ഫെഡ് യോഗം, രൂപയുടെ വീഴ്ച: വീണ്ടും തകർന്ന് ഇന്ത്യൻ വിപണി
Mail This Article
വ്യാപാരക്കമ്മി വർദ്ധിച്ചതും, ഫെഡ് യോഗം തുടങ്ങുന്നതിന് മുൻപ് ഡോളർ കയറിയതും, ബാങ്കിങ് സെക്ടറിന്റെ വീഴ്ചയും ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. റഷ്യൻ ജനറൽ കൊല്ലപ്പെട്ട വാർത്തയും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടി. ഇന്ത്യ വിക്സ് 3% വർദ്ധിച്ച് 14.49 ലെത്തി.
ആദ്യ മണിക്കൂറിൽ 24624 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി പിന്നീട് 24303 പോയിന്റിൽ പിന്തുണ നേടി 24336 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ആയിരം പോയിന്റിലേറെ വീണ സെൻസെക്സ് 80684 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, ഫിനാൻഷ്യൽ, എനർജി, ഇൻഫ്രാ, ഓട്ടോ, മെറ്റൽ മുതലായ സെക്ടറുകളെല്ലാം ഓരോ ശതമാനത്തിൽ കൂടുതല്‍ നഷ്ടം കുറിച്ചു. നിഫ്റ്റി നെക്സ്റ്റ്-50 1.3% നഷ്ടമാണ് കുറിച്ചത്.
രൂപ വീഴുന്നു
ഡോളർ 85 രൂപയിലേക്ക് കയറിയത് ഇന്ത്യൻ വിപണിക്ക് വീണ്ടും ആശങ്കയാണ്. ഫെഡ് റിസർവ് തീരുമാനങ്ങൾ ഡോളറിന് അനുകൂലമായാൽ ഇന്ത്യൻ വിപണി വീണ്ടും സമ്മർദ്ദം നേരിട്ടേക്കാം. ഡോളർ വീഴുന്നത് ഐടി അടക്കമുള്ള കയറ്റുമതി സെക്ടറുകൾക്ക് നേട്ടമാണ്.
ഇന്ത്യയുടെ മൊത്തവിലക്കയറ്റം വിപണി അനുമാനത്തിൽ താഴെ നിന്നതും, ഭക്ഷ്യ വിലക്കയറ്റവളർച്ച ഒറ്റസംഖ്യയിലേക്കിറങ്ങിയതും റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആർബിഐയെ നിർബന്ധിതമാക്കിയേക്കും. ഇന്ത്യൻ സിപിഐ ഡേറ്റയും നവംബറിൽ അനുമാനത്തിനും താഴെയാണ് വളർച്ച കുറിച്ചത്.
വ്യാപാരകമ്മി വർദ്ധിക്കുന്നു
നവംബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുലുണ്ടായ വീഴ്ചയും ആശങ്കാജനകമാണ്. ഇന്ത്യയുടെ നവംബറിലെ വ്യാപാരക്കമ്മി 3700 കോടി ഡോളറിന്റേതാണ്. ‘ഇറക്കുമതി നിയന്ത്രണം’ രാജ്യപുരോഗതിക്ക് അനിവാര്യമാണ്.
ഇന്ത്യയുടെ ചരക്ക് കയറ്റുമതി 32 ബില്യൺ അമേരിക്കൻ ഡോളർ മാത്രമായി കുറഞ്ഞപ്പോൾ ഇറക്കുമതി 70 ബില്യൺ ഡോളറിലേക്കു വർദ്ധിച്ചു. ഇറക്കുമതി കയറ്റുമതിയുടെ ഇരട്ടിയിലും അധികമാണെന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വീണ്ടും അസ്ഥിരമാക്കിയേക്കാം.
ഫെഡ് നയങ്ങൾ നാളെ
ഇന്നലെ അമേരിക്കയുടെ ടെക്ക് സൂചികയായ നാസ്ഡാക് വീണ്ടും റെക്കോർഡ് ഉയരം താണ്ടി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് തുടരുന്നത്. ഡോളർ മുന്നേറിയതോടെ ഏഷ്യൻ വിപണികളെല്ലാം ഇന്ന് കടുത്ത വില്പന സമ്മർദ്ദം നേരിട്ടു. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്.
അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.4%ലേക്ക് കയറിയത് അമേരിക്കൻ ടെക്ക് സെക്ടറിനും, സ്വർണത്തിനും ക്ഷീണമാണ്.
ഇന്ന് മുതൽ ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് യോഗതീരുമാനങ്ങളെക്കുറിച്ചുള്ള ഊഹങ്ങളും,ശേഷം ഫെഡ് നിരക്കും, ഫെഡ് അംഗങ്ങളുടെയും, ഫെഡ് ചെയർമാന്റെയും പ്രസ്താവനകളും ലോക വിപണിയെ നയിക്കും. നാളെ അമേരിക്കൻ വിപണി സമയത്തിന് ശേഷമാകും ഫെഡ് ചെയർമാന്റെ നയപ്രഖ്യാപനം നടക്കുക.
നാളത്തെ ലിസ്റ്റിങ്ങുകൾ
കഴിഞ്ഞ ആഴ്ചയിൽ ഐപിഓ കഴിഞ്ഞ മോബിക്വിക്, വിശാൽ മെഗാ മാർട്ട്, സായി ലൈഫ് ഓഹരികൾ നാളെ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.
ഇതിൽ മോബിക്വിക് ഐപിഓക്ക് 119 ഇരട്ടി അപേക്ഷകൾ ലഭിച്ചത് ഓഹരിക്ക് പ്രതീക്ഷയാണ്. ഐപിഓയിലൂടെ 265-279 രൂപ നിരക്കിൽ 572 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
വിശാൽ മെഗാമാർട്ട് ഐപിഓക്ക് 27 ഇരട്ടി അപേക്ഷകൾ ലഭിച്ചപ്പോൾ സായി ലൈഫ് സയൻസ് ഐപിഓ 10 ഇരട്ടി അപേക്ഷകളും കരസ്ഥമാക്കി.
മുന്നേറി വളം
വിപണി വില്പനസമ്മർദ്ദത്തിൽ ,കുടുങ്ങിയ ഇന്ന് ഇന്ത്യൻ വളം ഓഹരികൾ മുന്നേറ്റമുണ്ടാക്കി. നാഷണൽ ഫെർട്ടിലൈസർ, ആർസിഎഫ് ഓഹരികൾ സബ്‌സിഡി പ്രതീക്ഷയിൽ മികച്ച മുന്നേറ്റം നടത്തി.
സൊമാറ്റോ സെൻസെക്സിൽ
ഡിസംബർ 23 മുതൽ സൊമാറ്റോ സെൻസെക്സിൽ ഇടംപിടിക്കുന്നത് ഓഹരിയിലേക്ക് 513 ദശലക്ഷം ഡോളർ ഒഴുകുന്നതിന് ഇടയാക്കും. സെൻസെക്സിൽ നിന്നും പുറത്ത് പോകുന്ന ജിൻഡാൽ സ്റ്റീലിൽ നിന്നും 252 ഡോളറിന്റെ ഔട്ട്ഫ്ളോയും പ്രതീക്ഷിക്കുന്നു.
ഐടിസി
ഐടിസിയുടെ ഹോട്ടൽ വ്യവസായത്തെ പ്രത്യേക കമ്പനിയായി രൂപീകരിക്കുന്നതിന്റെ റെക്കോർഡ് തീയതി ജനുവരി ഒന്നായി പ്രഖ്യാപിച്ചത് ഐടിസി ഓഹരിക്ക് അനുകൂലമാണ്. വിഭജനത്തിന് ശേഷം ഐടിസി ഹോട്ടൽസിന്റെ 40% ഓഹരികളും ഐടിസി ലിമിറ്റഡ് കൈയാളും.
മാസഗോൺ ഡോക്സ്
ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതിയിനിലേക്ക് അടുക്കുന്ന അന്തർവാഹിനി നിർമാതാക്കളായ മാസഗോൺ ഡോക്ക്സ് ഓഹരി ഇന്നും മികച്ച മുന്നേറ്റം നടത്തി. ബജറ്റ് അടുക്കുന്നതും, കടരഹിത കമ്പനി എന്ന ഖ്യാതിയും കമ്പനിക്ക് അനുകൂലമാണ്. ഓഹരി 5% മുന്നേറ്റം നേടി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക