ആർബിഐ യോഗത്തിലേയ്ക്ക് കണ്ണുംനട്ട് പ്രതീക്ഷയോടെ ഓഹരി വിപണി
Mail This Article
സൗത്ത് കൊറിയയിലെ അശാന്തിയും, ചൈനയുടെ സർവീസ് പിഎംഐ ഡേറ്റ പ്രതീക്ഷയ്ക്കൊപ്പമെത്താതെ പോയതും ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്ക് തിരുത്തൽ നൽകിയപ്പോൾ ഇന്ത്യയ്ക്കൊപ്പം ജാപ്പനീസ് വിപണിയും രക്ഷപ്പെട്ടു. ബാങ്കിങ് ലോ (അമെൻഡ്മെന്റ്) ബില്ലും, ആർബിഐ നയങ്ങളിലെ പ്രതീക്ഷയും ബാങ്കിങ്, ഫൈനാൻഷ്യൽ സെക്ടറുകൾക്ക് 1.1% വീതം മുന്നേറ്റം നൽകിയതാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്.
എച്ച്ഡിഎഫ്സി ബാങ്കും, ടിസിഎസും, ബജാജ് ഇരട്ടകളും മുന്നിൽ നിന്നും നയിച്ചപ്പോൾ പൊതു മേഖല ബാങ്കുകളും, ഐടി സെക്ടറും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. എന്നാൽ ഓട്ടോ, സിമന്റ്, എഫ്എംസിജി ഭീമന്മാരുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്.
നിഫ്റ്റി 24573 പോയിന്റ് വരെ മുന്നേറിയ ശേഷം 10 പോയിന്റ് നേട്ടത്തിൽ 24467 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ സെൻസെക്സ് 110 പോയിന്റ് നേട്ടത്തിൽ 80956 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി കുതിക്കുന്നു
ആർബിഐ നയപ്രഖ്യാപനം അനുകൂലമായാൽ റെക്കോർഡ് ഉയരം ലക്ഷ്യമിട്ട് മുന്നേറുന്ന ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച ലക്‌ഷ്യം കുറിച്ചേക്കുമെന്നാണ് വിപണി പ്രതീക്ഷ. ആർബിഐ യോഗം ആരംഭിച്ച ഇന്ന് 53387 പോയിന്റ് വരെ കുതിച്ച ബാങ്ക് നിഫ്റ്റി 571 പോയിന്റ് നേട്ടത്തിൽ 53266 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
സെപ്റ്റംബറിൽ കുറിച്ച 54467 പോയിന്റാണ് നിഫ്റ്റിയുടെ റെക്കോർഡ് ഉയരം.
ആർബിഐ യോഗം തുടങ്ങി
ഇന്ന് മുതൽ നടക്കുന്ന ആർബിഐയുടെ പണനയ സമിതി യോഗം വിപണി അനുകൂല തീരുമാനങ്ങൾ തന്നെയാകും വെള്ളിയാഴ്ച പ്രഖ്യാപിക്കുകയെന്ന പ്രതീക്ഷയിൽ വിദേശ ഫണ്ടുകളടക്കം തിരികെയെത്തിത്തുടങ്ങി. റിപ്പോ നിരക്ക് 6.50%ൽ നിന്നും 6.25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഓട്ടോ, റിയൽറ്റി സെക്ടറുകൾ ശ്രദ്ധിക്കുക.
ജിഡിപി വളർച്ച കുറഞ്ഞ സാഹചര്യത്തിൽ പണലഭ്യത വർദ്ധിപ്പിക്കാനായി ക്യാഷ് റിസർവ് റേഷ്യോയിൽ (സിആർആർ) കുറവ് വരുത്തുമെന്ന പ്രതീക്ഷയും വിപണി പുലർത്തുന്നു. നിലവിൽ സിആർആർ 4.50 ശതമാനമാണ്.
ജെറോം പവൽ ഇന്ന്
നാസ്ഡാകും, എസ്&പിയും ഇന്നലെയും പുതിയ റെക്കോർഡ് ഉയരം താണ്ടിയപ്പോൾ ഡൗ ജോൺസ് വീണ്ടും നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് വീണ്ടും നേട്ടത്തിലാണ് തുടരുന്നത്.
അമേരിക്കൻ ഫെഡ് ചെയർമാൻ ഇന്ന് സംസാരിക്കാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. അടുത്ത ആഴ്ച ഫെഡ് യോഗം ചേരാനിരിക്കെ ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും ഒപ്പം ലോക വിപണിയുടെയും ഗതി നിർണയിക്കും.
വീണ് ഏഷ്യൻ വിപണികൾ
കൊറിയയിലെ രാഷ്ട്രീയ അശാന്തി കൊറിയൻ വിപണിക്കൊപ്പം അയൽ വിപണികളെയും സ്വാധീനിച്ചു. കൊറിയൻ ഓഹരികൾ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളും തിരിച്ചടി നേരിട്ടു. കൊറിയൻ സൂചികയായ കോസ്‌പി ഇന്ന് 2% വരെ തകർന്നിരുന്നു.
മുന്നേറി ചെറുകിട ബാങ്കുകൾ
പൊതു മേഖല ബാങ്കുകൾക്കൊപ്പം ചെറുകിട ബാങ്കിങ് ഓഹരികളും മികച്ച കുതിപ്പ് നടത്തി. ധനലക്ഷ്മി ബാങ്ക് 12% മുന്നേറിയപ്പോൾ, യൂക്കോ ബാങ്ക് 11% നേട്ടമാണ് ഇന്ന് കുറിച്ചത്. ഐഓബി 8% മുന്നേറിപ്പപ്പോൾ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 7%വും മുന്നേറി.
വക്രാങ്കീ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് ബാങ്കിങ് സേവനങ്ങൾ കൂടി നൽകാൻ ധാരണയായത് ഈ എടിഎം കമ്പനിക്ക് പുതിയ കുതിപ്പാണ് നൽകുന്നത്. ഗ്രാമീണ മേഖലയിൽ 6000 എടിഎമ്മുകളും 14000 ബിസിനസ് കറസ്പോണ്ടന്റ്സ് കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്ന കമ്പനിക്ക് ഇനി മുതൽ സേവിങ് അക്കൗണ്ടുകൾ തുടങ്ങാനും, വായ്പകൾ നൽകുന്നത് അടക്കമുള്ള സേവനങ്ങൾ നൽകുന്നതിനും സാധ്യമാകും.
ഓഹരി വിഭജനം
മാസഗോൺ ഡോക്സിന്റെ 1:1 ഓഹരി വിഭജനത്തിനായുള്ള റെക്കോർഡ് തീയതി ഡിസംബർ 27 നാണ്. പത്ത് രൂപ മുഖവിലയുള്ള കപ്പൽ നിർമാണ കമ്പനിയുടെ ഓഹരി അഞ്ച് രൂപ മുഖവിലയിലേക്ക് മാറും. ജൂലൈ മാസത്തിൽ 5860 രൂപ വരെ മുന്നേറിയ ഓഹരി ഇന്ന് നാല് ശതമാനത്തോളം മുന്നേറി 4880 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
സ്റ്റാർ സിമന്റ്
അദാനിയുടെ അംബുജ സിമന്റ് സ്റ്റാർ സിമെന്റുമായി ഏറ്റെടുക്കൽ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ട് സ്റ്റാർ സിമെന്റിന് ഇന്ന് മുന്നേറ്റം നൽകി. സ്റ്റാർ സിമന്റ് ഓഹരി 6% നേട്ടത്തിൽ 207 രൂപയിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക