വരുമോ സാന്താറാലി ? ഫെഡ് കെണിയിൽ നിന്നും കരകയറ്റം എന്ന്? നോട്ടം ബജറ്റിൽ നേട്ടമുണ്ടാവുന്ന ഓഹരികളിലേക്ക്
Mail This Article
അമേരിക്കൻ കേന്ദ്രബാങ്ക് തീരുമാനങ്ങളും രൂപയുടെ വീഴ്ചയും വ്യാപാരക്കമ്മി വർദ്ധിച്ചതും വിദേശഫണ്ടുകളുടെ വില്പനയും അമേരിക്കൻ ‘ഷട്ട് ഡൗൺ’ ഭീഷണിയും അടക്കമുള്ള ഘടകങ്ങളുടെ സ്വാധീനത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ അഞ്ച് ശതമാനത്തിനടുത്ത് തകർച്ചയാണ് നേരിട്ടത്. കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും വില്പനക്കാരായ വിദേശ ഫണ്ടുകൾ 15824 കോടി രൂപയുടെ അധികവിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത്.
മുൻആഴ്ചയിൽ 24768 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി തുടർച്ചയായി വീണ് ആയിരത്തിലേറെ പോയിന്റുകൾ നഷ്ടമാക്കി വെള്ളിയാഴ്ച 23587 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 82200 പോയിന്റിൽ നിന്നും 78041 പോയിന്റിലേക്കും വീണു.
അവസാനം വരെ പിടിച്ചു നിന്ന ഐടി സെക്ടർ ആക്സ്സഞ്ചറിന്റെ മികച്ച റിസൾട്ടും അവഗണിച്ച് അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം വീണതാണ് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടിയത്. ഫാർമയൊഴികെ സകല സെക്ടറുകളും നഷ്ടം കുറിച്ച കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും പൊതു മേഖല ബാങ്കുകളും, മെറ്റൽ, എനർജി സെക്ടറും 6%ൽ കൂടുതൽ നഷ്ടം കുറിച്ചു.
ജിഎസ്ടി, ആർബിഐ, ബജറ്റ്
ഫെഡ് നയങ്ങളും, വ്യാപാരക്കമ്മിയും, വിദേശ ഫണ്ടുകളുടെ വില്പനയും രൂപയെ വീഴ്ത്തുമ്പോൾ പുതിയ ഗവർണറുടെ കീഴിൽ ആർബിഐ എന്ത് ചെയ്യുമെന്നും വിപണി കാത്തിരിക്കുന്നു. ഡോളർ 85 രൂപയിൽ നിന്നും താഴെയിറങ്ങിയത് ആശ്വാസമാണ്.
ജിഎസ്ടി നിരക്കിളവുകളും ആർബിഐയുടെ തീരുമാനങ്ങളും യൂണിയൻ ബജറ്റ് പ്രഖ്യാപനങ്ങളുമാകും നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക.
ബജറ്റിന് മുൻപ് കൂടുതൽ ജിഎസ്ടി നിരക്ക് ഏകീകരണങ്ങളും വിപണി പ്രതീക്ഷിക്കുന്നു.
വീഴുന്ന വിപണിയിൽ ബജറ്റിൽ നേട്ടമുണ്ടാക്കിയേക്കാവുന്ന സെക്ടറുകളാകും വിപണിയുടെ ശ്രദ്ധ നേടുക.
എഫ് & ഓ ക്ളോസിങ്
വെള്ളിയാഴ്ച അമേരിക്കൻ വിപണിയിൽ വീണ്ടും വാങ്ങൽ വന്നത് സാന്താക്ളോസ് റാലിയുടെ പ്രതീക്ഷ നൽകി. ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് നടക്കുന്ന എഫ്&ഓ ക്ളോസിങിന് മുൻപ് ഇന്ത്യൻ വിപണിയിൽ ഷോർട്ട് കവറിങ് വന്നേക്കാവുന്നതും പ്രതീക്ഷയാണ്.
ഫെഡ് കെണി, ചെലവ് ബില്ല്
ഫെഡ് റിസർവ് അടുത്ത വർഷത്തെ നിരക്ക് മുൻഅനുമാനത്തിൽ നിന്നും പകുതിയായി കുറച്ചതും, ട്രംപിന്റെ ചെലവ് ബില്ല് പാസ്സാകാതെ പോയതും, ട്രംപ് യൂറോപ്പുമായും വ്യാപാരയുദ്ധം പ്രഖ്യാപിച്ചതും കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിയുടെ തകർച്ചക്ക് വഴി വെച്ചു. എന്നാൽ വെള്ളിയാഴ്ച വന്ന പിസിഇ ഡേറ്റ അനുമാനത്തിലും കുറഞ്ഞ വളർച്ച കുറിച്ചത് അമേരിക്കൻ വിപണിയുടെ റിക്കവറിക്കും സഹായിച്ചു.
അമേരിക്കയുടെ അടുത്ത മൂന്ന് മാസത്തേക്കുള്ള ചെലവ് ബില്ല് പാസ്സാകാതെ വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ അമേരിക്ക ‘ചെറിയതോതിൽ ഷട്ട് ഡൗൺ ആരംഭിക്കുമെന്ന ഭീതി വെള്ളിയാഴ്ച അമേരിക്കൻ ഫ്യൂച്ചറുകളെയും, മറ്റ് വിപണികളെയും സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ശനിയാഴ്ചയോടെ അമേരിക്കൻ സെനറ്റ് ‘സ്‌പെൻഡിങ് ബില്ല്’ പാസാക്കിയത് വിപണിക്ക് ആശ്വാസമാണ്.
യൂറോപ്പിന് ട്രംപ് വക കെണി
അമേരിക്കയുടെ യൂറോപ്പുമായുള്ള വ്യാപാരക്കമ്മി നികത്തുന്നതിന് യൂറോപ്പ് അമേരിക്കയിൽ നിന്നും ഗ്യാസും, പെട്രോളും വാങ്ങണമെന്ന നിബന്ധന വച്ചത് വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾക്ക് വീണ്ടും തിരുത്തൽ നൽകി.
ഇന്ത്യയോടും
ഇന്ത്യൻ നികുതികളെക്കുറിച്ച് എതിരഭിപ്രായമുള്ള ഡോണൾഡ് ട്രംപ് വരും മുൻപ് തന്നെ ഇന്ത്യൻ നയങ്ങളെ അമേരിക്ക അനുകൂലമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
അമേരിക്കൻ അംബാസഡറായ എറിക് ഗസർട്ടി ഇന്ത്യയും ബ്രസീലും അമേരിക്കയെ ചാർജ് ചെയ്യുന്ന രീതിയിൽ തന്നെ തിരിച്ചും ചാർജ് ചെയ്യുമെന്നും അതിനാൽ ഇരു പക്ഷവും നിരക്കിളവിന് ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. ഏത് തരത്തിലുള്ള നിരക്കിളവുകളും വിപണിക്ക് അനുകൂലമാണ്.
ലോക വിപണിയിൽ അടുത്ത വാരം
∙അടുത്ത ആഴ്ചയിൽ ക്രിസ്തുമസ് ദിനം ഇന്ത്യൻ വിപണിക്ക് അവധിയാണ്. അമേരിക്കൻ വിപണി രണ്ട് ദിവസവും, യൂറോപ്യൻ വിപണികൾ ക്രിസ്തുമസ് ദിനങ്ങളിലും തുടർന്ന് ബോക്സിങ്ഡേ ദിനത്തിലും അടക്കം മൂന്ന് ദിവസവും അവധിയിലായിരിക്കും.
∙അമേരിക്കൻ ഭവനവില്പനക്കണക്കുകൾ ചെവ്വാഴ്ചയും ജോബ് ഡേറ്റ വ്യാഴാഴ്ചയും വിപണിയെ സ്വാധീനിക്കും.
∙തിങ്കളാഴ്ച ബ്രിട്ടീഷ് സ്പാനിഷ് ജിഡിപി കണക്കുകൾ യൂറോപ്യൻ വിപണികളെ സ്വാധീനിച്ചേക്കാം.
∙ചൈനീസ് ഇൻഡസ്ട്രിയൽ പ്രോഫിറ്റ്, ജാപ്പനീസ് തൊഴിലില്ലായ്മാക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും വെള്ളിയാഴ്ച ഏഷ്യൻ വിപണിയുടെ ആരംഭത്തെയും സ്വാധീനിക്കും.
ഓഹരികളും സെക്ടറുകളും
∙ജിൻഡാൽ സ്റ്റീലിന് പകരമായി സൊമാറ്റോ തിങ്കളാഴ്ച മുതൽ സെൻസെക്സിൽ ഇടംനേടുന്നത് ഓഹരിക്ക് അനുകൂലമാണ്.
∙ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സും, ജിയോ ഫിനാൻഷ്യൽ സർവീസസും, സൊമാറ്റോയും സെൻസെക്സ്-50യില്‍ നാളെ മുതൽ ഇടംപിടിക്കും.
∙അക്‌സഞ്ചറിന്റെ മികച്ച ഒന്നാംപാദ റിസൾട്ട് ഇന്ത്യൻ ഐടി കമ്പനികൾക്കും മുന്നേറ്റ പ്രതീക്ഷയാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ പിന്തുണയിൽ അനുമാനത്തിലും മികച്ച വരുമാന വളർച്ചയാണ് കമ്പനി കുറിച്ചത്.
∙കഴിഞ്ഞ രണ്ട് പാദത്തിലും ഇന്ത്യൻ ഐടി കമ്പനികളുടെ ഓർഡർ ബുക്ക് മോശമായത് അക്സഞ്ചറുമായുള്ള മത്സരത്തിൽ ഇന്ത്യൻ കമ്പനികൾ പിന്നോട്ട് പോയതാണെന്ന സിഎൽഎസ്എയുടെ വീക്ഷണം വെള്ളിയാഴ്ചത്തെ ഇന്ത്യൻ ഐടിയുടെ തകർച്ചക്ക് കാരണമായി.
∙ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ഇന്ത്യൻ ഐടി ഓഹരികൾ മൂന്നാം പാദ റിസൾട്ടുകൾ പ്രഖ്യാപിച്ചു തുടങ്ങും. എച്ച്സിഎൽ ടെക്ക് ജനുവരി 13നും, ഇൻഫോസിസ് ജനുവരി 16നും റിസൾട്ടുകൾ പ്രഖ്യാപിക്കും.
∙ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി ഇളവ് ചെയ്യുന്നത് കൂടുതൽ ചർച്ചക്കായി നീട്ടി വച്ചത് ഇരു സെക്ടറിലെയും ഓഹരികളിൽ വാങ്ങൽ അവസരത്തിന് കാരണമായേക്കാം.
∙ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീൽ ഇറക്കുമതി റെക്കോർഡ് വളർച്ചയും, ഇന്ത്യയിൽ നിന്നുമുള്ള സ്റ്റീൽ കയറ്റുമതിയിൽ ഇടിവും രേഖപ്പെടുത്തിയത് ഇന്ത്യൻ സ്റ്റീൽ ഓഹരികൾക്ക് ക്ഷീണമാണ്.
∙ഇലക്ട്രിക് സ്‌കൂട്ടർ മേഖലയുടെ വേഗത്തിലുള്ള വളർച്ച ഇലക്ട്രിക് ടൂവീലർ ഓഹരികൾക്ക് അനുകൂലമാണ്.
∙ഓലയുടെ ഇലക്ട്രിക് മോട്ടോർ സൈക്കിളിന്റെ ആദ്യവിതരണം ഫെബ്രുവരി 25ന് ചെയ്യും.
∙വാറീ എനർജിയുടെ ടെക്‌സാസ് ഫാക്ടറിയിൽ പരീക്ഷണ ഉത്പാദനം ആരംഭിച്ചത് ഓഹരിക്ക് അനുകൂലമാണ്.
∙ബ്ലൂം എനർജിയിൽ നിന്നും 226 കോടി രൂപയുടെ ഓർഡർ ലഭിച്ചത് എംടാർ ടെകിന് വെള്ളിയാഴ്ച മുന്നേറ്റം നൽകി.
∙ഹ്യുണ്ടായി മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററിക്കായി ഇന്ത്യൻ കമ്പനികളുമായി സഹകരിക്കുന്നത് അമരരാജക്കും എക്സൈഡിനും അനുകൂലമാണ്.
∙സജിലിറ്റിക്ക് ജെഫറീസ് 52 രൂപ ലക്‌ഷ്യം കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്.
ഐപിഓ
ട്രാൻസ്റെയിൽ ലൈറ്റിങ്, സനാതൻ ടെക്‌സ്‌റ്റൈൽസ്, ഡിഎഎം ക്യാപിറ്റൽ അഡ്‌വൈസേഴ്‌സ്, കോൺകോർഡ് എൻവിറോ, മമത മെഷീനറി എന്നീ ഐപിഓകൾ തിങ്കളാഴ്ച അവസാനിക്കും.
സെനോറിസ് ഫാർമസ്യൂട്ടിക്കൽസ്, വെന്റിവ് ഹോസ്പിറ്റാലിറ്റി, കരാറോ ഇന്ത്യ എന്നീ ഐപിഓകൾ ചൊവ്വാഴ്ചയും അവസാനിക്കും.
ഹൈ പ്രെസിഷൻ എഞ്ചിനിയറിങ് ഉത്പന്നങ്ങൾ നിർമിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായ യൂണിമെക്ക് എയ്‌റോസ്പേസിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിക്കും. 90% കൂടുതൽ വരുമാനവും എയ്റോസ്‌പേസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെയാണെന്നത് ഓഹരിക്ക് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
എണ്ണയുടെ ആവശ്യകതയിൽ കുറവ് വന്നേക്കാമെന്ന ഭയവും, ഡോളർ മുന്നേറ്റവും കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ് ഓയിലിനും തിരുത്തൽ നൽകിയിരുന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ 73 ഡോളറിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ച ബേസ് മെറ്റൽ ഓഹരികളും വെള്ളിയാഴ്ച തിരിച്ചു വരവ് നടത്തി നഷ്ടവ്യാപ്തി കുറച്ചിരുന്നു.
സ്വർണം
അടുത്ത വര്‍ഷം ഫെഡ് നിരക്ക് കുറക്കുന്നത് പതിയെയായിരിക്കുമെന്ന ഫെഡ് പ്രഖ്യാപനവും സ്വർണത്തിന് കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. തിരിച്ചു കയറിത്തുടങ്ങിയ സ്വർണം വെള്ളിയാഴ്ച 2645 ഡോളറിലാണ് ക്ളോസ് ചെയ്തത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക