ADVERTISEMENT

ഇലക്ട്രിക് ടൂവീലർ നിർമാതക്കളായ ഓല ഇലക്ട്രിക് (Ola electric) രണ്ട് പുത്തൻ മോഡലുകൾ വിപണിയിലിറക്കി. ഗിഗ് (Gig), ഗിഗ് പ്ലസ് (Gig+), എസ്1 ഇസഡ് (S1 Z), എസ്1 ഇസഡ് പ്ലസ് (S1 Z+) എന്നീ മോഡലുകളാണ് കമ്പനി മേധാവി ഭവീഷ് അഗർവാൾ അവതരിപ്പിച്ചത്. പോർട്ടബിൾ ബാറ്ററിയോട് കൂടിയതും അതിവേഗ ചാർജിങ് സൗകര്യമുള്ളതുമായ മോഡലുകളാണിവ. വീടുകളിൽ ഉപയോഗിക്കാവുന്ന പോർട്ടബിൾ ഇൻവെർട്ടറും പവർപോഡ് (PowerPod) എന്ന പേരിൽ ഓല വിപണിയിലിറക്കി.

ആകർഷകവും ലളിതവുമായ ഡിസൈനിലാണ് പുത്തൻ സ്കൂട്ടറുകൾ എത്തുന്നത്. ആപ്പ് അധിഷ്ഠിതമായാണ് ഇവയിലും ആക്സസ് സൗകര്യങ്ങൾ നൽകിയിരിക്കുന്നത്. സ്കൂട്ടറുകളുടെ ബുക്കിങ്ങിനും ഓല തുടക്കമിട്ടു. 2025 ഏപ്രിൽ മുതലായിരിക്കും വിതരണം. 1.5 കെഡബ്ല്യുഎച്ച് ശേഷിയുള്ളതാണ് ഗിഗ് സ്കൂട്ടറിന്റെ ബാറ്ററി. 112 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള ഗിഗിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 25 കിലോമീറ്റർ. സിംഗിൾ പോർട്ടബിൾ ബാറ്ററിയാണ് ഗിഗിലുള്ളത്. വെറും 39,999 രൂപയിൽ ഗിഗ് സ്കൂട്ടറിന്റെ വില ആരംഭിക്കുന്നു എന്നതാണ് ഗിഗിന്റെ പ്രത്യേകത.

ola-gig-new-main04

ഗിഗ് രംഗത്ത് ജോലി ചെയ്യുന്നവരെയും ഹ്രസ്വദൂരം സഞ്ചരിക്കുന്നവരെയും ഉന്നമിട്ടാണ് ഗിഗ് എത്തുന്നത്. വിവിധ കമ്പനികൾക്കുവേണ്ടി സ്വതന്ത്രമായി/ഫ്രീലാൻസറായി ജോലി ചെയ്യുന്നവരാണ് ഗിഗ് രംഗത്തുള്ളവർ. ഉദാഹരണത്തിന് സൊമാറ്റോയുടെ ഡെലിവറി ജോലിക്കാർ. ഗിഗ് രംഗത്തുതന്നെ കൂടുതൽ ദൂരം ഒരുദിവസം യാത്രചെയ്യുന്നവരെ ഉന്നമിടുന്നതാണ് ഗിഗ് പ്ലസ് സ്കൂട്ടർ. വില 49,999 രൂപ മുതൽ. 1.5 കെഡബ്ല്യുഎച്ചിന്റെ രണ്ട് പോർട്ടബിൾ‌ ബാറ്ററി സ്ലോട്ട് സ്കൂട്ടറിലുണ്ട്. ഒന്ന് ഉപയോഗിച്ചാൽ 81 കിലോമീറ്ററും രണ്ട് സ്ലോട്ടും പ്രയോജനപ്പെടുത്തി 157 കിലോമീറ്ററും റേഞ്ച് നേടാം. 45 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ola-gig-new-main3

പോർട്ടബിളായ രണ്ട് 1.5 കെഡബ്ല്യുഎച്ച് ബാറ്ററി സ്ലോട്ടോട് കൂടിയാണ് എസ്1ഇസഡ് എത്തുന്നത്. 75/146 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. ടോപ് സ്പീഡ് 70 കിലോമീറ്റർ. നഗരയാത്രികരാണ് എസ്1ഇസഡിന്റെ ഉന്നം. വില 59,999 രൂപ മുതൽ. സമാന മികവുകളുള്ള ഓല എസ്1ഇസഡ് പ്ലസിന് അൽപം കൂടി വിശാലമായ രൂപകൽപന നൽകിയിരിക്കുന്നു. വ്യക്തിഗത യാത്രയ്ക്ക് പുറമേ വാണിജ്യ ഉപയോഗത്തിനും എസ്1ഇസഡ് പ്ലസ് പ്രയോജനപ്പെടുത്താം. വില 64,999 രൂപ മുതൽ.

ola-gig-new-main02

പരമ്പരാഗത പെട്രോൾ സ്കൂട്ടറിനെ അപേക്ഷിച്ച് പ്രതിദിനച്ചെലവ് ഗിഗ്, എസ്1ഇസഡ് ശ്രേണിയിലെ സ്കൂട്ടറുകൾക്ക് വൻതോതിൽ കുറവാണെന്നും ഓല ഇലക്ട്രിക് അവകാശപ്പെടുന്നു. നിലവിൽ ഓലയ്ക്ക് എസ്1എക്സ്, എസ്1 എയർ, എസ്1 പ്രോ എന്നീ സ്കൂട്ടർ ശ്രേണികളാണുള്ളത്. 69,999 രൂപ മുതൽ 1.34 ലക്ഷം രൂപവരെയാണ് ഇവയുടെ പ്രാരംഭവില. ഓല അവതരിപ്പിച്ച പുത്തൻ പവർപോഡിന് 9,999 രൂപയാണ് വില. എൽഇഡി ബൾബ്, ഫാൻ, ടിവി, മൊബൈൽ ചാർജറുകൾ, വൈ-ഫൈ റൂട്ടർ എന്നിവ മൂന്നുമണിക്കൂർ വരെ പവർപോഡിൽ പ്രവർത്തിപ്പിക്കാനാകുമെന്നും ഓല പറയുന്നു.

ola-electric

ഇന്ന് ഓല ഇലക്ട്രിക്കിന്റെ ഓഹരികൾ എൻഎസ്ഇയിൽ 5.27% ഉയർന്ന് 73.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 32,309 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് രേഖപ്പെടുത്തിയ 157.40 രൂപയാണ്. അതേസമയം, 52-ആഴ്ചത്തെ താഴ്ച ഇക്കഴിഞ്ഞ 22ലെ 66.66 രൂപയും.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Ola Launches Gig Scooter at ₹39,999, PowerPod Inverter Debuts, Share Price Soars: Ola Electric has shaken up the market again with the launch of its budget-friendly Gig scooter series, aimed at gig workers and short-distance commuters. Alongside the new scooters, Ola also introduced the PowerPod, a portable inverter for home use. This move has sent ripples through the market, causing Ola's share price to surge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT