ ഇടപാടുകാർക്ക് ഒട്ടും വൈകാതെ അവസരം ലഭ്യമാകും. എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ തിരിച്ചടവു തവണകളിലോ കാലാവധിയിലോ മാറ്റം ആവശ്യപ്പെടണമെങ്കിൽ നിരക്കിളവു പ്രാബല്യത്തിൽവരുന്നതുവരെ കാത്തിരിക്കണം.
പൊതു മേഖലയിലെ പല ബാങ്കുകളും ഇബിഎൽആർ വായ്പകൾക്കു നിരക്കിളവു പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റുള്ളവയിൽനിന്നുള്ള പ്രഖ്യാപനവും വൈകാതെയുണ്ടാകും. സ്വകാര്യ ബാങ്കുകൾ ഇക്കാര്യത്തിൽ പൊതുവേ അൽപം വൈകുക പതിവാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യവാരത്തിലെ കണക്കനുസരിച്ചു രാജ്യത്തെ മൊത്തം ബാങ്ക് വായ്പ 184.05 ലക്ഷം കോടി രൂപയുടേതാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business