യുദ്ധം, ജിഡിപി, നിക്ഷേപ തളർച്ച, ഓഹരി വിറ്റഴിക്കൽ: വിപണിയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ?
Mail This Article
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ് ദിനത്തിലെ വില്‍പനയിൽ നഷ്ടം കുറിച്ചിരുന്നു. മുൻ ആഴ്ചയിൽ 23907 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ആഴ്ചയുടെ തുടക്കത്തിലേ കുതിപ്പിന് ശേഷം ക്രമപ്പെട്ട് വെള്ളിയാഴ്ച 24131 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിൽ താഴെയും വ്യാപാരം അവസാനിപ്പിച്ചു.
ഐടി സെക്ടറിലെ ചാഞ്ചാട്ടങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിലെയും ചാഞ്ചാട്ടങ്ങൾക്ക് വഴിവെച്ചത്. അമേരിക്കൻ പണപ്പെരുപ്പ വളർച്ച ഫെഡ് നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന എന്ന ഭയത്തിൽ അമേരിക്കൻ ടെക്ക് ഓഹരികൾക്കൊപ്പം ഇൻഫോസിസ് എഡിആർ വീണത് എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഇന്ത്യൻ വിപണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഡിഫൻസ് സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 11% മുന്നേറ്റം നേടിയപ്പോൾ പൊതു മേഖല ബാങ്കിങ് സെക്ടർ 7%ൽ കൂടുതൽ കുതിപ്പാണ് നടത്തിയത്. നിഫ്റ്റി നെക്സ്റ്റ്-50യും, ഇൻഫ്രാ സെക്ടറും എഫ്എംസിജി സെക്ടറും കഴിഞ്ഞ ആഴ്ചയിൽ മികച്ച നേട്ടമുണ്ടാക്കി.
ജിഡിപി വളർച്ച കുറയുന്നു
മൈനിങ് മേഖലയിലെ വളർച്ച ശോഷണവും, വ്യാവസായിക ഉല്‍പാദന മേഖലയിലെ വളർച്ച കുറഞ്ഞതും രണ്ടാം പാദത്തിൽ ഇന്ത്യൻ ആഭ്യന്തര ഉല്‍പാദന വളർച്ചയെ കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിച്ചു. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 6.5% പ്രതീക്ഷിച്ചിരുന്ന ഇന്ത്യയുടെ ജിഡിപി വളർച്ച 5.4%ലേക്ക് കുറഞ്ഞു. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ 7.8%വും മുൻ പാദത്തിൽ 6.7%വും ആയിരുന്നു ഇന്ത്യൻ ജിഡിപി വളർച്ച. നിക്ഷേപ വളർച്ചയിലും കയറ്റുമതി വളർച്ചയിലും കുറവ് വന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ജിഡിപി വളർച്ചയിലെ കുറവ് വിദേശഫണ്ടുകളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെങ്കിലും കേന്ദ്ര സർക്കാരും, ആർബിഐയും ആഭ്യന്തര ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് തിരിഞ്ഞേക്കുമെന്നത് വിപണിക്ക് പ്രതീക്ഷയാണ്.
വീണ്ടും വിറ്റ് അമേരിക്കൻ ഫണ്ടുകൾ
ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായ അമേരിക്കൻ ഫണ്ടുകൾ എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഇന്ത്യൻ വിപണിയെ വിറ്റു തകർത്തു. വ്യാഴാഴ്ച മാത്രം 11000 കോടിയിൽ കൂടുതൽ വിൽപന നടത്തിയ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും വില്‍പനക്കാരായി.
മാറുന്ന സാഹചര്യങ്ങളിൽ ഡോളർ വീണേക്കാവുന്നടക്കമുള്ള സാധ്യതകൾ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും വിദേശഫണ്ടുകളെ എത്തിച്ചേക്കാം. യൂണിയൻ ബജറ്റും, ആർബിഐ തീരുമാനങ്ങളും ഇന്ത്യൻ വിപണിയിലെ സാധ്യതകളാണ്.
ആർബിഐ യോഗം അടുത്ത വാരം
അമേരിക്കൻ ഡോളർ മുന്നേറ്റം തുടർന്നതും, മാറിയ സാഹചര്യത്തിൽ ഫെഡ് റിസർവ് ഫെഡ് നിരക്ക് കുറക്കുന്നത് ‘പതിയെ’യാക്കുമെന്ന സൂചനയും ആർബിഐ നയങ്ങളെ സ്വാധീനിച്ചേക്കാം. ട്രംപിന്റെ നയങ്ങൾക്കെതിരെ പിടിച്ചു നിൽക്കാനായി ചൈനയും സാമ്പത്തിക മാന്ദ്യസാദ്ധ്യതകൾ മറികടക്കാനായി യൂറോപ്യൻ കേന്ദ്രബാങ്കും നിരക്ക് കുറക്കുമ്പോൾ പണപ്പെരുപ്പം തടയാനായി ജപ്പാൻ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്നും കരുതുമ്പോൾ ആർബിഐ നയങ്ങളിലും നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കാം.
നിലവിൽ ആർബിഐയുടെ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 6.50%വും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%വും, ക്യാഷ് റിസേർവ് റേഷ്യോ 4.50%വുമാണ്.
അമേരിക്കൻ പണപ്പെരുപ്പം വീണ്ടും
ഒക്ടോബറിലെ അമേരിക്കൻ പിസിഐ ഡേറ്റ വിപണി അനുമാനിച്ച നിലയിലേക്ക് വളർന്നത് ഫെഡ് റിസർവ് വീണ്ടും പണനയം കടുപ്പിച്ചേക്കുമെന്ന ഭീതി പടർത്തി. അമേരിക്കൻ കൺസ്യൂമർ സ്‌പെൻഡിങ്ങിൽ അപ്രതീക്ഷിത വളർച്ച വന്നതും പണപ്പെരുപ്പം കൂടുതൽ ശക്തമാക്കിയേക്കുമെന്ന ഭയത്തിന് ആക്കം കൂട്ടുന്നു. ബുധനാഴ്ച അമേരിക്കൻ വിപണി പണപ്പെരുപ്പഭീതിയിൽ വീണെങ്കിലും താങ്ക്സ് ഗിവിങ് അവധിക്ക് ശേഷം തിരിച്ചു കയറി വെള്ളിയാഴ്ച നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.
എസ്&പിയും, ഡൗ ജോൺസും വെള്ളിയാഴ്ച വീണ്ടും റെക്കോർഡ് തിരുത്തി.
ട്രംപിന്റെ അധികനികുതി ഭീഷണികൾ
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കും, കാനഡക്കും, മെക്സിക്കോയ്ക്കും അധിക നികുതി സൂചന നൽകിയത് ഇന്ത്യൻ ഉല്പാദനമേഖലക്ക് വളരെ അനുകൂലമാണ്. കാനഡയുടെയും, മെക്സിക്കോയുടെയും അമേരിക്കൻ കയറ്റുമതികൾ ഇന്ത്യൻ കമ്പനികൾ സ്വന്തമാക്കിയേക്കാം.
വ്യാപാരയുദ്ധത്തിൽ ചൈനയുടെ പക്കലുള്ള 734 ബില്യൺ ഡോളറിന്റെ അമേരിക്കൻ ട്രഷറി നോട്ടുകൾ അമേരിക്കക്കെതിരെ മികച്ച ആയുധവുമാണ്. ചൈന അമേരിക്കൻ ട്രഷറി നോട്ടുകൾ വിറ്റു തുടങ്ങുന്നത് അമേരിക്കൻ ബോണ്ട് യീൽഡിനും, ഡോളറിനും സമ്മർദ്ദം നൽകും.
യുദ്ധഭീതിയും
ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നാറ്റോയും റഷ്യയും തമ്മിലുള്ള അകലം വർദ്ധിക്കുന്നതും, റഷ്യൻ ചേരിയും നാറ്റോയും തമ്മിലുള്ള ‘മറ’ മാറിപ്പോകുന്നതും ലോക വിപണിക്ക് ‘അപ്രതീക്ഷിത’ ഭീഷണിയാണ്.
അധികാരം നഷ്‌ടമായ ബൈഡന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിന് മുൻപ് തന്നെ റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ് ലോകത്തെ ഭയപ്പെടുത്തുന്നത്.
ലോക വിപണിയിൽ അടുത്ത വാരം
∙തിങ്കളാഴ്ച മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ലോക വിപണിയെ തന്നെ സ്വാധീനിക്കും. അമേരിക്കയും, ഇന്ത്യയും, ചൈനയും, യൂറോപ്യൻ രാജ്യങ്ങളും തിങ്കളാഴ്ചയാണ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വിടുന്നത്. സർവീസ് പിഎംഐ ഡേറ്റ ബുധനാഴ്ചയും പുറത്ത് വരും.
∙അമേരിക്കയുടെ നവംബറിലെ തൊഴിൽ വിവരക്കണക്കുകൾ വെളിവാക്കുന്ന നോൺഫാം പേറോൾ കണക്കുകളും തൊഴിലില്ലായ്മ കണക്കുകളും വെള്ളിയാഴ്ചയാണ് വരുന്നത്.
∙തിങ്കളാഴ്ച ഇന്ത്യൻ വിപണി സമയത്തിനും മുൻപ് വരുന്ന ചൈനയുടെ കോആക്സിൻ പിഎംഐ ഡേറ്റ ഏഷ്യൻ വിപണിയുടെയും യൂറോപ്യൻ വിപണികളുടെയും ഗതി നിർണയിച്ചേക്കും.
∙വെള്ളിയാഴ്ച രാവിലെ നടക്കുന്ന ആർബിഐ നയപ്രഖ്യാപനവും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
ഓഹരികളും സെക്ടറുകളും
∙ഡോളർ തുടർന്നും മുന്നേറ്റം നേടുന്നത് ഇന്ത്യൻ ഐടി ഓഹരികൾക്ക് അനുകൂലമാണെങ്കിലും, ഫെഡ് നയം വീണ്ടും കടുപ്പിക്കുന്നത് അമേരിക്കൻ കമ്പനികളുടെ ചെലവിടൽ ശേഷിയെ ബാധിക്കുമെന്ന സൂചനയിൽ വ്യാഴാഴ്ച ഇന്ത്യൻ ഐടി വീണു പോയിരുന്നു. ഐടിയിലെ തിരുത്തൽ അവസരമാണ്.
∙മഹാരാഷ്ട്രയിലെ ബിജെപിയുടെ വൻ തിരിച്ചുവരവിന്റെ ബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഡിഫൻസ് സെക്ടർ തുടർന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. എച്ച്എ എല്ലും ബിഇഎല്ലും കപ്പൽ നിർമ്മാണക്കമ്പനികളും ബജറ്റ് പ്രതീക്ഷയിൽ തുടർന്നും മുന്നേറ്റം നേടിയേക്കാം.
∙ഡിസംബർ 23ന് നടക്കുന്ന റീബാലൻസിങ്ങിൽ സൊമാറ്റോ സെൻസെക്സ്-30യിൽ ഇടംപിടിച്ചത് ഓഹരിക്ക് തുടർന്നും അനുകൂലമാണ്. ജെഎസ്ഡബ്ലിയു സ്റ്റീലിന് പകരമായാണ് സൊമാറ്റോ സെൻസെക്സിൽ ഇടംപിടിക്കുക.
∙ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനൊപ്പം സൊമാറ്റോ, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവ സെൻസെക്സ്-50യിലും ഇടംപിടിച്ചു.
∙ജിയോ ഫിനാൻഷ്യൽ, സുസ്ലോൺ എനർജി, അദാനി പവർ, അദാനി ഗ്രീൻ എനർജി, സംവർധന മതേഴ്സൺ, പോളിസി ബസാർ എന്നിവ സെൻസെക്സ്100 സൂചികയിലും ഇടം പിടിച്ചു.
∙നോർത്ത് അമേരിക്കയിലെ വില്‍പന പിന്തുണയിൽ ഇന്ത്യൻ ഫാർമ സെക്ടർ കഴിഞ്ഞ ഒരു വർഷം കൊണ്ട് 10%ൽ കൂടുതൽ വളർച്ച നേടിയിരുന്നു. ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ മാർക്കറ്റ് (ഐപിഎം) കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തിൽ നിന്നും 8% വളർച്ചയാണ് നേടിയത്.
∙അതെ സമയം ഇന്ത്യൻ ഹെൽത്ത് കെയർ സെക്ടർ മുൻ വർഷത്തിൽ നിന്നും 17.6%വും, മുൻപാദത്തിൽ നിന്നും 10%വും വളർച്ച നേടിയതും ശ്രദ്ധേയമാണ്. ആശുപത്രി ഓഹരികൾ തികച്ചും നിക്ഷേപയോഗ്യമാണ്.
∙ചൈനീസ് ഇറക്കുമതിയുടെ മേൽ ഡൊണാൾഡ് ട്രംപ് കൊണ്ട് വന്നേക്കാവുന്ന അധിക നികുതികൾ ഇന്ത്യൻ ഫാർമ സെക്ടറിന് നല്ല സമയം കൊണ്ട് വന്നേക്കാം. ഡോളർ മുന്നേറുന്നതും ഫാർമ കയറ്റുമതിക്കമ്പനികൾക്ക് അനുകൂലമാണ്.
∙റഷ്യ-യുക്രെയ്ൻ യുദ്ധം ഇന്ത്യൻ ധാന്യക്കയറ്റുമതിക്കമ്പനികൾക്കും വളം കയറ്റുമതിക്കമ്പനികൾക്കും മികച്ച അവസരം നൽകിയേക്കാം.
∙ബജറ്റ് പ്രതീക്ഷകളും മികച്ച മൺസൂണിനെ തുടർന്നുള്ള ഇന്ത്യൻ പാദങ്ങളിലെ മികച്ച വിളവും വളം, കാർഷിക മേഖലകൾക്കും ധാന്യം കയറ്റുമതി കമ്പനികൾക്കും അനുകൂലമാണ്. എൻഎഫ്എൽ, ആർസിഎഫ്, ഫാക്ട്, ചമ്പൽ ഫെർട്ടിലൈസർ എന്നിവ ശ്രദ്ധിക്കാം.
∙കഴിഞ്ഞ പാദത്തിലെ ആശുപത്രി വരുമാനത്തിന്റെ 33%വും ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലൂടെയാണെന്നത് ഹെൽത്ത് ഇൻഷുറൻസ് സെക്ടറിന് പ്രതീക്ഷയാണ്.
∙അബുദാബി ഹോൾഡിങ് കമ്പനിയുടെ (ഐഎച്ച്സി) പിന്തുണയും, മൂന്ന് അദാനി കമ്പനികൾ പുതുതായി എഫ്&ഓ സെഗ്മെന്റിലേക്ക് പ്രവേശിച്ചതും അടക്കമുള്ള ഘടകങ്ങളുടെ പിന്തുണയിൽ അദാനി ഓഹരികൾ വെള്ളിയാഴ്ച മുന്നേറ്റം തുടർന്നു.
∙നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും എഫ്&ഓ സെഗ്‌മെന്റിലേക്ക് തിരിച്ചു വന്ന യെസ് ബാങ്ക് വെള്ളിയാഴ്ച 1% നഷ്ടം കുറിച്ചു. 2020 മെയ് മാസത്തിലാണ് യെസ് ബാങ്കിനെ എഫ്&ഓ സെഗ്‌മെന്റിൽ നിന്നും ഒഴിവാക്കിയത്.
∙എൽഐസിയും, ബിഎസ്ഇയും, സിഡിഎസ്എലും എഫ്&ഓയിൽ ആദ്യമായി വ്യാപാരം ചെയ്ത വെള്ളിയാഴ്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
∙ആദ്യമായി എഫ്&ഓ സെഗ്മെന്റിൽ വ്യാപാരം തുടങ്ങിയ അദാനി ഓഹരികൾ വെള്ളിയാഴ്ച മികച്ച കുതിപ്പാണ് നടത്തിയത്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
സ്വിഗ്ഗി, പഞ്ചാബ് കമ്മ്യൂണിക്കേഷൻസ്, ഗ്ലോബൽ സ്‌പേസ് ടെക്‌നോളജീസ്, ഹരീഷ് ടെക്സ്റ്റൈൽ എഞ്ചിനിയേഴ്സ് മുതലായ കമ്പനികൾ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
സുരക്ഷ ഡയഗ്നോസ്റ്റിക് ലിമിറ്റഡിന്റെ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. അസം, ബംഗാൾ മുതലായ മേഖലകളിൽ പാത്തോളജി, റേഡിയോളജി ലാബുകൾ നടത്തുന്ന കമ്പനിയുടെ ഐപിഓ വില 420-441 രൂപയാണ്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ നേരിയ മുന്നേറ്റം നേടി വെള്ളിയാഴ്ച ബാരലിന് 73 ഡോളർ നിരക്കിൽ ക്ളോസ് ചെയ്തപ്പോൾ നാച്ചുറൽ ഗ്യാസ് 5% മുന്നേറ്റമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ചയിൽ 3% നഷ്ടം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ നവംബറിൽ 3% മാസനഷ്ടവും കുറിച്ചു.
സ്വർണം
വാർ പ്രീമിയം കുറഞ്ഞത് സ്വർണത്തിന് ക്ഷീണമായെങ്കിലും ആഴ്ചാവസാനത്തിൽ ബോണ്ട് യീൽഡ് വീണത് ആശ്വാസ മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി വില 2681 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായ ലേഖകൻ