വായ്പാ ആപ് തട്ടിപ്പാണോ? ഇനി ആർബിഐ പറഞ്ഞുതരും

Mail This Article
ന്യൂഡൽഹി∙ അംഗീകൃത മൊബൈൽ ആപ് വഴിയാണോ നിങ്ങൾ വായ്പയെടുക്കുന്നതെന്ന് ഇനി എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാം. രാജ്യത്തെ അംഗീകൃത വായ്പാ ആപ്പുകളുടെ പട്ടിക (വൈറ്റ്‍ലിസ്റ്റ്) റിസർവ് ബാങ്ക് സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിങ്ങൾ വായ്പയെടുക്കുന്ന ആപ്പിന്റെ പേര് ഈ പട്ടികയിലുണ്ടോയെന്ന് ഉറപ്പിച്ചാൽ മതി. ഇതിലില്ലെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. ഓൺലൈൻ വായ്പാ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നിർണായക നടപടി. 1,600 അംഗീകൃത ആപ്പുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023ലെ ഡിജിറ്റൽ വായ്പാ മാർഗരേഖയുടെ ഭാഗമായി അംഗീകൃത ആപ്പുകൾ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ആർബിഐ മുൻപ് വ്യക്തമാക്കിയിരുന്നു.
പരിശോധിക്കുന്നതിങ്ങനെ
∙ rbi.org.in എന്ന വെബ്സൈറ്റ് തുറന്ന് ‘സിറ്റിസൻസ് കോർണർ’ തിരഞ്ഞെടുക്കുക. ഇതിന്റെ താഴെ ‘DLA’s deployed by Regulated Entities’ എന്ന മെനു തുറക്കുക. ഇതോടെ 1,600 ആപ്പുകളുടെ പട്ടിക കാണാം. ഒന്നിലേറെ പേജുകളിലാണ് പട്ടിക നൽകിയിരിക്കുന്നത്.
∙ ആപ്പുകൾ ഏത് ധനകാര്യസ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഇതുവഴി അറിയിക്കാം.