എഫ്എംസിജി കെണിയിൽ വീണ് ഇന്ത്യൻ വിപണി
Mail This Article
ആർബിഐ പിന്തുണയിൽ കഴിഞ്ഞ ആഴ്ചയിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി എഫ്എംസിജിയിൽ വില്പന സമ്മർദ്ദം വന്നതിനെ തുടർന്ന് മുന്നേറ്റം മറന്നു.
ഇന്ന് 24580 പോയിന്റിലും 24705 പോയിന്റിനും ഇടയിൽ ക്രമപ്പെട്ട നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിൽ 24619 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 500 പോയിന്റുകൾ നഷ്ടത്തിൽ 81508 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടറും എച്ച്ഡിഎഫ്സി ബാങ്കും ഫിനാൻഷ്യൽ സെക്ടറും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകിയപ്പോൾ റിലയൻസും, ഐടിസിയും, ഹിന്ദുസ്ഥാൻ യൂണി ലിവറും, ടാറ്റ മോട്ടോഴ്സും നിഫ്റ്റിയെ പിന്നോട്ട് വലിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് നഷ്ടമൊഴിവാക്കി.
വീണ് എഫ്എംസിജി
ഗോദ്‌റെജ് കൺസ്യൂമറിന്റെ പാദവില്പനക്കണക്കുകൾ മോശമായതിനെ തുടർന്ന് എഫ്എംസിജി സെക്ടർ ഇന്ന് വലിയ വില്പനസമ്മർദ്ദം നേരിട്ടു. ഗോദ്‌റെജ് കൺസ്യൂമർ 8% വീണപ്പോൾ ഹിന്ദ് യൂണി ലിവർ 3%വും, മാരികോ 4%വും, ഐടിസി 1%ൽ കൂടുതൽ നഷ്ടത്തിലുമാണ് ക്ളോസ് ചെയ്തത്.
എഫ്എംസിജി ഓഹരികൾക്ക് പിന്നാലെ ഓട്ടോ ഓഹരികളും വില്പനസമ്മർദ്ദം നേരിട്ടതും ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം നിഷേധിച്ചു. ടാറ്റ മോട്ടോഴ്സ് 2%ൽ കൂടുതല്‍ വീണു.
മുന്നേറി ദല്ലാൾ ഓഹരികൾ
സ്റ്റോക്ക് ബ്രോക്കിങ് ഓഹരിയായ ആദിത്യ ബിർള മണി അപ്പർ സർക്യൂട്ട് നേടിയപ്പോൾ എയ്‌ഞ്ചൽ വണ്ണും മോത്തിലാൽ ഓസ്വാളും ആനന്ദ് രാത്തിയും അടക്കമുള്ള ഓഹരികളും മുന്നേറ്റം നേടി. പുതിയ 45 ഓഹരികൾ കൂടി എഫ്&ഓ സെഗ്‌മെന്റിലേക്ക് വന്നതും, പുതിയ എഫ്&ഓ നിയമങ്ങളും ‘മാർക്കറ്റ്’ ഓഹരികൾക്ക് പിന്തുണ നൽകി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, സിഡിഎസ്എൽ ഓഹരികളും ഇന്ന് മുന്നേറ്റം നേടി. എക്സ്ചേഞ്ച് ഓഹരികളും ദല്ലാൾ ഓഹരികളും ദീർഘകാലനിക്ഷേപങ്ങൾക്ക് ഇനിയും പരിഗണിക്കാം.
പണപ്പെരുപ്പം വ്യാഴാഴ്ച
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വെളിവാക്കുന്ന നവംബറിലെ സിപിഐ ഡേറ്റകൾ വ്യാഴ്ചയാണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ മൊത്ത വിലക്കയറ്റക്കണക്കുകളും ഭക്ഷ്യവിലക്കയറ്റക്കണക്കും വെള്ളിയാഴ്ച പുറത്ത് വരും.
ഒക്ടോബറിലെ വ്യവസായികോല്പാദനകണക്കുകളും, മാനുഫാക്ച്ചറിങ് ഡേറ്റയും വ്യാഴാഴ്ച തന്നെയാണ് പുറത്ത് വരുന്നത്.
അമേരിക്കൻ പണപ്പെരുപ്പം കാത്ത് ലോക വിപണി
അമേരിക്കയുടെ പണപ്പെരുപ്പകണക്കുകൾ വരാനിരിക്കുന്നത് തന്നെയാകും ഈയാഴ്ചയിൽ ഇനി ലോക വിപണിയുടെ ഗതി നിർണയിക്കുക. അമേരിക്കൻ സിപിഐ ഡേറ്റ അടുത്ത ആഴ്ചയിൽ നടക്കുന്ന ഫെഡ് യോഗ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതും പ്രധാനമാണ്. ഫെഡ് നിരക്ക് കുറക്കുന്നത് ഡോളറിന്റെ മൂല്യത്തെയും സ്വാധീനിക്കും.
ചൈനീസ് പണപ്പെരുപ്പം കുറയുന്നു
ചൈനയുടെ റീറ്റെയ്ൽ പണപ്പെരുപ്പം നവംബറിൽ വീണ്ടും 0.20%ലേക്ക് കുറഞ്ഞു. ചൈനീസ് വിപണി ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
കൊറിയൻ വിപണി ഇന്നും 2%ൽ കൂടുതൽ വീഴ്ച രേഖപ്പെടുത്തി. ജിഡിപി കണക്കുകളുടെ പിന്തുണയിൽ ജാപ്പനീസ് വിപണി നേട്ടം കുറിച്ചു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക