വിള ഇൻഷുറൻസ്; കാത്തിരിപ്പിനൊടുവിൽ പോർട്ടൽ തുറന്നു; എൻറോൾ ചെയ്യാൻ 10 ദിവസം മാത്രം, സമയം തികയുമോ

Mail This Article
കാലാവസ്ഥാ അധിഷ്ടിത വിള ഇൻഷൂറൻസിന് റജിസ്റ്റർ ചെയ്യാനായി കാത്തിരുന്ന കർഷകർക്ക് ആശ്വാസമായി പോർട്ടൽ തുറന്നു. ഇന്ന് (ജൂലൈ 5) മുതൽ ജൂലൈ 15 വരെ കർഷകർക്ക് പോർട്ടലിൽ ഖരീഫ് 2025 സീസൺ റജിസ്റ്റർ ചെയ്യാം. മുൻവര്‍ഷങ്ങളിൽ പതിനായിരക്കണക്കിന് കർഷകർ ഒരു മാസം കൊണ്ട് ഇൻഷുറൻസിന് എൻറോൾ ചെയ്തതിരുന്നു. ഈ സാഹചര്യത്തിൽ 10 ദിവസം കൊണ്ട് എങ്ങനെ എൻറോൾ പ്രക്രിയ പൂർത്തിയാക്കാനാകുമെന്ന ആശങ്കയിലാണ് അംഗീകൃത ഇൻഷുറൻസ് ബ്രോക്കർമാരും ഏജന്റുമാരും. നിലവിലുള്ളവർക്കെങ്കിലും റജിസ്ട്രേഷൻ നടത്താനുള്ള ശ്രമത്തിലാണിവർ. അക്ഷയ സെന്ററുകളിലും അവസരമുണ്ട്. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചതാണ്. പക്ഷെ പോർട്ടൽ ഇതു വരെ തുറന്നിട്ടില്ലായിരുന്നു.
പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ സംഭവിക്കുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ സഹായമാണ് പദ്ധതി. ഈ സീസണിൽ വിളകളിറക്കി ഇൻഷുറൻസിൽ ചേരാൻ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം കർഷകർ ഈ ചുരുങ്ങിയ സമയം കൊണ്ട് തങ്ങൾക്കും എൻറോൾ ചെയ്യാനാകുമോ അങ്കലാപ്പിലാണ്. അവസരം ഇല്ലാതാകുമോ എന്ന് കർഷകർക്ക് ആശങ്കയായിരുന്നു.

സബ് സിഡി മുടങ്ങി
സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാർ നൽകേണ്ട തുക നൽകാത്തതാണ് പ്രതിസന്ധിക്കു കാരണമായതെന്ന് പറയുന്നു. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് പോർട്ടൽ തുറക്കുമെന്നും റജിസ്ട്രേഷനുള്ള അവസരമൊരുക്കുമെന്നും പദ്ധതി നടത്തിപ്പുകാരായ അഗ്രികർച്ചറൽ ഇൻഷുറൻസ് കമ്പനി പറഞ്ഞിരുന്നു.
രണ്ടു സീസണുകളിലായി നടപ്പാക്കുന്ന വിള ഇൻഷൂറൻസിൽ പ്രീമിയത്തിന്റെ 75 ശതമാനവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയാണ്. അതുകൊണ്ട് തന്നെ നാലിലൊന്ന് ചെലവിൽ നഷ്ടപരിഹാരം നേടാന്‍ കർഷകർക്കുള്ള അവസരമാണിത്. അതേസമയം 2023 ലെ ഒന്നാം വിള മുതൽ രണ്ടു കൊല്ലമായി ആറ് സീസണിലെ ‘ക്ലെയിം’ കർഷകർക്ക് നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ സബ്സിഡി മുടങ്ങിയതാണ് ഈ അനിശ്ചിതത്വത്തിനിടയാക്കിയത്.
കർഷകർക്ക് പ്രയോജനം, നാലിലൊന്ന് ചിലവിൽ ഇൻഷുർ ചെയ്യാം
കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. ഓരോ സീസണിലും ഒരു ലക്ഷത്തോളം കർഷകരാണ് പദ്ധതിയിൽ ചേരുകയും ഇൻഷുറൻസ് നഷ്ടപരിഹാരം നേടുകയും ചെയ്യുന്നത്. കേരളത്തിൽ പ്രധാനമായും നെൽകൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകൾക്കുമാണ് പരിരക്ഷയുള്ളത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം നൽകും. പ്രീമിയത്തിന്റെ 15% മാത്രം കർഷകർ വഹിക്കുകയും 85% കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കുകയുമാണ് ചെയ്യുന്നത്.

നെല്ലിന് മാത്രം വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് സീസണുകളായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിരിപ്പ് ഇൻഷുറൻസ് ജൂൺ മാസത്തിലും, മുണ്ടകൻ സെപ്റ്റംബറിലും, പുഞ്ച ഡിസംബറിലുമാണ് ചെയ്യേണ്ടത്. എന്നാൽ ഈ വർഷം ജൂലൈ മാസത്തിലാണ് വിരിപ്പ് സീസണിലെ എൻറോൾമെന്റ് ആരംഭിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പോർട്ടലിൽ കൂടിയാണ് എൻറോൾ ചെയ്യേണ്ടത്. കർഷകർക്ക് 15% പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം. ഇത് ഓരോ വിളയെയും എത്ര ഭൂമിയിൽ കൃഷി ചെയ്യുന്നു എന്നതുമനുസരിച്ച് വ്യത്യാസമുണ്ടാകും. അക്ഷയസെന്റർ, അംഗീകൃത ഇൻഷുറൻസ് ബ്രോക്കർമാർ, ഏജന്റുമാർ മുഖേന പദ്ധതിയിൽ ചേരാം. ചേരാനായില്ലെങ്കിൽ അനേകം കർഷകർ ദുരിതത്തിലാവും എന്ന കാര്യത്തിൽ സംശയമില്ല.