യുദ്ധ ഭീതി, പണപ്പെരുപ്പക്കണക്കുകൾ, മുന്നേറ്റമില്ലാതെ വിപണി
Mail This Article
ഇന്ന് ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും വരാനിരിക്കെ വിപണി ലാഭമെടുക്കലിൽപ്പെട്ട് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ചയിൽ ഫെഡ് നിരക്ക് തീരുമാനങ്ങൾ വരാനിരിക്കുന്നതും, യുദ്ധവ്യാപന ഭീതികളും, ചൈനയുടെ പോളിസി പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.
ചൈനയും, ജപ്പാനും കൊറിയയും അടക്കമുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്നവസാനിക്കുന്ന ചൈനയുടെ സെൻട്രൽ ഇക്കണോമിക് വർക്ക് കോൺഫറൻസ് (സി ഇ ഡബ്ലിയു സി)യുടെ പ്രഖ്യാപനങ്ങൾ പരോക്ഷമായി ഇന്ത്യൻ വിപണിയെയും സ്വാധീനിക്കും.
ഇന്ന് 24675 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി 93 പോയിന്റുകൾ നഷ്ടമാക്കി 24548 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 236 പോയിന്റുകൾ നഷ്ടമാക്കി 81289 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഐടി, മെറ്റൽ സെക്ടറുകളൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു.
റീറ്റെയ്ൽ പണപ്പെരുപ്പം ഇന്ന്
ഇന്ന് വരാനിരിക്കുന്ന ഇന്ത്യൻ സിപിഐ നവംബറിൽ 5.50% വളർച്ച മാത്രം നേടിയിട്ടുണ്ടാകാമെന്നാണ് അനുമാനം. ഒക്ടോബറിൽ റീറ്റെയ്ൽ പണപ്പെരുപ്പം 6.21% വാർഷിക വളർച്ച കുറിച്ചിരുന്നു. ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റവും നാളെയാണ് വരുന്നത്. ഒക്ടോബറിലെ വ്യവസായികോല്പാദനകണക്കുകളും, മാനുഫാക്ച്ചറിങ് ഡേറ്റയും ഇന്ന് തന്നെ പുറത്ത് വരും.
ക്രമപ്പെട്ട് അമേരിക്കൻ പണപ്പെരുപ്പം
അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച സൂചിപ്പിക്കുന്ന സിപിഐയുടെ നവംബറിലെ വാർഷിക വളർച്ച അനുമാനമായ 2.7%ൽ തന്നെ നിന്നത് ഫെഡ് നിരക്ക് കുറയ്ക്കൽ തുടരുമെന്ന ധാരണയ്ക്ക് ശക്തി പകർന്നു. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ അമേരിക്കൻ ടെക്ക് സൂചികയായ നാസ്ഡാക് 1.77% മുന്നേറി ചരിത്രത്തിലാദ്യമായി 20000 പോയിന്റും മറികടന്നു.
ഇന്ന് അമേരിക്കയുടെ മൊത്തവിലക്കയറ്റം സൂചിപ്പിക്കുന്ന പിപിഐ ഡേറ്റയും, കഴിഞ്ഞ ആഴ്ചയിലെ തൊഴിൽനഷ്ടക്കണക്കുകൾ സൂചിപ്പിക്കുന്ന ജോബ് ഡേറ്റയും വരാനിരിക്കുന്നത് പ്രധാനമാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് യോഗം അടുത്ത ആഴ്ചയിൽ
ഇന്ന് യൂറോപ്യൻ കേന്ദ്രബാങ്കായ ഇസിബിയുടെ പുതിയ നിരക്കുകളും നയങ്ങളും ഇന്ന് പ്രഖ്യാപിക്കപ്പെടും. നിരക്ക് കുറയ്ക്കൽ തുടരുന്ന യൂറോപ്യൻ കേന്ദ്രബാങ്കും അടിസ്ഥാന പലിശ നിരക്ക് 3.40%ൽ നിന്നും 3.15%ലേക്ക് കുറച്ചേക്കാമെന്നാണ് അനുമാനം.
അടുത്ത ആഴ്ചയിലാണ് അമേരിക്കൻ ഫെഡ് റിസേർവിന്റെ നയാവലോകനയോഗം നടക്കുക.
വീണ്ടും യുദ്ധക്കെണി
അമേരിക്കൻ നിർമിത മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ തിരിച്ചടിച്ചതിന് റഷ്യയുടെ തിരിച്ചടികളും യുദ്ധവ്യാപനസാധ്യതയും ലോക വിപണിക്ക് ബാധ്യതയേക്കാം.
തായ്‌വാന് ചുറ്റും ചൈനയുടെ സേനവിന്യാസത്തിൽ വന്ന വർദ്ധനയും വിപണിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. ട്രംപ് അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ തായ്‌വാൻ അധിനിവേശം ചൈന പൂർത്തിയാക്കിയേക്കാനുള്ള സാധ്യതയും കൂടുതലാണ്.
പറന്ന് സ്വർണം
അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെട്ടതിനെത്തുടർന്ന് ഫെഡ് നിരക്ക് കുറയക്കൽ തുടരുമെന്ന സാധ്യതയും, യുദ്ധ ഭീഷണികളും ഇന്നലെ സ്വർണത്തിന് വൻ മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2746 ഡോളറിലാണ് തുടരുന്നത്.
മുന്നേറി അലുമിന
അലുമിനിയത്തിന്റെ അടിസ്ഥാന മൂലകമായ അലുമിനയുടെ വിലയിലെ ചാഞ്ചാട്ടം ഇന്ന് നാഷണൽ അലുമിനത്തിന് തിരുത്തൽ നൽകി. കമ്പനി പുതിയ അലുമിന റിഫൈനറി സ്ഥാപിക്കുന്ന സാഹചര്യത്തിൽ അലുമിനയുടെ വില വർദ്ധിച്ചേക്കാവുന്നത് ഓഹരിക്ക് അനുകൂലമാണ്. ഇന്ന് 7% നഷ്ടത്തിൽ 230 രൂപയിലാണ് ഓഹരി ക്ളോസ് ചെയ്തത്.
മുന്നേറി അദാനി ഓഹരികൾ
ഇന്ത്യൻ വിപണി വീഴ്ച കുറിച്ച ഇന്ന് അദാനി ഓഹരികൾ നേട്ടമുണ്ടാക്കിയത് ശ്രദ്ധേയമായി. അദാനി എനർജി സൊല്യൂഷൻ, അദാനി ഗ്രീൻ എനർജി ഓഹരികളാണ് മറ്റ് റിന്യൂവബിൾ എനർജി ഓഹരികൾക്കൊപ്പം ഏറ്റവും നേട്ടമുണ്ടാക്കിയത്
മുന്നേറി വാറീ
കഴിഞ്ഞ മാസത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട വാറീ എനർജി ലിമിറ്റഡ് പുതിയ ഓർഡർ ലഭിച്ചതിനെ തുടർന്ന് ഇന്നും മുന്നേറ്റം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമാതാക്കളായ വാറീ എനർജി ഇത് വരെ 12 ജിഗാ വാട്ട് സോളാർ പാനൽ ഇൻസ്റ്റലേഷൻ നടത്തിക്കഴിഞ്ഞു. ഓഹരി ഇന്ന് 3400 രൂപയും കടന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക