ഓഹരി വിപണിയെ ഉലച്ച് അദാനി
Mail This Article
കൊച്ചി ∙ അദാനിയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ ഓഹരി വിപണിക്ക് ആഘാതമായി. അദാനി ഗ്രൂപ്പിൽ ഉൾപ്പെട്ട ഓഹരികൾക്ക് 20% വരെ വിലയിടിവു നേരിട്ടെങ്കിലും കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച് റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഭവിച്ചതുപോലുള്ള കനത്ത തകർച്ച വിപണിയിലുണ്ടായില്ല. വ്യാപാരാവസാനത്തോടെ വിപണിയുടെ നില വലിയ തോതിലല്ലെങ്കിലും മെച്ചപ്പെടുകയും ചെയ്തു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ ഒറ്റ ദിവസംകൊണ്ടു സംഭവിച്ച നഷ്ടം 2,00,000 കോടി രൂപയുടേതാണ്. ഗ്രൂപ്പിന്റെ സാരഥിയായ ഗൗതം അദാനിയുടെ ആസ്തിയിൽനിന്നു ചോർന്നുപോയതാകട്ടെ 1,04,160 കോടി രൂപ. ഇതോടെ ലോകത്തെ അതിസമ്പന്നന്മാരിൽ അദാനിയുടെ സ്ഥാനം 22ൽനിന്ന് 25 ആയി. 4,83,000 കോടി രൂപയിലേക്കാണ് അദാനിയുടെ മൊത്തം ആസ്തി മൂല്യം താഴ്ന്നിരിക്കുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവയുടെ ഓഹരികളിൽ നേരിട്ട ഇടിവ് 20 ശതമാനം. ഗ്രൂപ്പിലെ എൻഡിടിവി, എസിസി, അംബുജ സിമന്റ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അദാനി വിൽമർ എന്നിവയുടെ ഓഹരികളിൽ 10% വരെ വീഴ്ച അനുഭവപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഡോളർ ബോണ്ടുകളിലും വലിയ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിലെ ഓഹരികളുടെ വിലത്തകർച്ച ഗ്രൂപ്പിനു സാമ്പത്തിക പിന്തുണ നൽകിയിട്ടുള്ള ബാങ്കുകളുടെ ഓഹരികളെയും പിടിച്ചുതാഴ്ത്തി. പൊതു മേഖലയിലെ വിവിധ ബാങ്കുകളിൽ അദാനി ഗ്രൂപ്പിനുള്ള ബാധ്യത 39,380 കോടി രൂപയുടേതാണെന്നു കണക്കാക്കുന്നു.
ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണത്തെ തുടർന്ന് അദാനി ഓഹരികളോടു നിക്ഷേപകർ അൽപകാലത്തേക്ക് അകലം പാലിച്ചപ്പോൾ അവയ്ക്കു വൻ പിന്തുണ നൽകിയതു നിക്ഷേപരംഗത്തെ പ്രമുഖരായ ജിക്യുജി പാർട്നേഴ്സ് എന്ന സ്ഥാപനമായിരുന്നു. അദാനിക്കെതിരെ അറസ്റ്റ് വാറന്റ് എന്ന വാർത്ത പുറത്തുവന്നതോടെ ഓസ്ട്രേലിയയിൽ ജിക്യുജി പാർട്നേഴ്സ് ഓഹരികളുടെ വില 26 ശതമാനമാണു താഴേക്കു പതിച്ചത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സുസ്ഥിരത സംശയത്തിന്റെ നിഴലിലാകുന്നത് റേറ്റിങ് ഏജൻസികൾക്കു ഗ്രൂപ്പിനെപ്പറ്റിയുള്ള മതിപ്പിനെ ബാധിച്ചേക്കും. രാജ്യാന്തര ധനസ്ഥാപനങ്ങളിൽനിന്നു സാമ്പത്തിക പിന്തുണ കിട്ടുന്നതിനും മറ്റും ഇതു തടസ്സമാകുകയും ചെയ്യാം.