ഈ വർഷം 134% വർധന; ബിറ്റ്കോയിന്റെ വില 1,00,000 ഡോളർ പിന്നിട്ടു
Mail This Article
കൊച്ചി ∙ ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും പ്രചാരമുള്ള ബിറ്റ്‌കോയിന്റെ വില 1,00,000 ഡോളറും പിന്നിട്ടു കുതിപ്പു തുടരുന്നു. 1,02,727 ഡോളറിലെത്തിയിരിക്കുന്ന വില ഏതാനും ആഴ്‌ചയ്‌ക്കകം 1,20,000 ഡോളർ പിന്നിട്ടേക്കുമെന്നാണു ക്രിപ്‌റ്റോ വിപണിയിലെ ഇടപാടുകാർ പ്രകടിപ്പിക്കുന്ന വിശ്വാസം. ബിറ്റ്കോയിന്റെ വിലക്കയറ്റത്തിനൊപ്പം ഡോജികോയിൻ, എഥേറിയം, സൊലാന തുടങ്ങിയ ക്രിപ്റ്റോകൾക്കും പ്രിയം ഏറിയിട്ടുണ്ട്.
ഈ വർഷം 134% വർധന രേഖപ്പെടുത്തിയ ബിറ്റ്‌കോയിൻ വില ഏതാനും ദിവസമായി 94,000 – 96,000 ഡോളർ നിലവാരത്തിൽ മടുപ്പിലായിരുന്നു. പെട്ടെന്നു വിലയെ ഒരു ലക്ഷത്തിനു മുകളിലേക്ക് ഉയർത്തി ജൈത്രയാത്രയുടെ തുടർച്ചയ്‌ക്കു കരുത്തേകിയത് ഇന്ത്യയിലെ സെബിയുടെ യുഎസ് പതിപ്പായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ അധ്യക്ഷ സ്‌ഥാനത്തേക്കു പോൾ ആറ്റ്‌കിൻസിനെ നിയമിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവനയാണ്. ക്രിപ്‌റ്റോ വിപണിയിലെ പല വമ്പന്മാരും ആശ്രയിക്കുന്ന കൺസൽറ്റൻസി സ്‌ഥാപനമായ പാറ്റോമാക് ഗ്ലോബൽ പാർട്‌നേഴ്‌സിന്റെ സ്‌ഥാപകനും ഡിജിറ്റൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻ അധ്യക്ഷനുമാണ് ആറ്റ്‌കിൻസ്.
ട്രംപിനു ക്രിപ്‌റ്റോയോടുള്ള ആഭിമുഖ്യവും ആറ്റ്‌കിൻസ് സ്വീകരിച്ചേക്കാവുന്ന നടപടികളും ഡിജിറ്റൽ കറൻസികൾക്കു പ്രചാരവും പ്രാമുഖ്യവും വർധിപ്പിക്കുമെന്നാണു വിപണിയുടെ പ്രതീക്ഷ. പ്രസിഡന്റ് സ്‌ഥാനത്തേക്കുള്ള ട്രംപിന്റെ വിജയവാർത്ത പുറത്തുവരുമ്പോൾ 69,374 ഡോളർ മാത്രമായിരുന്നു ബിറ്റ്‌കോയിൻ വില.
ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോടികളൊഴുക്കിയ ഇലോൺ മസ്‌ക് അദ്ദേഹത്തിന്റെ ഭരണപങ്കാളിയായി മാറുന്നതോടെ വൈറ്റ് ഹൗസിന്റെ ക്രിപ്‌റ്റോ നയം തന്നെ രൂപപ്പെടുമെന്നും വിപണി കരുതുന്നു. മസ്‌കിനു താൽപര്യമുള്ള ഡോജികോയിന് ഏതാനും ദിവസത്തിനകമുണ്ടായിരിക്കുന്ന വില വർധന 181 ശതമാനമാണ്. ക്രിപ്‌റ്റോ അഡ്വൈസറി കൗൺസിൽ രൂപവൽകരിക്കാനും ക്രിപ്‌റ്റോകളിൽ ധനസ്‌ഥാപനങ്ങൾക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ട്രംപ് – മസ്‌ക് കൂട്ടുകെട്ട് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ട്.
അതിനിടെ, ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ചുമതലയിലുള്ള ട്രൂത്ത് സ്‌പെഷൽ എന്ന സമൂഹ മാധ്യമ കമ്പനി ക്രിപ്‌റ്റോ ട്രേഡിങ് പ്‌ളാറ്റ്‌ഫോമായ ബക്‌റ്റിനെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കം അവസാന ഘട്ടത്തിലാണ്. യുഎസ് ഡോളറിന്റെ അധീശത്വം അവസാനിപ്പിക്കാൻ ബിറ്റ്കോയിനെയും മറ്റും ആശ്രയിക്കണമെന്നാണ് റഷ്യൻ പ്രസിഡന്റ്പുട്ടിന്റെ അഭിപ്രായം.
ഡോളറിനു ബദൽ എന്ന വാഗ്‌ദാനവുമായി ബിറ്റ്‌കോയിൻ അവതരിച്ചതു 15 വർഷം മുൻപാണ്. അന്ന് ഒരു ഡോളർകൊണ്ട് 1300 ബിറ്റ്‌കോയിൻ സ്വന്തമാക്കാമായിരുന്നു. യുവതലമുറയ്‌ക്കു പ്രിയപ്പെട്ട നിക്ഷേപമാർഗമായ ക്രിപ്‌റ്റോകറൻസിക്ക് ഇന്ത്യയിലും ഗണ്യമായ തോതിൽ ഇടപാടുകാരുണ്ട്. മാസം 3000 കോടിയിലേറെ രൂപയുടേതാണ് ഇന്ത്യൻ നിക്ഷേപകരുടെ ക്രിപ്‌റ്റോ ഇടപാടുകൾ.