കുരുക്കായി അമേരിക്കൻ പണപ്പെരുപ്പം, ഇന്ത്യൻ വിപണി ഇന്നും ഫ്ലാറ്റ്
Mail This Article
ഇന്നും റേഞ്ച് ബൗണ്ട് കെണിയിൽപ്പെട്ട ഇന്ത്യൻ വിപണി വീണ്ടും ഫ്ലാറ്റ് ക്ളോസിങ് തുടർന്നു. അമേരിക്കൻ പണപ്പെരുപ്പകണക്കുകൾ ഇന്ന് വരാനിരിക്കുന്നതും അമേരിക്കൻ ഫെഡ് റിസേർവ് യോഗം അടുത്ത ആഴ്ചയാണെന്നതും ഇന്ത്യൻ വിപണി ചലനങ്ങളെയും സ്വാധീനിക്കുന്നത് തുടരും.
ഫ്ലാറ്റ് തുടക്കം നേടിയ നിഫ്റ്റി 24691 പോയിന്റ് വരെ മുന്നേറിയെങ്കിലും 31 പോയിന്റ് നേട്ടത്തിൽ 24641 പോയിന്റിലാണവസാനിച്ചത്. സെൻസെക്സ് 16 പോയിന്റുകൾ മാത്രം നേട്ടത്തിൽ 81526 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക് നിഫ്റ്റി നഷ്ടത്തിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
ഇന്ത്യൻ പണപ്പെരുപ്പം നാളെ
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന സിപിഐ ഡേറ്റ നാളെയാണ് വരുന്നത്. ഒക്ടോബറിൽ 6.21% വാർഷിക വളർച്ച കുറിച്ച ഇന്ത്യൻ സിപിഐ നവംബറിൽ 5.50% വളർച്ച നേടിയിട്ടുണ്ടാകാമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്ത വിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റവും വെള്ളിയാഴ്ചയും പുറത്ത് വരും.
ഇന്ത്യയുടെ ഒക്ടോബറിലെ വ്യവസായികോല്‍പ്പാദനകണക്കുകളും, മാനുഫാക്ച്ചറിങ് ഡേറ്റയും നാളെയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ വ്യവസായികോല്‍പ്പാദന വളർച്ച സൂചിപ്പിക്കുന്ന ഐഐപി ഡേറ്റ വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.
അമേരിക്കൻ പണപ്പെരുപ്പം ഇന്ന്
ഇന്ന് അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകളും യൂറോപ്യൻ വിപണികളും ഫ്ലാറ്റ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളും ഇന്ന് മിക്സഡ് ക്ളോസിങ് നടത്തി. കൊറിയ മുന്നേറിയപ്പോൾ ചൈനീസ് വിപണി നഷ്ടം കുറിച്ചു.
ഒക്ടോബറിൽ 2.60% വാർഷിക വളർച്ച കുറിച്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം നവംബറിൽ 2.7% വാർഷിക വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. അമേരിക്കൻ പണപ്പെരുപ്പ വളർച്ച വിപണി അനുമാനത്തിലും താഴെയാണെങ്കിൽ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ തുടരുമെന്ന സൂചന നൽകുന്നത് ഓഹരി വിപണിക്ക് അനുകൂലമാണ്.
കേന്ദ്രബാങ്ക് യോഗങ്ങൾ
ഇന്ന് ബാങ്ക് ഓഫ് കാനഡയും, നാളെ സെൻട്രൽ ബാങ്ക് ഓഫ് ബ്രസീലും പുതിയ കേന്ദ്ര ബാങ്ക് നയങ്ങളും, അടിസ്ഥാന പലിശ നിരക്കുകളും പ്രഖ്യാപിക്കുന്നു.
അടുത്ത ആഴ്ചയിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ 2024ലെ അവസാനയോഗം നടക്കുക.
ക്രൂഡ് ഓയിൽ
ചൈനയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളുടെ ആനുകൂല്യത്തിൽ മുന്നേറിയ ക്രൂഡ് ഓയിലിന് അമേരിക്കൻ എണ്ണശേഖരത്തിൽ നേരിയ വർദ്ധനവുണ്ടായത് ലാഭമെടുക്കലിന് വഴിവെച്ചെങ്കിലും ഏഷ്യൻ വിപണി സമയത്ത് 1% നേട്ടമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്.
സ്വർണം
ചൈന വീണ്ടും വാങ്ങൽ ആരംഭിച്ചതും സിറിയ വീണ്ടും പ്രശ്നത്തിലേക്ക് പോകുന്നതും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2740 ഡോളർ വരെ മുന്നേറിയ ശേഷം 2729 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരുന്ന യുഎസ് സിപിഐ കണക്കുകൾ ഡോളറിനൊപ്പം സ്വര്‍ണവിലയേയും വീണ്ടും സ്വാധീനിക്കും.
ഐപിഓ
വിശാൽ മെഗാ മാർട്ട്, മോബി ക്വിക്, സായി ലൈഫ് സയൻസ് എന്നിവയുടെ ഇന്നാരംഭിച്ച ഐപിഓ വെള്ളിയാഴ്ച അവസാനിക്കും.
വിശാൽ മെഗാ മാർട്ട് ഐപിഓ
ജനറൽ മർച്ചന്റ് ഷോപ് ശൃംഖല നടത്തുന്ന വിശാൽ മാർട്ട് 30% വർദ്ധനവോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ മികച്ച ലാഭം കുറിച്ചത് കമ്പനിയുടെ ഐപിഓയെയും ആകർഷകമാക്കുന്നു. കമ്പനിയുടെ ഐപിഓ വില 74-78 നിലവാരത്തിലാണ്. ഗ്രേ മാർക്കറ്റ് വില 25% ഉയർന്നതാണെന്നത് മികച്ച ലിസ്റ്റിങ് സാധ്യത സൂചിപ്പിക്കുന്നു.
എൽജിയും വരുന്നു
കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ എൽജി സെബിക്ക് മുൻപാകെ ഐപിഓ പേപ്പറുകൾ സമർപ്പിച്ചു കഴിഞ്ഞത് ഇന്ത്യൻ ഇലക്ട്രോണിക്സ് മേഖലയ്ക്ക് വഴിത്തിരിവാകും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക